'നല്ല സ്ത്രീധനം നൽകിയാൽ കാണാൻ ഭംഗിയില്ലാത്ത പെൺകുട്ടികളുടെയും വിവാഹം നടക്കും'; വിവാദ പരാമർശങ്ങളുമായി നഴ്‌സിങ് വിദ്യാർത്ഥികളുടെ പാഠപുസ്തകം
ടി.കെ ഇന്ദ്രാനി തയാറാക്കിയ പുസ്തകം നിലവിൽ ഇന്ത്യൻ നഴ്‌സിങ് കൗൺസിൽ പാഠ്യപദ്ധതിയുടെ ഭാഗമാണ്
സ്ത്രീധനത്തിന്റെ ഗുണവശങ്ങൾ വിവരിച്ച് നഴ്‌സിങ് വിദ്യാർത്ഥികളുടെ പാഠപുസ്തകം. ബി.എസ്‌സി രണ്ടാം വർഷ വിദ്യാർത്ഥികൾക്കുള്ള സാമൂഹ്യശാസ്ത്ര പുസ്തകത്തിലാണ് സ്ത്രീധനത്തിന്റെ ഗുണങ്ങളും നേട്ടങ്ങളും എന്ന പേരിൽ പാഠഭാഗമുള്ളത്. നല്ല സ്ത്രീധനം നൽകിയാൽ കാണാൻ ഭംഗിയില്ലാത്ത പെൺകുട്ടികളെ വിവാഹം ചെയ്തയയ്ക്കാനാകുമെന്ന് പാഠഭാഗത്തിൽ പറയുന്നു. സമൂഹമാധ്യമങ്ങളിൽ ചില വിദ്യാർത്ഥികൾ ഈ ഭാഗങ്ങൾ എടുത്തിട്ടതോടെയാണ് പാഠപുസ്തകം വിവാദത്തിലായത്.
ടി.കെ ഇന്ദ്രാനി തയാറാക്കിയ പുസ്തകം നിലവിൽ ഇന്ത്യൻ നഴ്‌സിങ് കൗൺസിൽ പാഠ്യപദ്ധതിയുടെ ഭാഗമാണ്. ന്യൂഡൽഹി കേന്ദ്രമായുള്ള ജേപീ ബ്രദേഴ്‌സ് മെഡിക്കൽ പബ്ലിഷേഴ്‌സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ഫർണിച്ചറുകളും ഫ്രിഡ്ജും വാഹനങ്ങളും അടക്കമുള്ള വീട്ടുപകരണങ്ങളും മറ്റുമെല്ലാമായി പുതിയ വീടും കുടുംബവും തുടങ്ങാൻ സഹായിക്കുന്നതാണ് സ്ത്രീധനമെന്ന് വിവാദ പാഠഭാഗത്തിൽ പറയുന്നുണ്ട്. സ്ത്രീധനത്തിന്റെ ഭാരം കാരണം നിരവധി രക്ഷിതാക്കൾ പെൺകുട്ടികളെ പഠിപ്പിക്കാൻ തുടങ്ങി. പെൺകുട്ടികൾ പഠിക്കുകയോ ജോലി നേടുകയോ ചെയ്താൽ തന്നെ സ്ത്രീധനത്തിനുള്ള ആവശ്യം കുറയും. ഇത് സ്ത്രീധനത്തിന്റെ നേരിട്ടല്ലാത്തൊരു ഗുണമാണെന്നും ഇതിൽ ചൂണ്ടിക്കാട്ടുന്നു.
വിവാദമായതോടെ സമൂഹമാധ്യമങ്ങളിലും അല്ലാതെയും നിരവധി പേരാണ് പുസ്തകത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ശിവസേനയുടെ രാജ്യസഭാ അംഗമായ പ്രിയങ്ക ചതുർവേദി പുസ്തകത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന് കത്തയച്ചു. സ്ത്രീധനത്തിന്റെ ഗുണവശങ്ങൾ വിവരിക്കുന്ന ഒരു പാഠപുസ്തകം ഇപ്പോഴും നമ്മുടെ രാജ്യത്തെ പാഠ്യപദ്ധതിയുടെ ഭാഗമായി നിലനിൽക്കുന്നുണ്ടെന്ന് അറിയുന്നത് രാജ്യത്തിനും ഭരണഘടനയ്ക്കും ലജ്ജാകരമാണെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു. സ്ത്രീധനം ഒരു കുറ്റകൃത്യമായിട്ടും ഇത്തരം കാലഹരണപ്പെട്ട ആശയങ്ങൾ വച്ചുപുലർത്തുന്നത് നിർഭാഗ്യകരമാണെന്നും അവർ കൂട്ടിച്ചേർത്തു.
ട്രെയിൻഡ് നഴ്‌സസ് അസോസിയേഷൻ ഓഫ് ഇന്ത്യ(ടി.എൻ.എ.ഐ) വിവാദ പാഠഭാഗത്തെ തള്ളിക്കളഞ്ഞിട്ടുണ്ട്. തെറ്റിദ്ധാരണയുണ്ടാക്കുന്ന വിവരങ്ങൾ പാഠപുസ്തകത്തിലുണ്ടെന്നത് അത്ഭുതത്തോടെയാണ് അറിയുന്നതെന്നും വിവാദ പാഠഭാഗത്തെ ശക്തമായി അപലപിക്കുന്നുവെന്നും ടി.എൻ.എ.ഐ പ്രതികരിച്ചു.
Summary: Dowry helps in marrying off ugly looking girls, says textbook for nursing students