നീറ്റിന്റെ ചോദ്യപേപ്പർ ചോർന്നതിന് തെളിവില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

നീറ്റിൽ ഏതെങ്കിലും തരത്തിലുള്ള അഴിമതിയുടെയോ ചോദ്യപേപ്പർ ചോർച്ചയുടെയോ വ്യക്തമായ തെളിവുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും മന്ത്രി

Update: 2024-06-13 15:59 GMT
Advertising

ന്യൂഡൽഹി: നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിന് തെളിവില്ലെന്നും പ്രചരിക്കുന്നത് നുണയെന്നും കേ​​ന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. നീറ്റ് എക്സാമിന്റെ ചോദ്യപേപ്പർ ചോർന്നുവെന്ന പ്രതിപക്ഷത്തിന്റെയടക്കമുള്ള പ്രചരണത്തെയും മന്ത്രി തള്ളി.

നീറ്റ് പരീക്ഷയിൽ ഏതെങ്കിലും തരത്തിലുള്ള കൃത്രിമത്വത്തിൻ്റെയോ അഴിമതിയുടെയോ ചോദ്യപേപ്പർ ചോർച്ചയുടെയോ വ്യക്തമായ തെളിവുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട എല്ലാ വസ്തുതകളും സുപ്രിം കോടതിയുടെ പരിഗണനയിലാണ്. രാഷ്ട്രീയ താൽപര്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്.ആശയക്കുഴപ്പം ഉണ്ടാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അത് വിദ്യാർത്ഥികളുടെ മാനസിക സമാധാനത്തെ ബാധിക്കുമെന്നും പ്രധാൻ പറഞ്ഞു.

‘നീറ്റിൻ്റെ കൗൺസിലിംഗ് ആരംഭിക്കാൻ പോകുകയാണ്,  ഈ വിവാദങ്ങൾ വിദ്യാർഥികളെ ബാധിക്കും. കേന്ദ്ര സർക്കാരിൻ്റെ ശ്രദ്ധ എല്ലായ്പ്പോഴും വിദ്യാർത്ഥികളുടെ ശോഭനമായ ഭാവി ഉറപ്പാക്കുന്നതിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നീറ്റ്-യുജിയിൽ 1,563 ഉദ്യോഗാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകാനുള്ള തീരുമാനം റദ്ദാക്കിയെന്നും അവർക്ക് ജൂണിൽ വീണ്ടും പരീക്ഷ നടത്താനുള്ള ഓപ്ഷൻ നൽകുമെന്നും എൻ.ടി.എ ഇന്ന് സുപ്രിം കോടതിയെ അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. 

സംഭവത്തിൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം വേണമെന്ന് കോൺഗ്രസ് വ്യാഴാഴ്ച വീണ്ടും ആവശ്യപ്പെട്ടിരുന്നു. പാർലമെൻ്റിനകത്തും പ്രതിഷേധിക്കുമെന്നും പ്രതിപക്ഷം വ്യക്തമാക്കിയിരുന്നു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News