ആംബുലൻസില്ല, മഹാരാഷ്ട്രയിൽ പനി ബാധിച്ചു മരിച്ച മക്കളുടെ മൃതദേഹം ചുമന്ന് മാതാപിതാക്കൾ
മഹാരാഷ്ട്രയിലെ ഗഡ്ചിരോലി ജില്ലയിലെ അഹേരിയിലാണ് സംഭവം.
ഗഡ്ചിരോലി (മഹാരാഷ്ട്ര): പനി ബാധിച്ചു മരിച്ച മക്കളുടെ മൃതദേഹം വീട്ടിലെത്തിക്കാൻ ആംബുലൻസ് കിട്ടാത്തതിനാൽ കിലോമീറ്റുകളോളം ചുമലിലെടുത്ത് മാതാപിതാക്കൾ. മഹാരാഷ്ട്രയിലെ ഗഡ്ചിരോലി ജില്ലയിലെ അഹേരിയിലാണ് സംഭവം. ആശുപത്രിയിൽനിന്ന് 15 കിലോമീറ്ററോളം മൃതദേഹങ്ങൾ ചുമന്നാണ് വീട്ടിലെത്തിച്ചത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് ചുമതലയുള്ള ജില്ലയാണ് ഗഡ്ചിരോലി.
പനി ബാധിച്ച കുട്ടികൾക്ക് വിദഗ്ധ ചികിത്സ ലഭിക്കാത്തതിനെ തുടർന്നാണ് ആരോഗ്യനില വഷളായത്. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ച രണ്ടുപേരും 10 വയസിൽ താഴെയുള്ളവരാണ്. മക്കളുടെ മൃതദേഹങ്ങൾ ചുമന്ന് നടക്കുന്ന രണ്ടുപേരുടെ വിഡിയോ മഹാരാഷ്ട്ര പ്രതിപക്ഷനേതാവ് വിജയ് വഡേട്ടിവാർ ആണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
दोन्ही लेकरांचे ‘मृतदेह’ खांद्यावर घेऊन चिखलातून वाट शोधत पुढे जात असलेले हे दाम्पत्य गडचिरोली जिल्ह्यातील अहेरी तालुक्यातील आहे.
— Vijay Wadettiwar (@VijayWadettiwar) September 5, 2024
आजोळी आलेल्या दोन भावंडांना ताप आला. वेळेत उपचार मिळाले नाही. दोन तासांतच दोघांचीही प्रकृती खालावली व दीड तासांच्या अंतराने दोघांनीही अखेरचा श्वास… pic.twitter.com/ekQBQHXeGu
ഗഡ്ചിരോലി ജില്ലയിൽ ആരോഗ്യമേഖല എത്രത്തോളം പ്രതിസന്ധി നിറഞ്ഞതാണെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവമെന്ന് വഡേട്ടിവാർ പറഞ്ഞു. ദേവേന്ദ്ര ഫഡ്‌നാവിസിന് ചുമതലയുള്ള ജില്ലയാണിത്. അജിത് പവാർ പക്ഷ എൻസിപി നേതാവായ ധർമ റാവു ബാബ ആത്രം ആണ് അഹേരി എംഎൽഎ. വലിയ മാമാങ്കങ്ങൾ നടത്തി ഓരോ ദിവസവും മഹാരാഷ്ട്രയെ വികസിപ്പിക്കുകയാണ് എന്നാണ് ഇരുവരും പറയുന്നത്. എന്നാൽ താഴേതട്ടിലിറങ്ങി ജനങ്ങൾ എങ്ങനെ ജീവിക്കുന്നുവെന്ന് പഠിക്കുകയാണ് അവർ ചെയ്യേണ്ടതെന്നും വഡേട്ടിവാർ പറഞ്ഞു.