പണമില്ല; ബാബരിക്ക് പകരമുള്ള പള്ളിയുടെ നിര്‍മാണം കടലാസില്‍ മാത്രം
നിപൂരിൽ പള്ളി നിർമിക്കാൻ ഉദ്ദേശിച്ച സ്ഥലത്തേക്ക് ഉള്ള റോഡ് വികസിപ്പിക്കാൻ പോലും ഉത്തർപ്രദേശ് സർക്കാർ തയ്യാറായിട്ടില്ല
ലഖ്‌നൗ: തകർക്കപ്പെട്ട ബാബരി മസ്ജിദിന് പകരം നിർമിക്കാൻ ഉദ്ദേശിച്ച പള്ളിയുടെ നിർമ്മാണം ഇനിയും അയോധ്യയിൽ ആരംഭിച്ചിട്ടില്ല.. ഉദ്ദേശിച്ച രീതിയിൽ ധനസമാഹരണം നടക്കാത്തതാണ് നിർമാണം വൈകാൻ കാരണം. ധനിപൂരിൽ പള്ളി നിർമിക്കാൻ ഉദ്ദേശിച്ച സ്ഥലത്തേക്ക് ഉള്ള റോഡ് വികസിപ്പിക്കാൻ പോലും ഉത്തർപ്രദേശ് സർക്കാർ തയ്യാറായിട്ടില്ല. ഹിന്ദുത്വ വാദികൾ പുരാതനമായ പള്ളി പൊളിച്ചപ്പോൾ സുപ്രീം കോടതി ഉത്തരവ് പ്രകാരം സർക്കാർ അനുവദിച്ചതാണ് ഈ ഭൂമി. പള്ളിയുടെ നിർമാണ ചുമതലയുള്ള ഇന്തോ ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷന് ഇത് വരെ സമാഹരിക്കാൻ സാധിച്ചത് 45 ലക്ഷം രൂപയാണ്.
കമ്മ്യൂണിറ്റി കിച്ചൺ, ആശുപത്രി എന്നീ സൗകര്യങ്ങൾ ഉൾക്കൊള്ളുന്ന ഇന്ത്യയിലെ ഏറ്റവും വലിയ പള്ളിയായ മുഹമ്മദ് ബിൻ അബ്ദുല്ല മസ്ജിദിന്റെ നിർമാണം ഈ റംസാൻ മാസത്തോടെ തുടങ്ങാൻ സാധിക്കുമെന്നാണ് അധികൃതർ കരുതുന്നത്. ഇതിനായി ക്രൗഡ് ഫണ്ടിംഗ് ഉൾപ്പടെയുള്ള പുതിയ ധന സമാഹരണ മാർഗങ്ങളും ഹാജി അറഫാത്ത് ഷെയ്ഖിന്റെ നേതൃത്വത്തിലുള്ള പുതിയ സംഘം ആരംഭിക്കും. പള്ളിയുടെ നിർമാണത്തിന് രൂപീകരിച്ച സമിതിയിൽ പ്രദേശവാസികൾ ഇല്ലാത്തതിനാൽ ആലോചനകൾ ഏത് വരെയായി എന്നത് സംബന്ധിച്ച് ഇവിടുത്തുകാർക്കും അറിവില്ല.
രാമക്ഷേത്രത്തിനായി ആയിരക്കണക്കിന് കോടി രൂപ പൊടിക്കുന്ന സർക്കാരും ധനിപൂരിലേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല. ചരിത്രത്തിൽ സമാനതകൾ ഇല്ലാത്ത പീഡനങ്ങൾ നേരിട്ട് 1992ൽ അയോധ്യ വിട്ട് പലായനം ചെയ്ത ഒരുവിഭാഗം ജനങ്ങളും ഇന്ന് ധനിപൂരിൽ ഉണ്ട്. പുതിയ മാതൃകയിൽ പള്ളിയുടെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന പ്രതീക്ഷയിൽ ആണ് ഇവിടെ ഉള്ള വിശ്വാസികൾ.