യു.പിയിലെ ആശുപത്രിയിൽ നഴ്സിനെ ബലാത്സംഗം ചെയ്ത് ഡോക്ടർ; മൂന്ന് പേർ അറസ്റ്റിൽ
സംഭവത്തിൽ ഡോക്ടർ, പുരുഷ നഴ്സ്, വാർഡ് ബോയ് എന്നിവരാണ് പിടിയിലായത്.
ലഖ്നൗ: കൊൽക്കത്തയിൽ യുവ വനിതാ ഡോക്ടറുടെ ബലാത്സംഗക്കൊലയിൽ രാജ്യവ്യാപക പ്രതിഷേധം തുടരവെ യു.പിയിൽ നഴ്സിനെ ബലാത്സംഗം ചെയ്ത് ഡോക്ടർ. മൊറാദാബാദ് ജില്ലയിലെ ഒരു ആശുപത്രിയിൽ ആഗസ്റ്റ് 17ന് രാത്രിയാണ് സംഭവം. 20കാരിയായ നഴ്സാണ് പീഡനത്തിന് ഇരയായത്. സംഭവത്തിൽ ഡോക്ടർ, പുരുഷ നഴ്സ്, വാർഡ് ബോയ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവദിവസം, നൈറ്റ് ഡ്യൂട്ടിയിലായിരുന്ന നഴ്സ് രാത്രി ഏഴ് മണിയോടെ ജോലിക്കെത്തി. അർധരാത്രി ആശുപത്രിയിലെ മറ്റൊരു നഴ്‌സായ മെഹ്‌നാസ്, ഡോ. ഷാനവാസിനെ മുറിയിൽ പോയി കാണാൻ ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ചപ്പോൾ മെഹ്‌നാസും വാർഡ് ബോയ് ജുനൈദും ചേർന്ന് നഴ്സിനെ ആശുപത്രിയുടെ മുകൾനിലയിലെ മുറിയിലേക്ക് ബലമായി കൊണ്ടുപോയി പൂട്ടിയിട്ടെന്ന് പരാതിയിൽ പറയുന്നു.
പിന്നീട്, ഡോ. ഷാനവാസ് മുറിയിൽ കയറി തന്നെ ബലാത്സംഗം ചെയ്തെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ജാതി അധിക്ഷേപം നടത്തുകയും ചെയ്തതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ, നഴ്സിന്റെ പിതാവിന്റെ പരാതിയിൽ ബി.എൻ.എസ്, പട്ടികജാതി- വർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയൽ നിയമം എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്ത മൊറാദാബാദ് പൊലീസ് മൂവരേയും അറസ്റ്റ് ചെയ്യുകയായിരുന്നു.
'സംഭവവുമായി ബന്ധപ്പെട്ട് താക്കൂർദ്വാര പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചു. മൂന്ന് വ്യക്തികൾക്കെതിരെ കേസെടുത്തു. അന്വേഷണത്തിനായി ഒരു ടീമും രൂപീകരിച്ചു. തുടർന്ന് മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തു. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി'- മൊറാദാബാദ് റൂറൽ എസ്.പി സന്ദീപ് കുമാർ മീണ പറഞ്ഞു. അതേസമയം, പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് നഴ്‌സിൻ്റെ പിതാവ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
'എൻ്റെ മകൾ ബിരുദാനന്തര ബിരുദം കഴിഞ്ഞ് പത്ത് മാസമായി ഒരു പ്രാദേശിക ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു. ആഗസ്റ്റ് 17ന് രാത്രി ഷിഫ്റ്റിലായിരുന്നപ്പോൾ ആശുപത്രിയിലെ നഴ്‌സ് മെഹ്നാസും വാർഡ് ബോയ് ജുനൈദും ചേർന്ന് അവളെ ഡോക്ടർ താമസിക്കുന്ന രണ്ടാം നിലയിലെ മുറിയിലെത്തിച്ചു'.
'ഡോക്ടർ അവളെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിന് ശേഷം അവൾ ഏറെ പ്രയാസപ്പെട്ട് ഇറങ്ങി വരികയും നടന്ന കാര്യങ്ങൾ മറ്റൊരു നഴ്‌സിനോട് പറയുകയും ചെയ്തു. വീട്ടിൽ എത്തിയ അവൾ സംഭവം ഞങ്ങളോടും പറഞ്ഞു. തുടർന്ന് പൊലീസിൽ പരാതി നൽകുകയുമായിരുന്നു'- പിതാവ് കൂട്ടിച്ചേർത്തു.