'പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും'; ബി.ജെ.പിക്ക് മുന്നറിയിപ്പുമായി സഖ്യകക്ഷി നേതാവ്
നിഷാദ് പാര്‍ട്ടിക്ക് നിലവില്‍ യു.പി നിയമസഭയില്‍ ഒരു അംഗം മാത്രമാണുള്ളത്. സഞ്ജയ് നിഷാദിന്റെ മകന്‍ പ്രവീണ്‍ നിഷാദ് സാന്റ് കബീര്‍ നഗറില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമാണ്.
മകനെ മന്ത്രിയാക്കാത്തതിനെ തുടര്‍ന്ന് ബി.ജെ.പിക്ക് മുന്നറിയിപ്പുമായി സഖ്യകക്ഷിനേതാവ്. തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ബി.ജെ.പി പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഉത്തര്‍പ്രദേശിലെ നിഷാദ് പാര്‍ട്ടി നേതാവ് സഞ്ജയ് നിഷാദ് പറഞ്ഞു. അപ്‌നാദള്‍ നേതാവ് സോനെലാലിന്റെ മകള്‍ അനുപ്രിയ പട്ടേലിനെ മന്ത്രിയാക്കാമെങ്കില്‍ തന്റെ മകന്‍ പ്രവീണ്‍ നിഷാദിനെ മന്ത്രിയാക്കുന്നതില്‍ എന്താണ് തടസ്സമെന്ന് സഞ്ജയ് നിഷാദ് ചോദിച്ചു.
അനുപ്രിയ പട്ടേലിന് കേന്ദ്രമന്ത്രിസഭയില്‍ അംഗമാവാമെങ്കില്‍ എന്തുകൊണ്ടാണ് പ്രവീണ്‍ നിഷാദിന് പറ്റാത്തത്? നിഷാദ് സമുദായം ഇപ്പോള്‍ തന്നെ ബി.ജെ.പിയുമായി അത്ര നല്ല ബന്ധത്തിലല്ല. ഇനിയും തെറ്റുകള്‍ മനസിലാക്കി തിരുത്തിയില്ലെങ്കില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അവര്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും. 160 അസംബ്ലി മണ്ഡലങ്ങളില്‍ ഞങ്ങള്‍ക്ക് സ്വാധീനമുണ്ട്. വളരെ കുറച്ച് മണ്ഡലങ്ങളില്‍ മാത്രമാണ് അനുപ്രിയ പട്ടേലിന് സ്വാധീനമുള്ളത്-സഞ്ജയ് നിഷാദ് പറഞ്ഞു.
നിഷാദ് പാര്‍ട്ടിക്ക് നിലവില്‍ യു.പി നിയമസഭയില്‍ ഒരു അംഗം മാത്രമാണുള്ളത്. സഞ്ജയ് നിഷാദിന്റെ മകന്‍ പ്രവീണ്‍ നിഷാദ് സാന്റ് കബീര്‍ നഗറില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമാണ്. നേരത്തെ ഇദ്ദേഹം എസ്.പി സ്ഥാനാര്‍ത്ഥിയായി ഗൊരഖ്പൂര്‍ അസംബ്ലി മണ്ഡലത്തില്‍ നിന്ന് വിജയിച്ചിരുന്നു.