വെടിയേറ്റ ഒഡീഷ ആരോഗ്യമന്ത്രി നബ ദാസ് മരിച്ചു

മന്ത്രിയുടെ തൊട്ടടുത്ത് നിന്നാണ് വെടിയുതിർത്തത്

Update: 2023-01-29 17:45 GMT
Editor : Dibin Gopan | By : Web Desk
Advertising

ഭുവനേശ്വർ: മുൻ സുരക്ഷ ഉദ്യോഗസ്ഥന്റെ വെടിയേറ്റ ഒഡീഷ ആരോഗ്യമന്ത്രി നബ ദാസ് മരിച്ചു. മുൻ സുരക്ഷ ഉദ്യോഗസ്ഥൻ എഎസ്ഐ ഗോപാൽ കൃഷ്ണദാസാണ് മന്ത്രിക്കെതിരെ വെടിയുതിർത്തത്. ഗാന്ധിചൗക്കിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയ മന്ത്രി കാറിൽനിന്ന് ഇറങ്ങുമ്പോഴാണ് അക്രമി വെടിയുതിർത്തത്. രണ്ട് വെടിയുണ്ടകളാണ് മന്ത്രിയുടെ നെഞ്ചിൽ തറച്ചത്. മന്ത്രിയുടെ തൊട്ടടുത്ത് നിന്നാണ് വെടിയുതിർത്തത്.

വെടിയുതിർക്കുന്ന ആളെ കാണാൻ സാധിക്കുന്നില്ലെങ്കിലും, കാറിൽനിന്നു പുറത്തിറങ്ങുമ്പോൾ മന്ത്രിക്ക് ക്ലോസ് റേഞ്ചിൽനിന്ന് വെടിയേൽക്കുന്ന വിഡിയോ പുറത്തുവന്നിരുന്നു. കാറിൽനിന്ന് ഇറങ്ങുന്ന മന്ത്രിയെ അനുയായികൾ മുദ്രാവാക്യം വിളികളോടെയും പൂമാലയിട്ടും സ്വീകരിക്കുന്നതാണ് ആദ്യ ഭാഗത്ത് കാണുന്നത്. പിന്നാലെ ഒരു വലിയ വെടിയൊച്ച കേൾക്കുകയും മന്ത്രി പിന്നിലേക്കു മറിഞ്ഞു വീഴുകയും ചെയ്യുന്നു. നെഞ്ചിൽ കൈ അമർത്തിപ്പിടിച്ചു മന്ത്രി എഴുന്നേൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

അതേസമയം, ഒഡീഷ ആരോഗ്യമന്ത്രിയെ വെടിവച്ച എഎസ്ഐ ഗോപാൽ ദാസിനു മാനസിക അസ്വസ്ഥത ഉണ്ടെന്ന് ഭാര്യ ജയന്തിദാസ് പറഞ്ഞു. ആറു മാസമായി മാനസിക പ്രശ്നങ്ങൾക്ക് മരുന്ന് കഴിക്കുകയായെന്ന് ഗോപാൽ ദാസിന്റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു.

നബ ദാസിന്റെ മരണം ഒഡീഷയ്ക്ക് തീരാനഷ്ടമെന്ന് മുഖ്യമന്ത്രി നവീൻ പട്‌നായിക് പറഞ്ഞു. പാർട്ടിക്ക് അതീതമായി താഴെ തട്ടിൽ ജനബന്ധമുള്ള നേതാവിനെ നഷ്ടമായി. ആരോഗ്യമേഖലയ്ക്ക് നിരവധി പദ്ധതികൾ ആവിഷ്‌കരിച്ച മന്ത്രിയായിരുന്നു നബ ദാസെന്നും നവീൻ പട്‌നായ്ക് പറഞ്ഞു.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News