ബിഹാറിൽ എൻ.ഡി.എ സഖ്യം വീഴുന്നു; നിതീഷ് കുമാർ ഇന്ന് ഗവർണറെ കാണും
ഗവര്‍ണറുമായി നിതീഷ് കുമാറിന്‍റെ കൂടിക്കാഴ്ച വൈകീട്ട്
പാട്‌ന: ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാർ രാജിക്കൊരുങ്ങുന്നതായി റിപ്പോർട്ട്. ജെ.ഡി.യു എൻ.ഡി.എ സർക്കാരിൽ തുടരുന്നതിൽ ഉടൻ തീരുമാനമുണ്ടാകും. എൻ.ഡി.എ വിട്ടാൽ പിന്തുണയ്ക്കുമെന്ന് കോൺഗ്രസ് അറിയിച്ചിട്ടുണ്ട്.
മുന്നണി വിടുന്നതടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനായി ഇന്ന് പാർട്ടിയുടെ ഉന്നതതല നേതൃയോഗം വിളിച്ചിരുന്നു. എം.പിമാർ, എം.എൽ.എർ അടക്കമുള്ള പ്രമുഖർ യോഗത്തിൽ സംബന്ധിച്ചിട്ടുണ്ട്. സ്‌ഫോടനാത്മകമായ വാർത്ത ഉടൻ പുറത്തുവരുമെന്നാണ് യോഗത്തിനുശേഷം ഒരു നേതാവ് ദേശീയമാധ്യമമായ 'എൻ.ഡി.ടി.വി'യോട് പറഞ്ഞത്. ബിഹാറിൽ നിലവിലെ സ്ഥിതിയിൽ സർക്കാരിനു മുന്നോട്ടുപോകാനാകില്ലെന്ന് ഒരു ബി.ജെ.പി നേതാവും വ്യക്തമാക്കിയിട്ടുണ്ട്.
കോൺഗ്രസിനു പുറമെ രാഷ്ട്രീയ ജനതാദൾ(ആർ.ജെ.ഡി) നേതൃത്വവും നിതീഷിനെ പിന്തുണച്ചേക്കുമെന്ന് റിപ്പോർട്ടുണ്ട്. എൻ.ഡി.എ വിട്ടു പുറത്തുവന്നാൽ പിന്തുണയ്ക്കാൻ തയാറാണെന്ന കാര്യം ആർ.ജെ.ഡി തലവൻ തേജസ്വി യാദവുമായി അടുത്ത ബന്ധമുള്ള നേതാക്കൾ നിതീഷിനെ അറിയിച്ചതായാണ് വിവരം. നിലവിൽ ബിഹാർ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാണ് ആർ.ജെ.ഡി.
243 അംഗ സഭയിൽ എൻ.ഡി.എ മുന്നണിക്ക് 125 സീറ്റാണുള്ളത്. ബി.ജെ.പി-53, ജെ.ഡി.യു-43. അതേസമയം, ആർ.ജെ.ഡിയുവിന്റെ 79 അടക്കം മഹാസഖ്യത്തിന് 110 സീറ്റുമുണ്ട്. കോൺഗ്രസിന് 27ഉം സി.പി.ഐ.എം.എല്ലിന് 12ഉം അംഗങ്ങളുണ്ട്.
ജെ.ഡി.യുവിനെ പിളര്‍ത്താന്‍ അമിത് ഷായുടെ ചരുവലി; നിതീഷിന് ആശങ്ക
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള അഭിപ്രായ ഭിന്നതകളാണ് കടുത്ത നടപടിയിലേക്ക് നിതീഷിനെ നയിച്ചതെന്നാണ് വിവരം. അമിത് ഷാ ജെ.ഡി.യുവിനെ പിളർത്താൻ നിരന്തരം ശ്രമിക്കുന്നതായി നിതീഷിന് ആശങ്കയുണ്ട്. നേരത്തെ നിതി ആയോഗുമായി ബന്ധപ്പെട്ട വിഷയങ്ങളിലും നിതീഷ് പരസ്യമായി എതിർപ്പ് അറിയിച്ചിരുന്നു.
മുൻ പാർട്ടി നേതാവായ ആർ.സി.പി സിങ്ങാണ് അമിത് ഷായ്ക്കു വേണ്ടി ചരടുവലിക്കുന്നതെന്നാണ് നിതീഷ് കുമാർ ആരോപിക്കുന്നത്. പാർട്ടി നേതൃത്വം കടുത്ത അഴിമതി ആരോപണങ്ങൾ ഉന്നയിച്ചതിനു പിന്നാലെ കഴിഞ്ഞയാഴ്ചയാണ് ആർ.സി.പി സിങ് ജെ.ഡി.യു വിട്ടത്.
2017ൽ ജെ.ഡി.യു പ്രതിനിധിയായി ആർ.സി.പി സിങ്ങിന് കേന്ദ്രമന്ത്രി സ്ഥാനം ലഭിച്ചിരുന്നു. ഒരു മന്ത്രി മാത്രമാണ് ജെ.ഡി.യുവിന് ലഭിച്ചത്. ഇതിൽ നിതീഷ് നേരത്തെ തന്നെ അമർഷം രേഖപ്പെടുത്തിയിട്ടുണ്ട്. അമിത് ഷായ്ക്ക് തന്നോടു മാത്രമേ താൽപര്യമുള്ളൂവെന്ന കാര്യം ആർ.സി.പി നിതീഷിനോട് അവകാശപ്പെട്ടിരുന്നതായും ഒരു നേതാവ് വെളിപ്പെടുത്തി.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന നിതി ആയോഗ് യോഗത്തിൽ നിതീഷ് പങ്കെടുത്തിരുന്നില്ല. നേരത്തെ, കാലാവധി തീർന്ന വെങ്കയ്യ നായിഡുവിന് പ്രധാനമന്ത്രി ഒരുക്കിയ വിരുങ്ങിലും രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല.
ഇന്നലെയാണ് പുതിയ നീക്കത്തെക്കുറിച്ചുള്ള സൂചനകൾ പുറത്തുവന്നത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇന്നലെ നിതീഷ് ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. നേരിൽകാണാൻ സമയം തേടുകയും ചെയ്തിട്ടുണ്ട്.
Summary: Nitish Kumar seeks time to meet Bihar Governor at 12:30 pm as amid rift with BJP