ഒഡിഷ കോൺഗ്രസ് ആസ്ഥാനത്ത് അജ്ഞാതരുടെ ആക്രമണം; സംസ്ഥാന അധ്യക്ഷന്റെ ദേഹത്ത് മഷിയൊഴിച്ചു
ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് പാർട്ടി ആരോപിച്ചു.
ഭുബനേശ്വർ: ഒഡിഷയിൽ കോൺഗ്രസ് ആസ്ഥാന മന്ദിരത്തിൽ അജ്ഞാതരുടെ ആക്രമണം. ഓഫീസിൽ അതിക്രമിച്ചു കയറിയ അക്രമിസംഘം വാതിലുകളും ഉപകരണങ്ങളുമടക്കം അടിച്ചുതകർക്കുകയും സംസ്ഥാന അധ്യക്ഷന്റെ ദേഹത്ത് മഷിയൊഴിക്കുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.
ഒഡിഷ പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ ശരത് പട്ടാനായകിന് നേരെയാണ് അജ്ഞാതരായ അക്രമികൾ മഷി എറിഞ്ഞത്. രാവിലെ 11.30ഓടെ എത്തിയ അക്രമികൾ ഓഫീസ് അടിച്ചുതകർക്കുകയും പട്ടാനായകിൻ്റെ ചേംബറിൻ്റെ വാതിൽ പൊളിക്കുകയും ചെയ്തു.
ആക്രമണത്തിൽ തന്റെ ഇടതു കണ്ണിന് ചെറിയ പരിക്കേറ്റതായി പട്ടാനായക് പറഞ്ഞു. 'മഷിയും മുട്ടയും കല്ലും ഉപയോഗിച്ച് നിശബ്ദരാക്കാനുള്ള ശ്രമങ്ങൾ കൊണ്ടൊന്നും സമരങ്ങളിൽ നിന്നും തങ്ങൾ പിന്മാറില്ല. ഈ ഭീരുത്വപ്രവൃത്തികൾക്ക് പിന്നിൽ പ്രവർത്തിച്ച ബിജെപിക്കോ മറ്റ് ഗൂഢാലോചനക്കാർക്കോ ഞങ്ങളുടെ മുന്നോട്ടുപോക്കിനെ തടയാനാവില്ല'- അദ്ദേഹം പറഞ്ഞു.
'ഈ ആക്രമണങ്ങൾക്കിടയിലും ഒഡീഷയിൽ കോൺഗ്രസ് കൂടുതൽ ശക്തിപ്പെടുകയാണ്. നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരായ പോരാട്ടത്തിലും പ്രതിഷേധത്തിലും ഞങ്ങൾ ഉറച്ചുനിൽക്കും. പ്രതിഷേധം കൂടുതൽ ശക്തമാക്കും'- അദ്ദേഹം വ്യക്തമാക്കി.
കണ്ണിന് പരിക്കേറ്റെങ്കിലും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും തങ്ങൾക്ക് ഭയമില്ലെന്നും കോൺഗ്രസ് അധ്യക്ഷൻ കൂട്ടിച്ചേർത്തു. സംഭവത്തിനു പിന്നാലെ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ് രംഗത്തെത്തി. ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് പാർട്ടി ആരോപിച്ചു.
എന്നാൽ, കോൺഗ്രസിനുള്ളിലെ ആഭ്യന്തര കലഹമാണ് സംഭവത്തിന് പിന്നിലെന്നാണ് ബിജെപി വക്താവ് ദിലീപ് മല്ലിക്കിന്റെ വാദം. പട്ടാനായകിനെതിരായ കോൺഗ്രസ് പ്രവർത്തകർക്കിടയിലെ രോഷത്തിൻ്റെ പ്രതിഫലനമാണ് മഷി ആക്രമണം. സഹതാപം നേടാനായി കോൺഗ്രസ് മറ്റ് പാർട്ടികൾക്ക് നേരെ വിരൽ ചൂണ്ടുകയാണെന്നും മല്ലിക് കൂട്ടിച്ചേർത്തു.