'രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ'; വിമർശനവുമായി യശ്വന്ത് സിൻഹ
കേരളത്തിലെ എല്ലാവരുടെയും വോട്ട് യശ്വന്ത് സിൻഹയ്ക്ക് ലഭിക്കുമെന്നും രാഷ്ട്രപതി സ്ഥാനത്തേക്ക് യോജിക്കുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേതെന്നും മുഖ്യമന്ത്രി
രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും അതിനൊപ്പം വർഗീയത കുത്തിവെയ്ക്കപ്പെടുകയാണെന്നും പ്രതിപക്ഷ രാഷ്ട്രപതി സ്ഥാനാർഥി യശ്വന്ത് സിൻഹ. സമവായത്തിലൂടെയാണ് ജനാധിപത്യം നടപ്പിലാവുകയെന്നും എന്നാൽ സംഘർഷങ്ങളിലൂടെയാണ് കേന്ദ്രസർക്കാർ മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ പ്രചാരണാർഥം എൽഡിഎഫ് എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഏതുവിധേനയും അധികാരത്തിൽ തുടരുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതിപക്ഷ പാർട്ടികൾ ചേർന്ന് എടുത്ത തീരുമാനമാണ് തന്റെ സ്ഥാനാർഥിത്വമെന്നും പ്രധാനമന്ത്രിയേയും നയങ്ങളെയും എതിർത്താണ് താൻ ബിജെപി വിട്ടതെന്നും ആ പോരാട്ടത്തിന്റെ തുടർച്ചയാണിതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാവരുടെയും വോട്ട് യശ്വന്ത് സിൻഹയ്ക്ക് ലഭിക്കുമെന്നും രാഷ്ട്രപതി സ്ഥാനത്തേക്ക് യോജിക്കുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാളെ ചെന്നൈയിലേക്ക് പോകുന്ന യശ്വന്ത് സിൻഹ തമിഴ്നാട്ടിലെ പര്യടനത്തിന് ശേഷം ഗുജറാത്ത്, കർണാടക, തെലുങ്കാന എന്നിവിടങ്ങളിൽ സന്ദർശിക്കും. മറ്റു സംസ്ഥാനങ്ങളിലെ പര്യടനം വരും ദിവസങ്ങളിൽ തീരുമാനിക്കും.