'രേഖകള്‍ സമര്‍പ്പിക്കാതെ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു': കേരളത്തെ വിമർശിച്ച് നിർമല സീതാരാമന്‍
കേന്ദ്രസർക്കാർ സമയത്തിന് പണം നൽകുന്നില്ലെന്ന് കേരളം ആവർത്തിക്കുന്നു. കേരളം കൃത്യസമയത്ത് രേഖകൾ ഹാജരാക്കാറില്ലെന്ന് ധനമന്ത്രി
ഡല്‍ഹി: കേരളത്തെ വിമർശിച്ച് ധനമന്ത്രി നിർമല സീതാരാമൻ. കേന്ദ്രസർക്കാർ സമയത്തിന് പണം നൽകുന്നില്ലെന്ന് കേരളം ആവർത്തിച്ചു പറയുന്നു. കേരളം കൃത്യസമയത്ത് രേഖകൾ ഹാജരാക്കാറില്ലെന്ന് ധനമന്ത്രി ആരോപിച്ചു.
ജി.എസ്.ടി നഷ്ടപരിഹാരം ലഭിക്കാൻ എ.ജി സാക്ഷ്യപ്പെടുത്തിയ രേഖ കേരളം സമർപ്പിക്കാറില്ലെന്ന് ധനമന്ത്രി പറഞ്ഞു. 2017 മുതൽ കേരളം ഇക്കാര്യത്തിൽ വീഴ്ചവരുത്തുകയാണ്. ഒരു വർഷം പോലും രേഖകൾ കൃത്യമായി സമർപ്പിക്കാതെ കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തുകയാണെന്ന് നിര്‍മല സീതാരാമന്‍ വിമര്‍ശിച്ചു.
ജി.എസ്.ടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയാണ് ഇന്ന് പാര്‍ലമെന്‍റില്‍ ഉന്നയിച്ചത്. തുടര്‍ന്ന് മറുപടി നല്‍കുകയായിരുന്നു ധനമന്ത്രി.
അതിനിടെ പ്രധാനമന്ത്രിക്കെതിരായ പരാമർശങ്ങള്‍ സഭാ രേഖകളിൽ നിന്ന് നീക്കിയതിനെതിരെ ഇന്നും പാർലമെന്‍റിൽ പ്രതിപക്ഷ പ്രതിഷേധമുണ്ടായി. സഭാനാഥൻ സർക്കാരിന്റെ സമ്മർദത്തിന് വഴങ്ങുന്നുവെന്ന് മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി. ഖാർഗെ ഉന്നയിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്ന് രാജ്യസഭാ അധ്യക്ഷൻ ജഗ്ദീപ് ധൻഘട്ട് പറഞ്ഞു. പ്രതിഷേധത്തെ തുടർന്ന് രാജ്യസഭ നിർത്തിവെച്ചു.