'നിതീഷ് ഫോർമുല'; പ്രതിപക്ഷ സഖ്യത്തിന്റെ നേതൃസ്ഥാനത്തേക്ക് നിർണായക നീക്കവുമായി നിതീഷ് കുമാർ
കോൺഗ്രസിനോടും ബി.ജെ.പിയോടും തുല്യ അകലം പാലിക്കുകയെന്ന നിലപാട് സ്വീകരിച്ച പ്രാദേശിക പാർട്ടികളെ പ്രതിപക്ഷ സഖ്യത്തിലെത്തിക്കാനുള്ള ദൗത്യം നിതീഷ് കുമാർ ഏറ്റെടുത്തിട്ടുണ്ട്.
ന്യൂഡൽഹി: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിരുദ്ധ പ്രതിപക്ഷ സഖ്യത്തിന്റെ ഏകീകരണത്തിനായി നിർണായക നീക്കങ്ങളുമായി ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി(യു) അധ്യക്ഷനുമായ നിതീഷ് കുമാർ രംഗത്ത്. അദാനിക്കെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റി അന്വേഷണം അടക്കമുള്ള വിഷയങ്ങളിൽ എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ നടത്തിയ അഭിപ്രായപ്രകടനങ്ങൾ പ്രതിപക്ഷത്ത് വിള്ളലുണ്ടാക്കിയ സാഹചര്യത്തിലാണ് അപ്രതീക്ഷിത ഇടപെടലുമായി നിതീഷ് രംഗത്തെത്തിയത്. ഇന്നലെ ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലെത്തിയ അദ്ദേഹം രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളുമായി ചർച്ച നടത്തിയിരുന്നു.
കോൺഗ്രസിനോടും ബി.ജെ.പിയോടും തുല്യ അകലം പാലിക്കുകയെന്ന നിലപാട് സ്വീകരിച്ച പ്രാദേശിക പാർട്ടികളെ പ്രതിപക്ഷ സഖ്യത്തിലെത്തിക്കാനുള്ള ദൗത്യം നിതീഷ് കുമാർ ഏറ്റെടുത്തിട്ടുണ്ട്. ഉദ്ധവ് താക്കറെയുടെ ശിവസേന, ശരദ് പവാറിന്റെ എൻ.സി.പി, ജാർഖണ്ഡ് മുക്തി മോർച്ച എന്നീ പാർട്ടികളുമായി കോൺഗ്രസ് തന്നെ ചർച്ച നടത്തും.
പുതിയ ദൗത്യത്തിന്റെ ഭാഗമായി ഇന്നലെ രാത്രി തന്നെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളുമായി നിതീഷ് കുമാർ ചർച്ച നടത്തി. താൻ പൂർണമായും നിതീഷിനൊപ്പമാണെന്നും ബി.ജെ.പിയെ അധികാരത്തിൽനിന്ന് താഴെയിറക്കാൻ പ്രതിപക്ഷ പാർട്ടികളും രാജ്യവും ഒരുമിച്ച് നിൽക്കേണ്ടത് അനിവാര്യമാണെന്ന് കെജരിവാൾ പറഞ്ഞു.
കോൺഗ്രസുമായി സഖ്യത്തിന് താൽപര്യമില്ലെന്ന് അറിയിച്ച മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ്, ചന്ദ്രശേഖർ റാവുവിന്റെ ഭാരത് രാഷ്ട്ര സമിതി എന്നീ പാർട്ടികളുമായി നിതീഷ് കുമാർ ചർച്ച നടത്തും. പുതിയ സഖ്യ ചർച്ചകളെ നിതീഷ് ഫോർമുല എന്നാണ് ജെ.ഡി (യു) നേതൃത്വം വിശേഷിപ്പിക്കുന്നത്.
2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എല്ലാ മണ്ഡലത്തിലും ബി.ജെ.പിയുടെ സ്ഥാനാർഥിക്കെതിരെ പ്രതിക്ഷത്തിന്റെ പൊതു സ്ഥാനാർഥിയായി ഒരാളെ മാത്രം മത്സരിപ്പിക്കണം. എങ്കിൽ മാത്രമേ മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയൂ എന്ന് മുതിർന്ന ജെ.ഡി (യു) നേതാവ് കെ.സി ത്യാഗി പറഞ്ഞു. ഇതൊരു പുതിയ ഫോർമുല അല്ല. 1977ലും 1989ലും ഇത് വിജയം കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവുമായി ചർച്ച നടത്താൻ ബിഹാർ ഉപമുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ തേജസ്വി യാദവിനെയാണ് ചുമതലപ്പെടുത്തിയത്. ഡൽഹിയിലെത്തിയാൽ നിതീഷ് കുമാറുമായി കൂടിക്കാഴ്ച നടത്തുമെന്ന് എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ പറഞ്ഞു.
ബി.ജെ.പിയെ തോൽപ്പിക്കാൻ പ്രതിപക്ഷ പാർട്ടികളുമായി ചേർന്നു പ്രവർത്തിക്കാൻ തയ്യാറാണെന്ന് ഇടത് പാർട്ടികളും വ്യക്തമാക്കിയിട്ടുണ്ട്. ജനാധിപത്യ മതേതര പാർട്ടികളെ ഒരുമിപ്പിക്കാൻ നിതീഷ് കുമാർ ചില നീക്കങ്ങൾ നടത്തുന്നുണ്ട്. രാജ്യം അപകടകരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഭരണഘടനയും ജനാധിപത്യവും വലിയ വെല്ലുവിളി നേരിടുകയാണ്. ഈ സമയത്ത് ബി.ജെ.പിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച് നിൽക്കേണ്ടത് അനിവാര്യമാണെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ പറഞ്ഞു.