കേരളത്തിന്റെ ചുമതലയുള്ള എൻ.എസ്.യു.ഐ സെക്രട്ടറി ആന്ധ്രയിൽ കൊല്ലപ്പെട്ട നിലയിൽ
തന്റെ ജീവൻ അപകടത്തിലാണെന്നു പറഞ്ഞ് സമ്പത്ത് ജില്ലാ പൊലീസ് മേധാവിക്ക് അടുത്തിടെ വാട്‌സ്ആപ്പ് സന്ദേശം അയച്ചിരുന്നു
ഹൈദരാബാദ്: കോൺഗ്രസ് വിദ്യാർഥി വിഭാഗമായ എൻ.എസ്.യു.ഐ ദേശീയ സെക്രട്ടറി സമ്പത്ത് രാജ് ആന്ധ്രാപ്രദേശിൽ കൊല്ലപ്പെട്ട നിലയിൽ. കേരളത്തിന്റെ ചുമതലയുള്ള നേതാവാണ് അഭിഭാഷകൻ കൂടിയായ സമ്പത്ത്. ശ്രീ സത്യസായി ജില്ലയിലെ ധർമവരത്തിലെ ഒരു തടാകത്തിന്റെ സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.
നാട്ടുകാർ വിവരം അറിയിച്ചാണ് പൊലീസ് സ്ഥലത്തെത്തിയത്. തടാകക്കരയിലുള്ള പൊന്തക്കാട്ടിലായിരുന്നു സമ്പത്തിന്റെ മൃതദേഹമുണ്ടായിരുന്നത്. അക്രമികൾ കൊലപ്പെടുത്തിയ ശേഷം സ്ഥലത്ത് ഉപേക്ഷിച്ചുപോയതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾക്കായി മൃതദേഹം ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്.
ധർമവരത്തെ യെറാഗുണ്ടപള്ളി സ്വദേശിയാണ് സമ്പത്ത് രാജ്. വർഷങ്ങളായി സത്യസായി ജില്ലയിലെ തന്നെ ഹിന്ദുപൂരിലാണു കഴിയുന്നത്. ആന്ധ്രയിൽ വിദ്യാർഥി കാലഘട്ടം മുതൽ തന്നെ സംഘടനാ പ്രവർത്തനങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ട യുവനേതാവാണ്. അടുത്തിടെയാണ് എൻ.എസ്.യു.ഐ ദേശീയ നേതൃത്വത്തിലെത്തുന്നത്. സംഘടനയുടെ കേരളത്തിലെ പ്രവർത്തനങ്ങളുടെ മേൽനോട്ട ചുമതല വഹിച്ചുവരികയായിരുന്നു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ സജീവസാന്നിധ്യമായുണ്ടായിരുന്ന യുവനേതാക്കളിലൊരാൾ കൂടിയാണ് സമ്പത്ത്.
ഹിന്ദുപൂരിൽ ഒരു അഭിഭാഷകനും സമ്പത്തും തമ്മിൽ ഭൂമി തർക്കമുണ്ടായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. തന്റെ ജീവൻ അപകടത്തിലാണെന്നു പറഞ്ഞ് സത്യസായി ജില്ലാ പൊലീസ് സൂപ്രണ്ടിന് അടുത്തിടെ വാട്‌സ്ആപ്പ് സന്ദേശം അയയ്ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണിപ്പോൾ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. അവസാനമായി ബുധനാഴ്ച രാത്രി എട്ടു വരെ സമ്പത്ത് തങ്ങൾക്കൊപ്പമുണ്ടായിരുന്നുവെന്ന് സുഹൃത്തുക്കളും വെളിപ്പെടുത്തിയിട്ടുണ്ട്.
മറ്റൊരു സ്ഥലത്ത് കൊല്ലപ്പെട്ട ശേഷം മൃതദേഹം തടാകക്കരയിൽ ഉപേക്ഷിച്ച് അക്രമികൾ കടന്നുകളഞ്ഞതാണെന്നാണു പ്രാഥമിക നിഗമനമെന്ന് എസ്.പി ശ്രീനിവാസ് റാവു അറിയിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് എല്ലാ സാധ്യതകൾ വച്ചും അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. സമഗ്രമായ അന്വേഷണം നടത്തി പ്രതികളെ കണ്ടെത്താനും ശിക്ഷ നൽകാനും ഉടൻ നടപടിയുണ്ടാകണമെന്ന് കോൺഗ്രസും എൻ.എസ്.യു.ഐയും ആവശ്യപ്പെട്ടിട്ടുണ്ട്.
Summary: NSUI National Secretary Sampath Raj found murdered in Andhra Pradesh