ഏക സിവില്‍ കോഡിന് എതിരല്ല, പക്ഷെ അടിച്ചേല്‍പ്പിക്കരുത്: മായാവതി
'ഏക സിവിൽ കോഡ് നടപ്പിലാക്കാന്‍ ബി.ജെ.പി അവലംബിക്കുന്ന രീതിയെ പിന്തുണയ്ക്കുന്നില്ല'
ലഖ്നൌ: ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിന് ബി.എസ്.പി എതിരല്ലെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷ മായാവതി. എന്നാല്‍ ഏക സിവിൽ കോഡ് നടപ്പിലാക്കാന്‍ ബി.ജെ.പി അവലംബിക്കുന്ന രീതിയെ പിന്തുണയ്ക്കുന്നില്ലെന്ന് മായാവതി പറഞ്ഞു.
"യൂണിഫോം സിവിൽ കോഡ് ഭരണഘടനയിൽ പരാമർശിച്ചിട്ടുണ്ട്. എന്നാൽ അത് അടിച്ചേൽപ്പിക്കുന്നതിനെ ഭരണഘടന പിന്തുണയ്ക്കുന്നില്ല. ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട എല്ലാ മാനങ്ങളും ബി.ജെ.പി പരിഗണിക്കേണ്ടതായിരുന്നു"- മായാവതി പറഞ്ഞു.
എല്ലാ കാര്യത്തിലും ഒരേ നിയമം എല്ലാ മതസ്ഥർക്കും ബാധകമാണെങ്കിൽ അത് രാജ്യത്തെ ശക്തിപ്പെടുത്തുകയേയുള്ളൂവെന്ന് മായാവതി പറഞ്ഞു. ജൂലൈ മൂന്നിന് ഏകീകൃത സിവിൽ കോഡിനെക്കുറിച്ചുള്ള പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ചർച്ച നടക്കാനിരിക്കെയാണ് മായാവതിയുടെ പരാമര്‍ശം. പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിൽ ഏകീകൃത സിവിൽ കോഡ് ബിൽ സർക്കാര്‍ അവതരിപ്പിച്ചേക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഭോപ്പാലില്‍ നടത്തിയ പരാമര്‍ശത്തിനു പിന്നാലെയാണ് ഏക സിവില്‍ കോഡ് സംബന്ധിച്ച ചര്‍ച്ച വീണ്ടും സജീവമായത്- "ഒരു വീട്ടിൽ രണ്ടു നിയമമുണ്ടെങ്കിൽ വീട് നടന്നുപോകുമോ? അപ്പോൾ പിന്നെ രണ്ട് നിയമവുമായി എങ്ങനെ രാജ്യം മുമ്പോട്ടു പോകും? ഭരണഘടന തുല്യാവകാശത്തെ കുറിച്ചാണ് സംസാരിക്കുന്നത്. ഏകീകൃത സിവിൽ കോഡ് നടപ്പാക്കണമെന്ന് സുപ്രിം കോടതിയും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷം വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണ്"- എന്നായിരുന്നു മോദിയുടെ പ്രസ്താവന.