'വാക്കുകളൊന്നും നിരോധിച്ചിട്ടില്ല'; വിശദീകരണവുമായി ലോക്‌സഭാ സ്പീക്കർ
ആരോഗ്യകരമായ സംവാദങ്ങൾക്ക് അനുയോജ്യമല്ലാത്ത വാക്കുകളാണ് ഒഴിവാക്കിയതെന്നും സ്പീക്കർ
ന്യൂഡൽഹി: പാർലമെന്റിലെ വാക്കു വിലക്കിൽ വിശദീകരണവുമായി ലോക്‌സഭാ സ്പീക്കർ ഓം ബിർല. വാക്കുകളൊന്നും നിരോധിച്ചിട്ടില്ലെന്നും ആരോഗ്യകരമായ സംവാദങ്ങൾക്ക് അനുയോജ്യമല്ലാത്ത വാക്കുകളാണ് ഒഴിവാക്കിയതെന്നും സ്പീക്കർ വ്യക്തമാക്കി. പാർലമെന്ററി നടപടി ക്രമം മാത്രമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റിലെ വാക്കുവിലക്കിൽ വിമർശനമുയർന്നതിന് പിന്നാലെയാണ് സ്പീക്കറുടെ പ്രതികരണം.
''പാർലമെന്റിന്റെ ഇരുസഭകളിലും ഒരു വാക്കുപോലും നിരോധിച്ചിട്ടില്ല, മുമ്പ് ഇത്തരം അൺപാർലമെന്ററി വാക്കുകളുടെ ഒരു പുസ്തകം പുറത്തിറക്കിയിരുന്നു, പേപ്പറുകൾ പാഴാകാതിരിക്കാൻ ഞങ്ങൾ അത് ഇന്റർനെറ്റിൽ പ്രസിദ്ധീകരിച്ചു. വാക്കുകളൊന്നും നിരോധിച്ചിട്ടില്ല. നീക്കം ചെയ്ത വാക്കുകളുടെ സമാഹാരം ഞങ്ങൾ പുറത്തിറക്കിയിട്ടുണ്ട്''- ഓം ബിർല പറഞ്ഞു.
പാർലമെന്റിൽ വാക്കുകൾ വിലക്കിയ സംഭവത്തിൽ കേന്ദ്ര സർക്കാറിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. സർക്കാരിന്റെ പ്രവർത്തനങ്ങളെ കൃത്യമായി വിവരിക്കുന്ന വാക്കുകളാണ് നിരോധിച്ചതെന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു. ഇതാണ് ഇന്ത്യയുടെ പുതിയ ഡിക്ഷ്ണറിയെന്നും അദ്ദേഹം വ്യക്തമാക്കി.
അരാജകവാദി, കുരങ്ങൻ, കോവിഡ് വാഹകൻ, അഴിമതിക്കാരൻ, കുറ്റവാളി, മുതലക്കണ്ണീർ, ഗുണ്ടായിസം, നാടകം, കഴിവില്ലാത്തവൻ, കാപട്യം, കരിദിനം, ഗുണ്ട, ചതി, അഹങ്കാരം, നാട്യം ഉൾപ്പെടെ 65 വാക്കുകൾക്കാണ് വിലക്കേർപ്പെടുത്തിയത്. ലോക്സഭ സെക്രട്ടറിയേറ്റാണ് ഇതുമായി ബന്ധപ്പെട്ട നിർദേശം പുറത്തിറക്കിയത്.
ലോക്‌സഭാ സെക്രട്ടേറിയറ്റ് ഇരുസഭകൾക്കും അൺപാർലമെന്ററി വാക്കുകളുടെ പട്ടിക കൈമാറി. വാക്കുകൾ വിലക്കുന്നത് സർക്കാരിനെ വിമർശിക്കുന്നതിനെ തടസ്സപ്പെടുത്താനാണെന്ന് പ്രതിപക്ഷം വിമർശിച്ചു. തിങ്കളാഴ്ച ആരംഭിക്കുന്ന മൺസൂൺ സമ്മേളനത്തിന് മുന്നോടിയായിട്ടാണ് പട്ടിക പുറത്തിറക്കിയത്. പാർലമെന്റിലെ ചർച്ചക്കിടെ പ്രസ്തുത വാക്കുകൾ ഉപയോഗിച്ചാൽ നീക്കംചെയ്യും. വാക്കുകളും പ്രയോഗങ്ങളും നീക്കം ചെയ്യുന്നതിൽ രാജ്യസഭാ ചെയർമാനും ലോക്‌സഭാ സ്പീക്കറുമാണ് തീരുമാനമെടുക്കേണ്ടത്. വിലക്കിയ വാക്കുകൾ പാർലമെന്റിൽ പറയുമെന്ന് തൃണമൂൽ എംപി ഡെറിക് ഒബ്രിയാൻ വ്യക്തമാക്കി- 'ഞാൻ ആ വാക്കുകൾ ഉപയോഗിക്കും. എന്നെ സസ്പെൻഡ് ചെയ്യൂ. ജനാധിപത്യത്തിനായുള്ള പോരാട്ടമാണിത്'- അദ്ദേഹം പറഞ്ഞു.
മോദി സർക്കാറിനെ തുറന്നുകാണിക്കാൻ പ്രതിപക്ഷം ഉപയോഗിക്കുന്ന വാക്കുകളെല്ലാം ഇപ്പോൾ പാർലമെന്ററി വിരുദ്ധമായി പ്രഖ്യാപിച്ചെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.'സത്യം' എന്ന വാക്കും അൺപാർലമെന്ററിയാണോ എന്നായിരുന്നു തൃണമൂൽ എം.പി മഹുവ മൊയ്ത്രയുടെ ചോദ്യം.''സത്യവും അൺപാർലമെന്ററിയാണോ? വാർഷിക ലിംഗ വ്യത്യാസ റിപ്പോർട്ടിൽ ഇന്ത്യയുടെ സ്ഥാനം 135 ആണ്. ആരോഗ്യ അതിജീവന ഉപസൂചികയിൽ ഏറ്റവും കുറവായ 145 ആണ്. ലിംഗ വ്യത്യാസം അഞ്ച് ശതമാനത്തേക്കാൾ കുറഞ്ഞ അഞ്ച് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ''-മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു.