'ബി.ജെ.പിയുടെ 'ബി' ടീമല്ല ഞങ്ങൾ; കോൺഗ്രസുമായും എൻ.സി.പിയുമായും സഖ്യത്തിനു തയാർ'- എ.ഐ.എം.ഐ.എം എം.പി ഇംതിയാസ് ജലീൽ
''യു.പിയിൽ എസ്.പിയുമായും ബി.എസ്.പിയുമായും സഖ്യചർച്ച നടത്തിയതാണ്. എന്നാൽ, അവർക്ക് മുസ്‌ലിം വോട്ടുകൾ വേണം. ഉവൈസിയെ പറ്റില്ല'' എ.ഐ.എം.ഐ.എം മഹാരാഷ്ട്ര അധ്യക്ഷൻ കൂടിയായ ഇംതിയാസ് ജലീൽ എം.പി
ആരോപിക്കപ്പെടുന്നതുപോലെ ബി.ജെ.പിയുടെ 'ബി' ടീമല്ല തങ്ങളെന്ന് ആൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ(എ.ഐ.എം.ഐ.എം) എം.പിയും മഹാരാഷ്ട്ര ഘടകം അധ്യക്ഷനുമായ ഇംതിയാസ് ജലീൽ. എൻ.സി.പിയുമായും കോൺഗ്രസുമായും പാർട്ടി സഖ്യത്തിന് തയാറാണെന്ന് അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്ര മന്ത്രിയും എൻ.സി.പി നേതാവുമായ രാജേഷ് തോപ്പെ തന്റെ വസതി സന്ദർശിച്ചതിനു പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇംതിയാസ് ജലീൽ.
ദിവസങ്ങൾക്കുമുൻപ് അസുഖങ്ങളെത്തുടർന്നുള്ള മാതാവിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്താനാണ് തോപ്പെ വീട്ടിലെത്തിയതെന്ന് ഇംതിയാസ് ജലീൽ വ്യക്തമാക്കി. എ.ഐ.എം.ഐ.എം കാരണമാണ് ബി.ജെ.പി ജയിക്കുന്നതെന്നാണ് എപ്പോഴും ആരോപിക്കപ്പെടാറുള്ളത്. ആരോപണം തെറ്റാണെന്ന് തെളിയിക്കാൻ തങ്ങൾ സഖ്യത്തിനു തയാറാണെന്ന് തോപ്പെയ്ക്കുമുന്നിൽ ഒരു നിർദേശം മുന്നോട്ടുവച്ചിരിക്കുകയാണ്. എന്നാൽ, ഇതേക്കുറിച്ച് അദ്ദേഹം പ്രതികരിച്ചിട്ടില്ലെന്നും എം.പി കൂട്ടിച്ചേർത്തു.
ഇതു പാർട്ടിക്കെതിരെയുള്ള വെറും ആരോപണമാണോ അതല്ല ഞങ്ങളുമായി അവർ കൈകോർക്കാൻ തയാറാകുമോ എന്ന കാര്യമാണ് അറിയേണ്ടത്. എല്ലാ പാർട്ടികൾക്കും മുസ്‌ലിം വോട്ട് വേണം. എന്തിന് എൻ.സി.പി മാത്രം? തങ്ങൾ മതേതര പാർട്ടിയാണെന്നാണ് കോൺഗ്രസ് പറയാറുള്ളത്. അവർക്കും വേണം മുസ്‌ലിം വോട്ട്. അവരോട് കൈകോർക്കാൻ ഞങ്ങൾ തയാറാണ്. ബി.ജെ.പി രാജ്യത്തിന് വലിയ നാശമാണ് സൃഷ്ടിച്ചിട്ടുള്ളത്. അവരെ തോൽപ്പിക്കാൻ വേണ്ട എന്തു നടപിക്കും ഞങ്ങൾ ഒരുക്കമാണ്- എ.ഐ.എം.ഐ.എം നേതാവ് വ്യക്തമാക്കി.
ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ എസ്.പിയുമായും ബി.എസ്.പിയുമായും സഖ്യചർച്ച നടത്തിയ കാര്യവും അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ, അവർക്ക് മുസ്‌ലിം വോട്ടുകൾ വേണമെന്നും ഉവൈസിയെ പറ്റില്ലെന്നും ഇംതിയാസ് ജലീൽ കുറ്റപ്പെടുത്തി. മഹാരാഷ്ട്രയിലെ ഔറംഗാബാദിൽനിന്നുള്ള എ.ഐ.എം.ഐ.എം ലോക്‌സഭാ അംഗമാണ് ഇംതിയാസ്.
Summary: The AIMIM is willing to ally with NCP and Congress, says party MP Imtiaz Jaleel