ബുൾഡോസറിന് മുമ്പിൽ ഒന്നിനും വരാനാകില്ല; യുപി വിജയത്തിൽ ഹേമമാലിനി

ഔദ്യോഗിക ഫലസൂചനകൾ പ്രകാരം യുപിയില്‍ 258 മണ്ഡലങ്ങളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്.

Update: 2022-03-10 09:59 GMT
Editor : abs | By : Web Desk
Advertising

മഥുര: ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ മികച്ച വിജയത്തിൽ പ്രതികരണവുമായി മഥുര എംപി ഹേമമാലിനി. ബുൾഡോസറിന് മുമ്പിൽ ഒന്നിനും വരാനാകില്ല എന്നാണ് അവരുടെ പ്രതികരണം. നേരത്തെ, അനധികൃത നിർമാണങ്ങൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. ഇത് പരാമർശിച്ചാണ് ഹേമമാലിനിയുടെ വാക്കുകൾ.

ഉത്തർപ്രദേശിന്റെ വികസനത്തിനു വേണ്ടിയാണ് ബിജെപി നിലകൊള്ളുന്നതെന്ന് അവർ പറഞ്ഞു. 'സർക്കാർ രൂപവത്കരിക്കുമെന്ന് ഞങ്ങൾക്ക് നേരത്തെ അറിയാമായിരുന്നു. വികസനത്തിനായി പ്രവർത്തിച്ചതു കൊണ്ടാണ് ജനം പാർട്ടിയിൽ വിശ്വാസമർപ്പിച്ചത്. ഒരു മിനിറ്റിനുള്ളിൽ എല്ലാം തകർക്കുന്ന ബുൾഡോസറിനു മുമ്പിൽ ഒന്നും വരരുത്. അത് സൈക്കിളായാലും മറ്റെന്തായാലും' - സമാജ് വാദി പാര്‍ട്ടിയെ പരോക്ഷമായി സൂചിപ്പിച്ച് അവർ കൂട്ടിച്ചേർത്തു.

ഔദ്യോഗിക ഫലസൂചനകൾ പ്രകാരം സംസ്ഥാനത്ത് 258 മണ്ഡലങ്ങളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. 112 സീറ്റിലാണ് സമാജ്‌വാദി പാർട്ടിക്ക് മേൽക്കൈയുള്ളത്. 403 അംഗ സഭയിൽ 202 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. 

അതിനിടെ, ഭൂരിക്ഷസമുദായമായ ഹിന്ദുക്കൾക്കുമപ്പുറം ബി.ജെ.പിക്ക് സ്വീകാര്യത ലഭിച്ചതിന്റെ ഉദാഹരണമാണ് തെരഞ്ഞെടുപ്പ് വിജയമെന്ന് യു.പി വ്യവസായ മന്ത്രി സതീഷ് മഹാന പറഞ്ഞു. മതപരിഗണനകളൊന്നുമില്ലാതെ എല്ലാവർക്കും വേണ്ടിയായിരുന്നു ബി.ജെ.പി സർക്കാരിന്റെ എല്ലാ പദ്ധതികളുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും നേതൃത്വം കാരണമാണ് പാർട്ടിക്ക് ഇങ്ങനെയൊരു ഫലം ലഭിച്ചത്. വോട്ട്  ഓഹരിയില്‍ വർധനയുണ്ടായിട്ടുണ്ട്. ഇത് യോഗിയുടെ നേതൃത്വത്തിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസമാണ്. അദ്ദേഹം വാഗ്ദാനങ്ങളെല്ലാം പാലിക്കുകയും യു.പിയെ മാഫിയാമുക്തമാക്കുകയും ചെയ്തു- സതീഷ് മഹാന വ്യക്തമാക്കി. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News