'ചിരിച്ചുകൊണ്ടു പറഞ്ഞാൽ കുറ്റകൃത്യമാകില്ല'- വിദ്വേഷ പ്രസംഗക്കേസില്‍ ഡൽഹി ഹൈക്കോടതി

ഡൽഹി കലാപവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിനും പാർലമെന്റ് അംഗം പർവേഷ് വർമയ്ക്കുമെതിരെ വിദ്വേഷ പ്രസംഗത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നേതാവ് ബൃന്ദ കാരാട്ട് സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി

Update: 2022-03-26 11:48 GMT
Editor : Shaheer | By : Web Desk
Advertising

ചിരിച്ചുകൊണ്ട് നടത്തുന്ന പ്രസംഗം കുറ്റകൃത്യമാകില്ലെന്ന് ഡൽഹി ഹൈക്കോടതി. ആക്രമണസ്വരത്തിലുള്ള സംസാരമാണെങ്കിലേ കുറ്റമായി കണക്കാക്കാനാകൂവെന്നും ജസ്റ്റിസ് ചന്ദ്രധാരി സിങ് പറഞ്ഞു. ഡൽഹി കലാപവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിനും പാർലമെന്റ് അംഗം പർവേഷ് വർമയ്ക്കുമെതിരെ വിദ്വേഷ പ്രസംഗത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നേതാവ് ബൃന്ദ കാരാട്ട് സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

തെരഞ്ഞെടുപ്പ് കാലത്ത് നടത്തുന്ന പ്രസംഗം പോലെയല്ല സാധാരണ സമയത്തുള്ള പ്രസംഗമെന്നും ചിലപ്പോൾ മറ്റ് താൽപര്യമൊന്നുമില്ലാതെ ഒരു ഓളം സൃഷ്ടിക്കാൻ പലതും പറയുമെന്നും കോടതി നിരീക്ഷിച്ചു. ''അത് തെരഞ്ഞെടുപ്പ് പ്രസംഗങ്ങളായിരുന്നോ? അതോ സാധാരണ പ്രസംഗമോ? തെരഞ്ഞെടുപ്പ് പ്രസംഗമാണെങ്കിൽ വേറെ കാര്യമാണ്. അല്ലെങ്കിൽ ഒരു സാധാരണ സാഹചര്യത്തിലുള്ള പ്രസംഗമാണെങ്കിൽ എന്തിനെങ്കിലുമുള്ള പ്രേരണയാകുമത്. രാഷ്ട്രീയ പ്രസംഗത്തിൽ രാഷ്ട്രീയക്കാർ തമ്മിൽ പലതും പറയും. അത് തെറ്റാണെങ്കിലും കുറ്റകൃത്യമാണോയെന്ന കാര്യം നോക്കേണ്ടതുണ്ട്...'' ജസ്റ്റിസ് ചന്ദ്രധാരി വ്യക്തമാക്കി.

നിങ്ങൾ ചിരിച്ചുകൊണ്ടാണ് സംസാരിക്കുന്നതെങ്കിൽ അതിലൊരു കുറ്റകൃത്യമില്ല. എന്നാൽ, ആക്രമണസ്വരത്തിലാണ് പ്രസംഗമെങ്കിൽ അത് കുറ്റകൃത്യവുമാണ്. അല്ലെങ്കിൽ തെരഞ്ഞെടുപ്പ് കാലത്തെ പ്രസംഗങ്ങളുടെ പേരിൽ എല്ലാ രാഷ്ട്രീയക്കാർക്കുമെതിരെ ആയിരം എഫ്.ഐ.ആർ ഇടേണ്ടതായിട്ടുണ്ടാകും. നമ്മളെല്ലാവരും ജനാധിപത്യ രാജ്യത്തായതുകൊണ്ടു തന്നെ നിങ്ങൾക്ക് പ്രസംഗിക്കാനും ഇതിനെല്ലാമുള്ള അവകാശമുണ്ട്-കോടതി ചൂണ്ടിക്കാട്ടി.

ഡൽഹിയിലെ ഷാഹിൻബാഗിൽ നടന്ന പൗരത്വ ഭേദഗതി വിരുദ്ധ സമരത്തിനെതിരെ നടത്തിയ വിദ്വേഷ പ്രസംഗത്തിൽ വിചാരണകോടതിയുടെ വിധി ചോദ്യം ചെയ്തുകൊണ്ടായിരുന്നു ബൃന്ദ കാരാട്ട് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. ഹരജിയിൽ വിധി പറയുന്നത് കോടതി മാറ്റിയിരിക്കുകയാണ്.

Summary: No criminality if said with smile, Says Delhi High Court over case on BJP leaders, Union Minister Anurag Thakur and MP Parvesh Verma in Delhi Hate speech

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News