ചാടിച്ചാടി നിതീഷ്; ആ ചാട്ടക്കഥ ഇങ്ങനെ...
1994ൽ തുടങ്ങി 2024 വരെ 9 തവണയാണ് നിതീഷ് പാർട്ടിയും മുന്നണിയും മാറിക്കളിച്ചത്
'ചാട്ടക്കഥ' പുതുമയേ അല്ല ബിഹാർ മുൻ മുഖ്യമന്ത്രി നിതീഷ് കുമാറിന്. ആർജെഡിയിൽ നിന്ന് എൻഡിഎയിലേക്കും അവിടെ നിന്ന് തിരിച്ചും വീണ്ടും എൻഡിഎയിലേക്കുമൊക്കെ തന്നെയും പിന്നെയും ചാടിച്ചാടി തന്നെയായിരുന്നു ഇക്കാലമത്രയും നിതീഷിന്റെ രാഷ്ട്രീയ ജീവിതം. 1994ൽ തുടങ്ങി ഇപ്പോഴിതാ ഇന്നു വരെ 9 തവണയാണ് നിതീഷ് പാർട്ടിയും മുന്നണിയും മാറിക്കളിച്ചത്.
1994ൽ ലാലുപ്രസാദ് യാദവുമായി ഉടക്കി സമതാപാർട്ടി രൂപീകരിച്ചു കൊണ്ടാണ് നിതീഷ് തന്റെ 'ചാട്ടക്കഥ'യ്ക്ക് തുടക്കം കുറിക്കുന്നത്. അന്ന് ജോർജ് ഫെർണാണ്ടീസിനൊപ്പമായിരുന്നു അദ്ദേഹത്തിന്റെ കൂട്ടുകെട്ട്.
അതിനു ശേഷം 1996ൽ എൻഡിഎ കൂട്ടുകെട്ടിലൂടെ വാജ്‌പേയി സർക്കാരിൽ ക്യാബിനറ്റ് മന്ത്രിയായി. പിന്നീട് 2000ൽ നിതീഷ് ബിഹാർ മുഖ്യമന്ത്രി പദത്തിലെത്തി. ശേഷം 2003ൽ ശരദ് യാദവിന്റെ ജനതാദളുമായി സമതാ പാർട്ടി ലയിച്ചു. പിന്നീട് 2010ൽ എൻഡിഎയ്‌ക്കൊപ്പം നിന്ന് വീണ്ടും നിതീഷ് ബിഹാറിന്റെ മുഖ്യമന്ത്രിയായി. എന്നാൽ 2013ൽ എൻഡിഎ സഖ്യം ഉപേക്ഷിച്ച് നിതീഷ് കോൺഗ്രസിനൊപ്പം ചേർന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്രമോദിയെത്തുന്നു എന്ന ചർച്ചകൾ സജീവമായ കാലഘട്ടവും.. മോദിയുടെ നിശിത വിമർശകനായിരുന്നു നിതീഷ്. മോദി പ്രധാനമന്ത്രിയാകുന്നത് ഉൾക്കൊള്ളാനാവാതെയാണ് നിതീഷ് കോൺഗ്രസിനൊപ്പം ചേരുന്നത്.
പിന്നീട് 2015ൽ കടുത്ത എതിരാളിയായ ലാലുപ്രസാദ് യാദവിനൊപ്പം ചേർന്ന് ആർജെഡിയുമായി സഖ്യം രൂപീകരിച്ചു. കോൺഗ്രസ്, ഇടതു പാർട്ടികളൊക്കെ ഈ മഹാസഖ്യത്തിന്റെ ഭാഗമായിരുന്നു. സഖ്യം ബിഹാറിൽ അധികാരവും പിടിച്ചെടുത്തു. നിതീഷ് മുഖ്യമന്ത്രിയും തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയുമായി. എന്നാൽ ഈ സഖ്യം അധികകാലം നീണ്ടില്ല. തേജസ്വി യാദവിനെതിരെ അഴിമതിയാരോപണങ്ങൾ ഉയർന്നതോടെ നിതീഷ് രാജി ആവശ്യപ്പെട്ടു. എന്നാൽ തേജസ്വിന്റെ രാജി നൽകാൻ ആർജെഡി ഒരു ഘട്ടത്തിലും തയ്യാറായിരുന്നില്ല. ഇത് വലിയ തിരിച്ചടിയായതോടെ നിതീഷ് സഖ്യം വിട്ടു. പിന്നീട് 2017ൽ വീണ്ടും എൻഡിഎയിൽ. തുടർന്ന് 2020ൽ മുഖ്യമന്ത്രിയുമായി.
എന്നാൽ ഇതിനോടകം തന്നെ നിതീഷിന്റെ വിശ്വാസ്യത വലിയ രീതിയിൽ ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞിരുന്നു. മുന്നണികൾ മാറി മാറി നടന്നിരുന്നതിനാൽ നിതീഷിൽ പൂർണമായും വിശ്വാസം അർപ്പിക്കാൻ ബിജെപിയും തയ്യാറായിരുന്നില്ല. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി പദത്തിൽ നിതീഷ് ആയിരുന്നെങ്കിലും ചരടുവലി നടത്തിയിരുന്നത് ബിജെപി തന്നെയായിരുന്നു. ബിജെപിയുടെ പാവയായി തുടരാൻ കഴിയില്ലെന്ന് വ്യക്തമായതോടെ നിതീഷിന്റെ അടുത്ത ചാട്ടം തിരിച്ച് ആർജെഡിയിലേക്ക്... 2022ൽ കോൺഗ്രസ്, ആർജെഡി എന്നിവരുമായി മഹാസഖ്യം സഖ്യം രൂപീകരിച്ച് വീണ്ടും മുഖ്യമന്ത്രി പദത്തിലെത്തി. പിന്നീടിപ്പോഴിതാ തിരിച്ച് വീണ്ടും എൻഡിഎയിലേക്ക്.
ഇൻഡ്യാ സഖ്യത്തെ കുറ്റപ്പെടുത്തിയാണ് നിതീഷ് മറുകണ്ടം ചാടുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. സഖ്യത്തിലെ ആരും ജോലി ചെയ്യുന്നില്ലെന്നും എല്ലാവർക്കും സഖ്യമുണ്ടാക്കുന്നതിൽ മാത്രമാണ് ശ്രദ്ധയെന്നുമാണ് നിതീഷിന്റെ വാദം
ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെപി നഡ്ഡ എന്നിവർ ഇന്ന് ബിഹാറിൽ എത്തുന്നുണ്ട്. ഇവരുടെ സാന്നിധ്യത്തിൽ എൻഡിഎ മുന്നണിയുടെ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം.