''പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും ഓഫീസിൽനിന്ന് വിളിച്ച് പിന്തുണ അറിയിച്ചിരുന്നു''- ബി.ജെ.പിയുടെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി നുപൂർ ശർമയുടെ പഴയ അഭിമുഖം

''റസാ അക്കാദമി എനിക്കെതിരെ കേസ് നൽകിയ ശേഷം ദേവേന്ദ്ര ഫഡ്‌നാവിസ് വിളിച്ച്, പേടിക്കേണ്ട, ഞങ്ങളെല്ലാം കൂടെയുണ്ടെന്ന് അറിയിച്ചിരുന്നു. പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും പാർട്ടി അധ്യക്ഷന്റെയുമെല്ലാം ഓഫീസുകളടക്കം മുതിർന്ന നേതാക്കളെല്ലാം എന്റെ പിന്നിലുണ്ട്.''

Update: 2022-06-07 10:00 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ അപകീർത്തി പരാമർശം നടത്തിയതിനു പിന്നാലെയുണ്ടായ പ്രതിഷേധങ്ങൾക്കിടെ പിന്തുണയുമായി പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും ഓഫീസുകളിൽനിന്ന് തന്നെ വിളിച്ചിരുന്നുവെന്ന് നുപൂർ ശർമ. പാർട്ടി അധ്യക്ഷനടക്കം മുതിർന്ന നേതാക്കളെല്ലാം പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അവരെല്ലാം നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും നുപൂർ വെളിപ്പെടുത്തി.

സംഘ്പരിവാർ ന്യൂസ് പോർട്ടലായ ഓപ്ഇന്ത്യ ഡോട്ട് കോമിന് ദിവസങ്ങൾക്കുമുൻപ് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. മുതിർന്ന നേതാക്കന്മാരോടെല്ലാം വലിയ നന്ദിയുണ്ടെന്ന് നുപൂർ പറഞ്ഞു. അറബ് ലോകത്തുനിന്നുള്ള പ്രതിഷേധത്തെ തുടർന്ന് കണ്ണിൽപൊടിയിടാനായാണ് ബി.ജെ.പി നുപൂറിനെ പാർട്ടി പ്രാഥമിഗാംഗത്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്തതെന്ന് അഭിമുഖം ചൂണ്ടിക്കാട്ടി വിമർശനമുയരുന്നുണ്ട്. ബി.ജെ.പി പ്രവർത്തകരും അഭിമുഖത്തിലെ വെളിപ്പെടുത്തലുകൾ ചൂണ്ടിക്കാട്ടി നേതൃത്വത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

''ഇതെല്ലാം സംഭവിച്ച ശേഷം എന്നെ ആദ്യമായി വിളിച്ചത് ആഭ്യന്തര മന്ത്രിയുടെ ഓഫീസിൽനിന്നായിരുന്നു. ജോലിത്തിരക്കിലായിട്ടും, ഡൽഹിക്കു പുറത്തായിട്ടും അദ്ദേഹത്തിന്റെ ഓഫീസ് ദിവസവും എന്നെ ബന്ധപ്പെട്ടുകൊണ്ടിരുന്നു. വലിയ നന്ദിയുണ്ട് അതിന്.''- നുപൂർ പറഞ്ഞു.

''ആളുകൾ എന്തൊക്കെപ്പറഞ്ഞാലും ബഹുമാന്യനായ ആഭ്യന്തര മന്ത്രി അമിത് ഷാ പാർട്ടി വക്താവിന്റെ ആരോഗ്യത്തെക്കുറിച്ചും സുരക്ഷയെക്കുറിച്ചും ആശങ്കാകുലനാണ്. പ്രത്യേകിച്ചും ഇത് എന്റെയും കുടുംബത്തിന്റെയും സുരക്ഷയുടെ കാര്യമാണ്. ശരിക്കും ഭീഷണിയാണിത്. പൊലീസ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നതുവരെ ഞാനതിനെ ഗൗരവമായി എടുത്തിരുന്നില്ല. ഡൽഹി പൊലീസ് കമ്മിഷണറെ കണ്ടിരുന്നു. എനിക്കെതിരെ വധഭീഷണിയുണ്ടെന്ന ഇന്റലിജൻസ് വിവരം അവർ പങ്കുവച്ചു. സോഷ്യൽ മീഡിയയയുടെ കാര്യം മാത്രമല്ല ഇത്.''

പാർട്ടി അധ്യക്ഷന്റെ ഓഫീസിൽനിന്നും എന്നെ ബന്ധപ്പെട്ടിരുന്നുവെന്നും നുപൂർ വെളിപ്പെടുത്തി. ആദ്യമായി ബന്ധപ്പെട്ടവരിൽ ഒരാളായ ഗൗരവ് ഭാട്ടിയയോടും(ബി.ജെ.പി ദേശീയ വക്താവ്) നന്ദിയുണ്ട്. റസാ അക്കാദമി എനിക്കെതിരെ കേസ് നൽകിയ ശേഷം ദേവേന്ദ്ര ഫഡ്‌നാവിസ് വിളിച്ച്, പേടിക്കേണ്ട, ഞങ്ങളെല്ലാം കൂടെയുണ്ടെന്ന് അറിയിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസാണെങ്കിലും ആഭ്യന്തര മന്ത്രിയുടെ ഓഫീസാണെങ്കിലും പാർട്ടി അധ്യക്ഷന്റെ ഓഫീസാണെങ്കിലും മുതിർന്ന നേതാക്കളെല്ലാം എന്റെ പിന്നിലുണ്ടെന്നും നുപൂർ ശർമ കൂട്ടിച്ചേർത്തു.

അതേസമയം, പ്രവാചകനെ അധിക്ഷേപിച്ച കേസിൽ നുപൂർ ശർമയ്ക്ക് മുംബൈ പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. ജൂൺ 22ന് മുംബൈ പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകാനാണ് നിർദേശം. ഭീഷണിസന്ദേശം ലഭിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നുപൂറിന് ഡൽഹി പൊലീസ് സുരക്ഷ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ചാനൽ ചർച്ചയ്ക്കിടെ പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് നടത്തിയ അപകീർത്തി പരാമർശങ്ങൾക്ക് പിന്നാലെയാണ് വധഭീഷണിയുണ്ടെന്ന് കാണിച്ച് നുപൂർ സൈബർ സെല്ലിൽ പരാതി നൽകിയത്. വിവാദ പരാമർശത്തിന്റെ പേരിൽ നുപൂറിനെയും പാർട്ടിയുടെ ഡൽഹി മാധ്യമവിഭാഗം മേധാവി നവീൻ ജിൻഡാലിനെയും ബി.ജെ.പി സസ്‌പെൻഡ് ചെയ്തിരുന്നു. വിവാദ പരാമർശത്തിൽ അറബ് ലോകത്തുനിന്നടക്കം പ്രതിഷേധം ശക്തമായതിനു പിന്നാലെയായിരുന്നു നടപടി.

Summary: "The offices of the Prime Minister and the Home Minister had called me and conveyed their support,", says Nupur Sharma in OpIndia interview after the alleged threats on blasphemous remarks on the Prophet Muhammed

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News