കോൺഗ്രസിന് ആശ്വാസം; തെരഞ്ഞെടുപ്പിന് മുൻപ് 3,500കോടി രൂപയുടെ നോട്ടീസിൽ നടപടിയുണ്ടാകില്ലെന്ന് കേന്ദ്രം
ആദായനികുതി വകുപ്പ് നോട്ടീസ് ചോദ്യം ചെയ്ത് കോൺഗ്രസ് സുപ്രിംകോടതിയില്‍ സമർപ്പിച്ച ഹരജിയിലാണ് കേന്ദ്രത്തിന്‍റെ മറുപടി
Update: 2024-04-01 07:29 GMT
ന്യൂഡല്‍ഹി: ആദായനികുതി വകുപ്പ് നോട്ടീസിനെതിരായ ഹരജിയിൽ കോൺഗ്രസിന് ആശ്വാസം. തെരഞ്ഞെടുപ്പ് കഴിയും വരെ കോൺഗ്രസിൽ നിന്ന് 3,500 കോടിയുടെ നോട്ടീസിൽ ആദായനികുതി കുടിശ്ശിക പിടിക്കില്ലെന്ന് കേന്ദ്രം അറിയിച്ചു. ആദായനികുതി വകുപ്പ് നോട്ടീസ് ചോദ്യം ചെയ്ത് കോൺഗ്രസ് സുപ്രിംകോടതിയില്‍ സമർപ്പിച്ച ഹരജിയിലാണ് കേന്ദ്രത്തിന്‍റെ മറുപടി.
കഴിഞ്ഞ ദിവസവും കോൺഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ് അയച്ചിരുന്നു. 2020-21 , 2021-22 വർഷങ്ങളിലെ പിഴയും പലിശയും അടയ്ക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. നേരത്തെ നാല് നോട്ടീസുകൾ കോൺഗ്രസിന് ആദായ നികുതി വകുപ്പ് അയച്ചിരുന്നു. 1,700 കോടി രൂപ അടക്കണമെന്നാവശ്യപ്പെട്ട് നേരത്തെ കോണ്‍ഗ്രസിന് ആദായനികുതി നോട്ടീസ് അയച്ചിരുന്നു. രേഖകളുടെ പിൻബലമില്ലാത്ത നോട്ടീസാണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.