സസ്യാഹാരമാണോ മാംസാഹാരമാണോ എന്ന്‌ വെളിപ്പെടുത്താത്തത് മൗലികാവകാശങ്ങളുടെ ലംഘനം; ഡൽഹി ഹൈക്കോടതി

ബന്ധപ്പെട്ട അധികാരികൾക്ക് കർശനമായ നിർദേശം നൽകാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യക്ക് നിർദേശം

Update: 2022-03-03 10:36 GMT
Editor : Lissy P | By : Web Desk
Advertising

ഏതൊരു വ്യക്തിയും കഴിക്കാനുപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കൾ വെജിറ്റേറിയനാണോ നോൺവെജിറ്റേറിയനോ എന്ന് പൂർണമായും വെളിപ്പെടുത്തണമെന്ന് ഡൽഹി ഹൈക്കോടതി. അങ്ങനെ ചെയ്യാത്ത പക്ഷം അത് ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും കോടതി ബുധനാഴ്ച നിരീക്ഷിച്ചു. ഭക്ഷ്യവസ്തുക്കൾ സസ്യാഹാരമാണോ മാംസാഹാരമാണോ എന്ന് വ്യക്തമാക്കാൻ എല്ലാ അധികാരികൾക്കും നിർദേശം നൽകണമെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയോട് (എഫ്എസ്എസ്എഐ) ജസ്റ്റിസുമാരായ വിപിൻ സംഘി, ദിനേശ് കുമാർ ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു.

'ഭരണഘടന പ്രകാരമുള്ള ആർട്ടിക്കിൾ 21 (ജീവന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സംരക്ഷണം), ആർട്ടിക്കിൾ 25 (മനസ്സാക്ഷിക്കുള്ള സ്വാതന്ത്ര്യം, സ്വതന്ത്രമായ തൊഴിൽ, ആചാരം, മതം പ്രചരിപ്പിക്കൽ) എന്നിവ പ്രകാരം ഇതും ഓരോ വ്യക്തിയുടെയും അവകാശമാണ്. ഭക്ഷ്യ വസ്തുക്കളും സൗന്ദര്യവർദ്ധക വസ്തുക്കളും ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങളുടെ നിർമ്മാണ പ്രക്രിയയിൽ ഉപയോഗിക്കുന്ന പദാർഥങ്ങൾ വെജിറ്റേറിയനാണോ നോൺ-വെജിറ്റേറിയനോ എന്ന് ലേബൽ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സർക്കാരിതര ട്രസ്റ്റായ രാം ഗൗ രക്ഷാ ദൾ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

കഴിഞ്ഞ ഡിസംബർ ഒമ്പതിന് ഭക്ഷണവുമായി ബന്ധപ്പെട്ട എല്ലാ ബിസിനസുകാരും നടത്തിപ്പുകാരും നിർമ്മാണത്തിനായി ഉപയോഗിക്കുന്ന എല്ലാ ചേരുവകളുളെ കുറിച്ച് പൂർണ്ണമായും വെളിപ്പെടുത്തണമെന്ന് ഹൈക്കോടതി നിർബന്ധമാക്കിയിരുന്നു. 'ഓരോ വ്യക്തിക്കും എന്താണ് കഴിക്കുന്നതെന്ന് അറിയാൻ അവകാശമുണ്ടെന്നും വഞ്ചനയിലൂടെയോ ഓർമപിശകിലൂടെയോ അവർക്ക് ഒന്നും വിളമ്പാൻ പാടില്ലെന്നും കോടതി വിധിച്ചിരുന്നു. പായ്ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കൾ വെജിറ്റേറിയനാണോ നോൺ വെജിറ്റേറിയനാണോ എന്നതിനെക്കുറിച്ചുള്ള പൂർണ്ണവുമായ വെളിപ്പെടുത്തൽ ഉറപ്പാക്കുന്നതിൽ അധികാരികൾ പരാജയപ്പെടുകയാണെന്ന ഹർജിക്കാരന്റെ അഭിഭാഷകൻ സമർപ്പിച്ച വാദത്തോട് ബുധനാഴ്ച കോടതി യോജിച്ചു.

പുതിയ ഉത്തരവിനെ കുറിച്ച് എല്ലാ മാധ്യമങ്ങളിലൂടെയും പ്രചാരണം നൽകണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. വിഷയത്തിൽ വിശദമായ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ  ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയോടും കേന്ദ്രത്തോടും കോടതി നിർദേശിക്കുകയും ചെയ്തു. മെയ് 21 ന് ഹർജിയിൽ വീണ്ടും വാദം കേൾക്കും.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News