'ഇത്രയും നാൾ നിങ്ങൾക്ക് കണ്ണു കാണുന്നില്ലായിരുന്നോ'? ; രാജ്കോട്ട് തീപിടിത്തത്തില്‍ ഗുജറാത്ത് സർക്കാറിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

ഇനിയും സര്‍ക്കാറിനെ വിശ്വാസത്തിലെടുക്കാനാവില്ലെന്നും കോടതി

Update: 2024-05-27 11:24 GMT
Editor : Lissy P | By : Web Desk
Advertising

ഗാന്ധിനഗർ: രാജ്‌കോട്ടിൽ ഗെയിമിൽ സെന്ററിൽ തീപിടിച്ച് ഒമ്പത് കുട്ടികളടക്കം 32 പേർ മരിച്ച സംഭവത്തിൽ സർക്കാറിനെ രൂക്ഷമായി വിമർശിച്ച് ഗുജറാത്ത് ഹൈക്കോടതി. അഗ്‌നി സുരക്ഷാ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ ആവശ്യമായ അനുമതികളൊന്നുമില്ലാതെ 24 മാസത്തിലേറെയായി രണ്ട് ഗെയിമിംഗ് സോണുകൾ പ്രവർത്തിച്ചതില്‍ കോടതി അമർഷം പ്രകടപ്പിച്ചു. ഗുജറാത്ത് സർക്കാറിനെ ഇനിയും വിശ്വാസത്തിലെടുക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

ഇക്കാലമത്രയും നിങ്ങൾ ഉറങ്ങുകയായിരുന്നോ എന്നും കോടതി സർക്കാറിനോട് ചോദിച്ചു. അനുമതികളില്ലാതെ ഗെയിമിങ് സെന്ററുകൾ പ്രവർത്തിക്കുന്നതിനെതിരെ സർക്കാർ എന്ത് നടപടിയെടുത്തുവെന്നും ബി.ജെ.പി സർക്കാറിനെ എങ്ങനെ വിശ്വസിക്കുമെന്നും കോടതി ചോദിച്ചു. ഇത്രയും നാൾ നിങ്ങൾക്ക് കണ്ണു കാണില്ലായിരുന്നോ?അതോ ഉറങ്ങുകയായിരുന്നോ എന്നും കോടതി ചോദിച്ചു.

ഞങ്ങളുടെ അനുമതി തേടാതെയാണ് ഗെയിമിങ് സോൺ പ്രവർത്തിച്ചതെന്ന് രാജ്‌കോട്ട് മുൻസിപ്പൽ കോർപ്പറേഷൻ കോടതിയെ അറിയിച്ചു. രാജ്കോട്ട് ഗെയിമിംഗ് സോണിന് കഴിഞ്ഞ വർഷം നവംബറിൽ ലോക്കൽ പൊലീസുകാർ ലൈസൻസ് നൽകിയിരുന്നു. ഇത് 2024 ഡിസംബർ 31 വരെ പുതുക്കിയതായി രാജ്കോട്ട് പൊലീസ് കമ്മീഷണർ രാജു ഭാർഗവ പറഞ്ഞു. മുൻസിപ്പൽ ഓഫീസർമാർ ഗെയിമിങ് സെന്ററിൽ നിൽക്കുന്ന ചിത്രം കണ്ടതോടെ കോടതി രൂക്ഷമായി പ്രതികരിച്ചു. ആ ഫോട്ടോയിലുള്ള ഉദ്യോഗസ്ഥർ ആരാണെന്നും അവർ ഗെയിമിങ് സെന്ററിൽ കളിക്കാൻ പോയതാണോ എന്നും കോടതി വിമർശിച്ചു.കഴിഞ്ഞ നാല് വർഷത്തിനിടെ ഞങ്ങൾ നിരവധി തീരുമാനങ്ങളും നിർദേശങ്ങളും നൽകിയിട്ടുണ്ട്. അതിന് ശേഷവും സംസ്ഥാനത്ത് ഇത്തരത്തിലുള്ള ആറ് സംഭവങ്ങൾ ഉണ്ടായെന്നും കോടതി ചൂണ്ടിക്കാട്ടി.

അഹമ്മദാബാദിലെ മറ്റ് രണ്ട് ഗെയിമിംഗ് സോണുകൾക്ക് പ്രവർത്തിക്കാൻ അനുമതിയില്ലെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ മനീഷ ലുവ് കുമാർ ഷാ സമ്മതിച്ചു. ഇത്തരം പ്രശ്‌നങ്ങളെല്ലാം അന്വേഷിച്ച് 72 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തീപിടിത്തതിന് പിന്നാലെ ഗെയിമിങ് സെന്ററിന്റെ മൂന്ന് ഉടമകളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ബാക്കിയുള്ളവരെ കസ്റ്റഡിയിൽ എടുക്കാനുള്ള നടപടികൾ തുടരുകയാണെന്നും സർക്കാർ കോടതിയെ അറിയിച്ചു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News