ആരെയും ഉപയോഗിച്ചശേഷം വലിച്ചെറിയരുത്, നല്ല കാലത്തും മോശം കാലത്തും അവരോടൊപ്പമുണ്ടാവണം: നിതിൻ ഗഡ്കരി

പരിശ്രമം ഉപേക്ഷിക്കുമ്പോഴാണ് മനുഷ്യൻ യഥാർഥത്തിൽ തോൽക്കുന്നതെന്നും മുൻ യു.എസ് പ്രസിഡന്റ് റിച്ചാർഡ് നികസണിന്റെ വാക്കുകൾ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.

Update: 2022-08-29 04:02 GMT
Advertising

മുംബൈ: ആരെയും ഉപയോഗിച്ചശേഷം വലിച്ചെറിഞ്ഞ് രസിക്കരുതെന്നും നലകാലത്തും ചീത്തക്കാലത്തും അവരോടൊപ്പമുണ്ടാകണമെന്നും കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. പരാജയപ്പെടുമ്പോഴല്ല, പരിശ്രമം ഉപേക്ഷിക്കുമ്പോഴാണ് മനുഷ്യൻ യഥാർഥത്തിൽ തോൽക്കുന്നതെന്നും മുൻ യു.എസ് പ്രസിഡന്റ് റിച്ചാർഡ് നികസണിന്റെ വാക്കുകൾ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. നാഗ്പൂരിൽ സംരംഭകരുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരെയും ഉപയോഗിച്ചശേഷം വലിച്ചെറിയരുത്. ഒരാളുടെ കൈപിടിച്ചാൽ നല്ലകാലമായാലും മോശം കാലമായാലും എപ്പോഴും മുറുകെപ്പിടിക്കുക. ബിസിനസിലോ സാമൂഹികപ്രവർത്തനത്തിലോ രാഷ്ട്രീയത്തിലോ ഏർപ്പെട്ട ഏതൊരാൾക്കും മനുഷ്യബന്ധങ്ങളാണ് ഏറ്റവും വലിയ ശക്തിയെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാർഥി നേതാവായിരുന്ന കാലത്ത് കോൺഗ്രസ് നേതാവ് ശ്രീകാന്ത് ജിച്ച്കർ നല്ലഭാവിക്കായി കോൺഗ്രസിൽ ചേരാൻ ആവശ്യപ്പെട്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ കിണറ്റിൽ ചാടി മരിച്ചാലും കോൺഗ്രസിൽ ചേരില്ല, കാരണം കോൺഗ്രസ് പാർട്ടിയുടെ ആശയങ്ങളോട് തനിക്ക് യോജിപ്പില്ലെന്ന് മറുപടി നൽകിയതായും ഗഡ്കരി പറഞ്ഞു.

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് നിതിൻ ഗഡ്കരിയെ ബിജെപി പാർലമെന്ററി ബോർഡിൽനിന്ന് ഒഴിവാക്കിയത്. ഇതിന് പിന്നാലെ സർക്കാർ ശരിയായസമയത്ത് തീരുമാനങ്ങളെടുക്കാത്തതാണ് പലപ്പോഴും പ്രശ്‌നങ്ങൾക്ക് കാരണമാകുന്നതെന്ന് അദ്ദേഹം വിമർശിച്ചിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News