സിഎഎക്കെതിരെ പ്രമേയം പാസാക്കി തമിഴ്‌നാട്
ഇന്ത്യൻ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന മതേതര തത്ത്വങ്ങള്‍ക്കു വിരുദ്ധവും രാജ്യത്തെ മതസൗഹാർദം തകര്‍ക്കുന്നതുമാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വ്യക്തമാക്കി
കേന്ദ്ര സര്‍ക്കാരിന്‍റെ പൗരത്വ ഭേദഗതി നിയമ(സിഎഎ)ത്തിനെതിരെ തമിഴ്‌നാട് സർക്കാർ പ്രമേയം പാസാക്കി. ഇന്ത്യൻ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന മതേതര തത്ത്വങ്ങള്‍ക്കു വിരുദ്ധവും രാജ്യത്തെ മതസൗഹാർദം തകര്‍ക്കുന്നതുമാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ സിഎഎയെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വ്യക്തമാക്കി.
എല്ലാ വിഭാഗം ജനങ്ങളുടെയും ആശങ്കകളും അഭിലാഷങ്ങളുമെല്ലാം കണക്കിലെടുത്തുവേണം ഒരു രാജ്യത്തിന്റെ ഭരണം നടക്കേണ്ടതെന്നത് ജനാധിപത്യതത്ത്വമാണ്. എന്നാൽ, അഭയാർത്ഥികളെ അവരുടെ ദയനീയസ്ഥിതി കണക്കിലെടുത്ത് ഊഷ്മളമായി സ്വീകരിക്കുന്ന തരത്തിലല്ല പൗരത്വ ഭേദഗതി നിയമം പാസാക്കിയിരിക്കുന്നതെന്നത് വളരെ വ്യക്തമാണ്. പകരം, അവർക്കിടയിൽ മതത്തിന്റെയും ജന്മനാടിന്റെയും അടിസ്ഥാനത്തിൽ വിവേചനം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്-സ്റ്റാലിൻ കൂട്ടിച്ചേർത്തു.
2019ൽ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയ പൗരത്വ ഭേദഗതി നിയമം കഴിഞ്ഞ ജനുവരി 10 മുതലാണ് പ്രാബല്യത്തിൽ വന്നത്. രാജ്യവ്യാപകമായി വൻ പ്രക്ഷോഭങ്ങളിലേക്കു നയിച്ച നിയമത്തിന്‍റെ തുടർനടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ടുപോകുന്നതിനിടെയാണ് സ്റ്റാലിൻ ഭരണകൂടം പ്രത്യേക പ്രമേയം പാസാക്കി തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ കേരള, രാജസ്ഥാൻ, പഞ്ചാബ് സർക്കാരുകളും സിഎഎ വിരുദ്ധ പ്രമേയങ്ങൾ പാസാക്കിയിരുന്നു.
TN Chief Minister MK Stalin tables resolution against #CAA in the state assembly. Stalin says the Act passed by the parliament is not in tune with the secular principles laid down in our constitution and not conducive to the communal harmony that prevails in India. @IndianExpress
— Janardhan Koushik (@koushiktweets) September 8, 2021
സ്റ്റാലിന്‍ സര്‍ക്കാരിന്‍റെ സിഎഎ വിരുദ്ധ പ്രമേയത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷകക്ഷികളായ എഐഎഡിഎംകെ, ബിജെപി അംഗങ്ങൾ വാക്കൗട്ട് നടത്തി. പ്രമേയത്തിനുമേൽ അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവസരം തങ്ങൾക്ക് നിഷേധിക്കപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് എടപ്പാടി കെ പളനിസാമി മാധ്യമങ്ങളോട് പ്രതികരിച്ചു.