'ആംബുലൻസിന് നൽകാൻ പണമില്ല'; മകന്റെ മൃതദേഹം ബാഗിലാക്കി പിതാവ് ബസിൽ സഞ്ചരിച്ചത് 200 കിലോമീറ്റർ

'ആരെങ്കിലും അറിഞ്ഞാൽ സഹയാത്രികർ തന്നെ ബസില്‍ നിന്ന് ഇറക്കിവിടുമോ എന്ന് ഭയപ്പെട്ടിരുന്നു'

Update: 2023-05-15 05:38 GMT
Editor : Lissy P | By : Web Desk
Advertising

കൊൽക്കത്ത: ആംബുലൻസിന് നൽകാൻ പണമില്ലാത്തതിനാൽ അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കി പിതാവിന് സഞ്ചരിക്കേണ്ടി വന്നത് 200 കിലോമീറ്റർ. പശ്ചിമ ബംഗാളിലെ മുസ്തഫനഗറിലെ ഡംഗിപാറയിലാണ് ഈ ദാരുണമായ സംഭവം നടന്നത്. അസിം ദേവശർമ എന്നയാളുടെ ഇരട്ടക്കുട്ടികളിൽ ഒരാളാണ് മരിച്ചത്. ബസിൽ സഞ്ചരിച്ചാണ് മകന്റെ മൃതദേഹം വീട്ടിലെത്തിച്ചത്.

ആംബുലൻസിന് നൽകാൻ 8,000 രൂപ ഇല്ലാത്തതിനാലാണ് ബസിൽ യാത്ര ചെയ്യേണ്ടിവന്നതെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. ശനിയാഴ്ചയാണ് സംഭവം നടന്നത്. ഇരുകുട്ടികളെയും കാളഗഞ്ച് ജനറൽ ആശുപത്രിയിലും പിന്നീട് നോർത്ത് ബംഗാൾ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. അസുഖം ഭേദമായ കുട്ടിയെയും കൊണ്ട് ഭാര്യ വീട്ടിലേക്ക് പോയി. രണ്ടാമത്തെ കുട്ടി രാത്രിയോടെ മരിക്കുകയായിരുന്നു. മൃതദേഹം ആംബുലൻസിൽ കൊണ്ടുപോകണമെങ്കിൽ 8000 രൂപ നൽകണമെന്ന് ഡ്രൈവർ പറഞ്ഞു.102 സ്‌കീമിന് കീഴിലുള്ള ആംബുലൻസ് രോഗികൾക്ക് മാത്രമാണ് സൗജന്യമെന്നും എന്നാൽ മൃതദേഹം കൊണ്ടുപോകാനുള്ള സൗകര്യമല്ലെന്നും ഡ്രൈവർ പറഞ്ഞു.

എന്നാൽ അത് നൽകാൻ തന്റെ പക്കൽ പണമില്ലായിരുന്നെന്ന് പിതാവ് പറയുന്നു. കുട്ടികളുടെ ആറുദിവസത്തെ ചികിത്സയ്ക്ക് മാത്രം 16,000 രൂപ ചെലവായെന്നും ഇദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ആംബുലൻസിന് നൽകാൻ പിന്നെ കൈയിൽ ഒന്നുമില്ലായിരുന്നു.

മറ്റ് വഴികളില്ലാതെ ഡാർജിലിംഗ് ജില്ലയിലെ സിലിഗുരിയിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള ഉത്തർ ദിനാജ്പൂർ ജില്ലയിലെ കലിയഗഞ്ചിലേക്ക് മൃതദേഹവുമായി ബസിൽ യാത്ര ചെയ്തു. എന്നാൽ ഇക്കാര്യം ആരെയും അറിയിച്ചില്ല. ആരെങ്കിലും അറിഞ്ഞാൽ സഹയാത്രികർ തന്നെ ഇറക്കിവിടുമോ എന്ന് ഭയന്നിരുന്നെന്നും അസിം പറയുന്നു. സംഭവം പുറത്തറിഞ്ഞതോടെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. തൃണമൂൽ സർക്കാറിന്റെ പിടിപ്പുകേടാണ് ഈ അവസ്ഥക്ക് കാരണമെന്ന് ബി.ജെ.പി ആരോപിച്ചു. കുഞ്ഞിന്റെ പിതാവിനുണ്ടായ അനുഭവം വേദനിപ്പിക്കുന്നതാണെന്നും എന്നാൽ കുട്ടിയുടെ മരണത്തിൽ ബി.ജെ.പി രാഷ്ട്രീയം കളിക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് വക്താക്കൾ പ്രതികരിച്ചു.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News