പൊളിക്കൽ നടപടി സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രിംകോടതി; യു.പി സർക്കാറിന് നോട്ടീസ്
പൊളിക്കൽ നടപടികൾ നിയമാനുസൃതമാവണമെന്നും ഒരിക്കലും പ്രതികാര നടപടിയായി മാറരുതെന്നും കോടതി ഓർമിപ്പിച്ചു.
ന്യൂഡൽഹി: അനധികൃത നിർമാണമെന്ന പേരിൽ യു.പിയിൽ കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നത് സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രിംകോടതി. വിഷയത്തിൽ വിശദീകരണം നൽകാൻ ആവശ്യപ്പെട്ട് യു.പി സർക്കാറിന് കോടതി നോട്ടീസ് അയച്ചു. ചൊവ്വാഴ്ച ഹരജി വീണ്ടും പരിഗണിക്കും.
അതേസമയം പൊളിക്കൽ നടപടികൾ നിയമാനുസൃതമാവണമെന്നും ഒരിക്കലും പ്രതികാര നടപടിയായി മാറരുതെന്നും കോടതി ഓർമിപ്പിച്ചു. തങ്ങൾക്ക് നിയമമനുസരിച്ച് മാത്രമേ പ്രവർത്തിക്കാനാവൂ...അതുകൊണ്ട് പൊളിക്കൽ നടപടികൾ സ്റ്റേ ചെയ്യാനാവില്ലെന്ന് ജഡ്ജിമാർ പറഞ്ഞു.
ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് ആണ് പൊളിച്ചുനീക്കലിനെതിരെ കോടതിയെ സമീപിച്ചത്. എന്നാൽ നിയമാനുസൃതമായാണ് പൊളിക്കൽ നടപടിയെന്നും രേഖകൾ ഹാജരാക്കാൻ കൂടുതൽ സമയം വേണമെന്നും യു.പി സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പൊളിക്കൽ നടപടി സ്റ്റേ ചെയ്യാൻ കോടതി വിസമ്മതിച്ചത്.
പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചവരുടെ വീടുകൾ യു.പി സർക്കാർ അനധികൃതമെന്ന് ആരോപിച്ച് പൊളിച്ചുനീക്കിയതിനെതിരെയാണ് ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് കോടതിയെ സമീപിച്ചത്. വെൽഫെയർ പാർട്ടി നേതാവ് ജാവേദിന്റെ അടക്കമുള്ള വീടുകൾ പ്രയാഗ്‌രാജ് ഡെവലപ്‌മെന്റ് അതോറിറ്റി പൊളിച്ചുനീക്കിയിരുന്നു.