പച്ചക്കറിക്കാരന് കുടിശ്ശിക; ഛത്തീസ്ഗഡിൽ വിദ്യാർഥികളുടെ ഉച്ചഭക്ഷണം മഞ്ഞൾപൊടി കുഴച്ച ചോറ് മാത്രം-വീഡിയോ പുറത്ത്

ചിലപ്പോൾ പരിപ്പ് മാത്രമിട്ട് ചോറുണ്ടാക്കും,അല്ലെങ്കിൽ വെറും ചോറോ മഞ്ഞളിട്ട ചോറോ നൽകുമെന്ന് അധ്യാപകര്‍

Update: 2024-07-08 08:08 GMT
Editor : Lissy P | By : Web Desk
Advertising

റായ്പൂർ: പച്ചക്കറി ലഭിക്കുന്നില്ലെന്ന് പറഞ്ഞ് ഛത്തീസ്ഗഡിലെ ബൽറാംപൂരിലെ പട്ടേൽ പാറയിലെ ബിജാകുര പ്രൈമറി സ്‌കൂളിൽ കുട്ടികൾക്ക് വിളമ്പുന്നത് മഞ്ഞൾപൊടി കുഴച്ച ചോറ്. പച്ചക്കറിക്കടക്കാരന് പണം നൽകാത്തതിനെത്തുടന്ന് സ്‌കൂളിൽ പച്ചക്കറി ലഭിക്കുന്നില്ലെന്ന് അധ്യാപകർ സമ്മതിക്കുന്നു. അതുകൊണ്ടാണ് കുട്ടികൾക്ക് മഞ്ഞൾപ്പൊടിയിട്ട  ചോറ് നൽകുന്നതെന്നും അധ്യാപകർ പറയുന്നു.

43 വിദ്യാർഥികളാണ് അവശ്യപോഷകങ്ങളൊന്നും ലഭിക്കാതെ ഉച്ചഭക്ഷണം കഴിക്കേണ്ടി വരുന്നത്. കുട്ടികൾ മഞ്ഞനിറത്തിലുള്ള ചോറ് കഴിക്കുന്നതിന്റെ വീഡിയോയും കഴിഞ്ഞദിവസം പുറത്ത് വന്നിരുന്നു. വീഡിയോ പുറത്ത് വന്നതോടെ സംഭവത്തിൽ അടിയന്തര നടപടിയെടുക്കുമെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ദേവേന്ദ്രനാഥ് മിശ്ര പറഞ്ഞു. മാധ്യമങ്ങളിലൂടെയാണ് വിഷയം അറിഞ്ഞതെന്നും ഉടൻ അന്വേഷണം നടത്തുമെന്നും അദ്ദേഹം എൻ.ഡി.ടി.വിയോട് പറഞ്ഞു.

പച്ചക്കറി നൽകേണ്ട ആളുകൾ അനാസ്ഥ കാണിക്കുന്നതിനാൽ കുട്ടികൾക്ക് കൃത്യമായി ഭക്ഷണം നൽകാൻ കഴിയുന്നില്ലെന്ന്  പഞ്ചായത്ത് രാംപ്രസാദ് റാം പറഞ്ഞു. പച്ചക്കറികളൊന്നും ലഭിക്കാത്തതുകൊണ്ടാണ് കുട്ടികൾക്ക് ഇത്തരത്തിലുള്ള ഭക്ഷണം നൽകേണ്ടിവരുന്നതെന്ന് സ്‌കൂൾ പാചകക്കാരികൾ പറയുന്നു. ചിലപ്പോൾ പരിപ്പ് മാത്രമിട്ട് ചോറുണ്ടാക്കും,അല്ലെങ്കിൽ വെറും ചോറോ മഞ്ഞളിട്ട ചോറോ നൽകും. പച്ചക്കറി ചോദിക്കുമ്പോൾ കിട്ടുന്നില്ലെന്നാണ് സ്‌കൂളുകാർ നൽകുന്ന മറുപടിയെന്നും പാചകക്കാരി പറയുന്നു.

അതേസമയം,പോഷകാഹാരക്കുറവ് സ്‌കൂളിൽ മാത്രമല്ല, അംഗൺവാടികളിലുമുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഗർഭിണികൾക്കും കുട്ടികൾക്കുമുള്ള റെഡി ടു ഈറ്റ് പോഷകാഹാര കിറ്റ് വിതരണം ഛത്തീസ്ഗഢിൽ നിലച്ചിട്ട് ഒരാഴ്ചയായി. സംസ്ഥാനത്തെ 52,474 അങ്കണവാടികളിലെ പോഷകാഹാരകിറ്റിന്റെ വിതരണം നിലച്ചതായാണ് റിപ്പോർട്ടുകൾ.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News