അധികാരത്തിലെത്തിയിട്ട് 22 വർഷം; ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് രണ്ടാം വിദേശ യാത്രക്ക്

മുമ്പ് 2012 മേയ് 24ന് ലണ്ടനിലേക്കായിരുന്നു നവീൻ പട്‌നായിക് സന്ദർശനം നടത്തിയിരുന്നത്. അന്ന് പ്യാരി മോഹൻ മഹോപത്ര പാർട്ടിക്കകത്ത് വിമത പ്രവർത്തനം തുടർന്ന് ഉടൻ മടങ്ങിയെത്തുകയായിരുന്നു

Update: 2022-06-18 14:26 GMT
Advertising

ന്യൂഡൽഹി: 22 വർഷമായി ഒഡീഷയിൽ അധികാരത്തിലുള്ള മുഖ്യമന്ത്രി നവീൻ പട്‌നായിക് രണ്ടാം വിദേശയാത്രക്ക് പോകുന്നു. 11 ദിവസത്തെ സന്ദർശനത്തിനായി ജൂൺ 20ന് റോമിലേക്കും പിന്നീട് ദുബായിലേക്കുമാണ് ബിജു ജനതാ ദൾ നേതാവ് കൂടിയായ ഇദ്ദേഹം പോകുന്നത്. ഇതിന് മുമ്പ് 2012 മേയ് 24ന് ലണ്ടനിലേക്കായിരുന്നു നവീൻ പട്‌നായിക് സന്ദർശനം നടത്തിയിരുന്നത്. അന്ന് ബിജു ജനതാ ദൾ നേതാവായ പ്യാരി മോഹൻ മഹോപത്ര പാർട്ടിക്കകത്ത് വിമത പ്രവർത്തനം തുടർന്ന് അദ്ദേഹം ഉടൻ മടങ്ങിയെത്തുകയായിരുന്നു. പിന്നീട് അദ്ദേഹം വിദേശ യാത്രകൾ നടത്തിയിരുന്നില്ല.


രണ്ടാം വിദേശ യാത്രയിൽ ചീഫ് സെക്രട്ടറി സുരേഷ് മഹോപത്ര, പ്രൈവറ്റ് സെക്രട്ടറി വി.കെ പാണ്ഡ്യൻ എന്നിവരടക്കം നാലു ഐഎഎസ് ഓഫീസർമാരാണ് നവീൻ പട്‌നായികിനെ അനുഗമിക്കുന്നത്. ആദ്യം ഡൽഹിയിലേക്കും അവിടെ നിന്ന് ജൂൺ 20ന് റോമിലേക്കുമാണ് സംഘം പോകുന്നത്. വേൾഡ് ഫുഡ് പ്രോഗ്രാമിൽ പങ്കെടുക്കാനാണ് യാത്ര. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനും ദുരന്ത നിവാരണത്തിനുമായി ബിജെഡി സർക്കാർ സ്വീകരിച്ച നടപടികൾ ഇദ്ദേഹം പരിപാടിയിൽ പങ്കുവെക്കും.

ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനായി ഒഡീഷയിൽ 2008 മുതൽ രണ്ടു രൂപ നിരക്കിൽ ഒരു കിലോ അരി നൽകുന്നുണ്ട്. ദാരിദ്ര രേഖക്ക് താഴെയുള്ളവർക്കാണ് ഈ ആനുകൂല്യം. 2013 മുതൽ കിലോക്ക് ഒരു രൂപ നിരക്കിലാണ് അരി നൽകുന്നത്. സംസ്ഥാനത്തെ കലഹാൻഡി, ബോലാഗീർ, കൊറാപുത് എന്നീ പ്രദേശങ്ങളിൽ കഴിഞ്ഞ കുറച്ചു പതിറ്റാണ്ടുകളായി നൂറു കണക്കിന് പട്ടിണി മരണങ്ങളുണ്ടായിരുന്നു. ഈ പ്രദേശങ്ങളിൽ ദാരിദ്ര രേഖക്ക് മുകളിലുള്ളവരും സർക്കാറിന്റെ ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ പ്രായോജകരായിരുന്നു.

റോമിലെത്തി പോപ്പ് ഫ്രാൻസിസ് മാർപാപ്പയെയും നവീൻ പട്‌നായിക് കാണുന്നുണ്ട്. കഴിഞ്ഞ വർഷം ഒക്‌ടോബറിൽ പോപ്പിനെ കാണാനും വേൾഡ് പീസ് കോൺഫറൻസിൽ പങ്കെടുക്കാനും പോകാനിരുന്ന മമതാ ബാനർജിക്ക് കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചിരുന്നു.

Odisha Chief Minister Naveen Patnaik's second foreign trip in 22 years after coming to power

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News