കോൺഗ്രസ് ഇല്ലാതെ ഒരു പ്രതിപക്ഷ മുന്നണിയും സാധ്യമല്ല: ജയറാം രമേശ്
'കർണാടകയില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനും ഈ വർഷം നടക്കുന്ന മറ്റ് സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ക്കുമാണ് കോൺഗ്രസ് പ്രഥമ പരിഗണന നല്‍കുന്നത്'
ഡല്‍ഹി: കോൺഗ്രസിനെ കൂടാതെ ബി.ജെ.പിയെ നേരിടാൻ ഒരു പ്രതിപക്ഷ മുന്നണിക്കും സാധ്യമല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ്. 2024ലെ പൊതുതെരഞ്ഞെടുപ്പിൽ ഒരു സഖ്യം രൂപീകരിച്ചാൽ കോണ്‍ഗ്രസിന് അതിൽ നിര്‍ണായക പങ്ക് ഉണ്ടാകുമെന്നും ജയറാം രമേശ് പറഞ്ഞു.
"കർണാടകയില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനും ഈ വർഷം നടക്കുന്ന മറ്റ് സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ക്കുമാണ് കോൺഗ്രസ് പ്രഥമ പരിഗണന നല്‍കുന്നത്. അതിനാല്‍ സഖ്യത്തെ കുറിച്ച് ഇപ്പോള്‍ പറയാനാകില്ല"- ജയറാം രമേശ് പറഞ്ഞു.
മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസും അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാർട്ടിയും കോൺഗ്രസിൽ നിന്നും ബി.ജെ.പിയിൽ നിന്നും അകലം പാലിക്കുമെന്ന് പറഞ്ഞതിനു പിന്നാലെയാണ് ജയറാം രമേശിന്റെ പരാമർശം. പ്രതിപക്ഷ സഖ്യം രൂപീകരിക്കുകയാണെങ്കിൽ, അതിൽ കോൺഗ്രസ് പ്രധാന പങ്ക് വഹിക്കും. കോൺഗ്രസില്ലാതെ ഒരു മുന്നണിയും സാധ്യമല്ലെന്നും ജയറാം രമേശ് പറഞ്ഞു.
ആദ്യം കർണാടകയിൽ തെരഞ്ഞെടുപ്പ്. അതിന് ശേഷം തെലങ്കാന, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ, മിസോറാം എന്നീ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ്. ഈ വർഷം സംസ്ഥാന തെരഞ്ഞെടുപ്പുകളുടെ തിരക്കാണ്. 2024ലെ തെരഞ്ഞെടുപ്പിനെ കുറിച്ച് ഇപ്പോള്‍ പറയാനാകില്ല. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മുതിർന്ന നേതാക്കളും തന്ത്രം തയ്യാറാക്കുകയും 2024ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടികളുമായി ചർച്ചകൾ നടത്തുകയും ചെയ്യുമെന്ന് ജയറാം രമേശ് പറഞ്ഞു.
അദാനി വിഷയത്തിൽ പ്രതിപക്ഷം നടത്തുന്ന പ്രതിഷേധങ്ങളിൽ നിന്ന് തൃണമൂല്‍ വിട്ടുനിൽക്കുന്നതും എൻ.സി.പി പിന്തുണയുമായി എത്താത്തതും പ്രതിപക്ഷ ഐക്യത്തിന് വിഘാതമായോ എന്ന ചോദ്യത്തിന് താൻ അങ്ങനെ കരുതുന്നില്ലെന്നായിരുന്നു ജയറാം രമേശിന്‍റെ മറുപടി. ടി.എം.സിക്ക് അവരുടേതായ യുക്തി ഉണ്ടായിരിക്കാം. അതിൽ കൂടുതൽ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല. അദാനി വിഷയം സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്വേഷിക്കണമെന്ന ആവശ്യത്തിൽ 16 രാഷ്ട്രീയ പാർട്ടികൾ ഒറ്റക്കെട്ടാണ്. ഇ.ഡി ഡയറക്ടർക്കുള്ള കത്തിൽ ഒപ്പുവച്ചിട്ടില്ലെങ്കിലും എന്‍.സി.പിയുടെ പിന്തുണയുണ്ടെന്ന് ജയറാം രമേശ് പറഞ്ഞു.
Summary- No Opposition front to take on the BJP is possible without the Congress and if a coalition is formed for the 2024 general elections, the party will have a central role in it, senior Congress leader Jairam Ramesh has said