അദ്ദേഹത്തെ മര്‍ദിക്കുമ്പോള്‍ ആരും സഹായത്തിനെത്തിയില്ല, ഒടുവില്‍ അന്ത്യശ്വാസം വലിക്കുമ്പോള്‍ ആളുകള്‍ ഓടിക്കൂടി; ദുരഭിമാനക്കൊലക്ക് ഇരയായ നാഗരാജുവിന്‍റെ ഭാര്യ

പൊലീസ് വളരെ വൈകിയാണ് സംഭവസ്ഥലത്ത് എത്തിയതെന്നും അപ്പോഴേക്കും അക്രമികള്‍ ഓടിപ്പോയെന്നും തന്‍റെ ഭര്‍ത്താവ് മരിച്ചെന്നും ആജ് തകിന് നല്‍കിയ അഭിമുഖത്തില്‍ സുല്‍ത്താന പറഞ്ഞു

Update: 2022-05-06 06:46 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഹൈദരാബാദ്: ഇരുപത് മിനിറ്റോളം തന്‍റെ കണ്‍മുന്നിലിട്ട് ഭര്‍ത്താവിന് ക്രൂരമായി മര്‍ദിക്കുമ്പോഴും ആരും സഹായത്തിനെത്തിയില്ലെന്ന് ഹൈദരാബാദില്‍ ദുരഭിമാനക്കൊലക്ക് ഇരയായ ബി. നാഗരാജുവിന്‍റെ ഭാര്യ അഷ്രിന്‍ സുല്‍ത്താന. പൊലീസ് വളരെ വൈകിയാണ് സംഭവസ്ഥലത്ത് എത്തിയതെന്നും അപ്പോഴേക്കും അക്രമികള്‍ ഓടിപ്പോയെന്നും തന്‍റെ ഭര്‍ത്താവ് മരിച്ചെന്നും ആജ് തകിന് നല്‍കിയ അഭിമുഖത്തില്‍ സുല്‍ത്താന പറഞ്ഞു.

''സംഭവം നടന്ന് അര മണിക്കൂറിനു ശേഷമാണ് പൊലീസെത്തിയത്. 15-10 മിനിറ്റോളം അവര്‍ അദ്ദേഹത്തെ ക്രൂരമായി മര്‍‌ദിച്ചു. ഒരാള്‍ പോലും ഞങ്ങളെ സഹായിച്ചില്ല. എന്നാല്‍ എന്‍റെ ഭര്‍ത്താവ് അന്ത്യശ്വാസം വലിക്കുമ്പോള്‍ ആളുകള്‍ ഓടിക്കൂടി'' സുല്‍ത്താന പറയുന്നു. സ്കൂട്ടറില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് തന്‍റെ സഹോദരൻ മൊബിൻ അഹമ്മദും കൂട്ടാളി മുഹമ്മദ് മസൂദ് അഹമ്മദും ആക്രമിച്ചത്. അക്രമികൾ നാഗരാജുവിനെ ഇരുമ്പ് വടികൊണ്ട് മർദിക്കുകയും കത്തികൊണ്ട് കുത്തുകയും ചെയ്തു. സംഭവസ്ഥലത്തു വച്ചു തന്നെ നാഗരാജു മരിച്ചു. വാഹനയാത്രികരെയും കാല്‍നടയാത്രക്കാരെയും കൊണ്ടുനിറഞ്ഞ റോഡില്‍ തങ്ങളെ സഹായിക്കാന്‍ ആരും മുന്നോട്ടുവന്നില്ലെന്നും സുല്‍ത്താന പറഞ്ഞു. '' ഞാന്‍ ഒറ്റയ്ക്കായിരുന്നു. എന്‍റെ ഭര്‍ത്താവിന്‍റെ തലയില്‍ ഇടിക്കുകയും അദ്ദേഹം മരിക്കുന്നതും അവര്‍ നോക്കിനിന്നു. ഈ സമൂഹത്തില്‍ ഒരു നല്ല മനുഷ്യന്‍ പോലുമില്ല'' സുല്‍ത്താന കൂട്ടിച്ചേര്‍ത്തു.

സെക്കന്തരാബാദിലെ മാറേഡ്പള്ളിയിൽ താമസിക്കുന്ന നാഗരാജു (25) പഴയ നഗരത്തിലെ മലക്പേട്ടിലെ ഒരു പ്രമുഖ കാർ ഷോറൂമിൽ സെയിൽസ്മാനായി ജോലി ചെയ്തു വരികയായിരുന്നു. ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു നാഗരാജുവും സുല്‍ത്താനയും. ജനുവരിയിൽ ആര്യസമാജ് മന്ദിറിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. വ്യത്യസ്ത മതങ്ങളില്‍ പെട്ടവരായതുകൊണ്ട് സുല്‍ത്താനയുടെ കുടുംബം വിവാഹത്തെ എതിര്‍ത്തിരുന്നു. നേരത്തെ ഇസ്‍ലാം മതം സ്വീകരിച്ച ശേഷവും സഹോദരിയെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന് നാഗരാജു സഹോദരനോട് പറഞ്ഞിരുന്നതായി അഷ്രിന്‍ സുല്‍ത്താന പറയുന്നു. എന്നാല്‍ ഇതിനും സഹോദരന്‍ സമ്മതമായിരുന്നില്ലെന്നും അഷ്രിന്‍ സുല്‍ത്താന പറയുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News