നൂഹ് സംഘർഷം: കോൺഗ്രസ് എം.എൽ.എ മാമൻ ഖാന് രണ്ട് കേസുകളിൽ ജാമ്യം
ജൂലൈ 31ന് വി.എച്ച്.പി ഘോഷയാത്രക്ക് പിന്നാലെയാണ് നൂഹിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.
നൂഹ്: നൂഹ് സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കോൺഗ്രസ് എം.എൽ.എ മാമൻ ഖാന് രണ്ട് കേസുകളിൽ ജാമ്യം. മറ്റു രണ്ട് കേസുകളിൽ കൂടി പ്രതിയായതിനാൽ അദ്ദേഹത്തിന് ജയിലിൽ തുടരേണ്ടി വരും. ഈ കേസുകളിലെ ജാമ്യാപേക്ഷ കോടതി ഒക്ടോബർ മൂന്നിന് പരിഗണിക്കും.
കേസിലെ വാദം രാവിലെ പൂർത്തിയായെങ്കിലും അഡീഷണൽ സെഷൻസ് ജഡ്ജ് സന്ദീപ് ദുഗ്ഗൽ വൈകീട്ട് നാലിനാണ് വിധി പറഞ്ഞത്. നൂഹ് സംഘർഷത്തിന്റെ സൂത്രധാരനെന്ന് ആരോപിച്ചാണ് സെപ്റ്റംബർ 15ന് ഹരിയാന പൊലീസ് മാമൻ ഖാനെ അറസ്റ്റ് ചെയ്തത്.
ജൂലൈ 31ന് വി.എച്ച്.പി ഘോഷയാത്രക്ക് പിന്നാലെയാണ് നൂഹിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. സംഘർഷത്തിൽ പള്ളി ഇമാം അടക്കം ആറുപേർ കൊല്ലപ്പെട്ടിരുന്നു. മാമൻ ഖാനെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും സംഭവത്തിൽ ഹൈക്കോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ നിഷ്പക്ഷ അന്വേഷണം വേണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.