നീറ്റ് യു.ജി പരീക്ഷാ മാർക്ക് വിവരങ്ങള്‍ എൻ.ടി.എ ഇന്ന് പ്രസിദ്ധീകരിക്കണം; വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ സുപ്രിംകോടതി നിർദേശം

പട്ടിക പുറത്തുവിടുന്നത് കേന്ദ്ര സർക്കാർ എതിർത്തെങ്കിലും, ചോദ്യപേപ്പർ ചോർച്ചയുടെ വ്യാപ്തി കണ്ടെത്താൻ പട്ടിക പ്രസിദ്ധീകരിക്കൽ അനിവാര്യമാണെന്ന നിലപാടിലായിരുന്നു കോടതി

Update: 2024-07-20 02:05 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡല്‍ഹി: നീറ്റ് യു.ജി പരീക്ഷയിൽ വിദ്യാർഥികൾക്ക് ലഭിച്ച മാർക്ക് എൻ.ടി.എ ഇന്ന് പ്രസിദ്ധീകരിക്കണം. ഇന്ന് ഉച്ചയ്ക്ക് മുൻപ് പട്ടിക വെബ്‌സൈറ്റിലൂടെ പുറത്തുവിടണമെന്നാണ് സുപ്രിംകോടതി നിർദേശം നൽകിയത്. ഹരജികൾ തിങ്കളാഴ്ച പരിഗണിക്കും.

ഒരോ കേന്ദ്രത്തിലും പരീക്ഷ എഴുതിയ വിദ്യാർഥികളുടെ മാർക്ക്, റോൾ നമ്പർ മറച്ച് വിശദമായി തന്നെ പ്രസിദ്ധീകരിക്കണമെന്നാണ് സുപ്രിംകോടതി എൻ.ടി.എ യ്ക്ക് നിർദേശം നൽകിയത്. ബിഹാർ പൊലീസിൻ്റെ റിപ്പോർട്ട് കൂടി കോടതി തേടിയിട്ടുണ്ട്. ഇക്കാര്യം കൂടി പരിശോധിച്ച ശേഷമാകും തുടർനടപടി. പട്ടിക പുറത്തുവിടുന്നത് കേന്ദ്ര സർക്കാർ എതിർത്തെങ്കിലും, ചോദ്യപേപ്പർ ചോർച്ചയുടെ വ്യാപ്തി കണ്ടെത്താൻ പട്ടിക പ്രസിദ്ധീകരിക്കൽ അനിവാര്യമാണെന്ന നിലപാടിലായിരുന്നു കോടതി.

പരീക്ഷാ നടത്തിപ്പിൽ ക്രമക്കേട് സംശയിക്കുന്ന വിദ്യാർഥികൾ, പൂർണ വിവരങ്ങൾ ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ടിരുന്നു. ഈ പരാതി കൂടി പരിഹരിക്കാനാണ് വിശദവിവരങ്ങൾ ഇന്ന് പുറത്തുവിടുന്നത്. ചോദ്യപേപ്പർ ചോർച്ച വ്യാപകമാണെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ പുനഃപരീക്ഷ പ്രഖ്യാപിക്കൂവെന്ന് സുപ്രിംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. 24ന് പ്രഖ്യാപിച്ചിരിക്കുന്ന കൗൺസിലിങ് സ്റ്റേ ചെയ്യണമെന്ന ഹരജിക്കാരുടെ ആവശ്യത്തോട് കേന്ദ്ര സർക്കാരിന് എതിർപ്പാണ്. കൗൺസിലിങ് എന്നു തുടങ്ങണമെന്ന കാര്യത്തിൽ തിങ്കളാഴ്ച തീരുമാനമെടുക്കാമെന്ന നിലപാടിലാണ് കോടതി.

Summary: NTA to publish marks obtained by students in NEET UG exam today. The Supreme Court has directed that the list be released on the website before noon today

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News