ജാതി സെൻസസ്; നിതീഷ് കുമാർ ബിഹാറിന് പുറത്തേക്ക് യാത്ര ചെയ്യാൻ ജെഡിയുവിൽ നിർദേശം
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ന്യായ് യാത്ര ആരംഭിക്കുന്നതിനു മുൻപ് യാത്ര തുടങ്ങണമെന്നാണ് ആവശ്യം.
പട്ന: ജാതി സെൻസസ് ഉയർത്തി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ യാത്ര ചെയ്യണമെന്ന് ജെഡിയുവിൽ നിർദേശം. ഡൽഹിയിൽ ചേർന്ന ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലാണ് ഈ ആവശ്യം ഉയർന്നത്. നിതീഷ് കുമാറിനെ ദേശീയ അധ്യക്ഷനായി തീരുമാനിച്ച യോഗത്തിലാണ്, ബിഹാറിന് പുറത്തേക്കു യാത്ര ചെയ്യാൻ നിർദേശമുയർന്നത്.
ജാർഖണ്ഡിൽ നിന്നും പട്നയിലേക്ക് യാത്ര ചെയ്യുന്നതിനെകുറിച്ചാണ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ആലോചിക്കുന്നത്. യാത്രയ്ക്ക് ജൻ ജാഗരൺ യാത്ര എന്ന പേരിനാണ് മുൻ തൂക്കം. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ന്യായ് യാത്ര ആരംഭിക്കുന്നതിനു മുൻപ് യാത്ര തുടങ്ങണമെന്നാണ് ആവശ്യം.
ഇക്കാര്യത്തിൽ അന്തിമ തീരുമാനം ദേശീയ അധ്യക്ഷൻ കൂടിയായ നിതീഷിന്റേത് തന്നെയാണ്. ഇൻഡ്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി നിതീഷിന്റെ പേര് ഉയരുമെന്നാണ് ജെഡിയു വിശ്വസിച്ചിരുന്നത്. പ്രതിപക്ഷ കൂട്ടായ്മ സാക്ഷാത്കരിക്കാനായി മുൻകൈ എടുത്തതും ആദ്യ യോഗം വിളിച്ചു ചേർത്തതും നിതീഷ് ആണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പിൽ ബിഹാറിലെ 40 ലോക്സഭാ സീറ്റിൽ 39 എണ്ണവും നേടിയത് ജെഡിയു- ബിജെപി സഖ്യമായിരുന്നു.
ജാതി സർവേ നടത്തി പുതിയ തെരെഞ്ഞെടുപ്പ് ആയുധം ഇൻഡ്യ മുന്നണിക്ക് സമ്മാനിച്ചതും ജനസംഖ്യാനുപാതികമായി സംവരണം ഏർപ്പെടുത്തിയതും ഉയർത്തിക്കാട്ടിയുള്ള പ്രചരണം സ്വന്തം നിലയ്ക്ക് ചെയ്യാമെന്നാണ് ജെഡിയുവിന്റെ കണക്ക് കൂട്ടൽ. ബിഹാറിന് പുറമെ ജാർഖണ്ഡിലും ഉത്തർപ്രദേശിലും കൂടുതൽ സീറ്റിൽ മത്സരിക്കാനാണ് ജെഡിയു തയാറെടുക്കുന്നത്.