രഹസ്യ രംഗങ്ങൾ പകർത്തി 'ബ്ലാക്ക്‍മെയില്‍'; വലയിൽ വീണത് മന്ത്രിമാരടക്കം വമ്പൻ സ്രാവുകൾ-ഒഡിഷയെ ഞെട്ടിച്ച് ദമ്പതിമാരുടെ ഹണിട്രാപ്പ്

രാഷ്ട്രീയ, സിനിമാ, വ്യവസായ രംഗങ്ങളിലുള്ള പ്രമുഖരെ ഇരയാക്കി നാലു വർഷത്തിനിടെ ദമ്പതികൾ 30 കോടിയുടെ സ്വത്തുക്കൾ സ്വന്തമാക്കിയെന്നാണ് പൊലീസ് പറയുന്നത്

Update: 2022-10-15 08:06 GMT
Editor : Shaheer | By : Web Desk
Advertising

ഭുവനേശ്വർ: ഒഡിഷയിൽ രാഷ്ട്രീയ, സിനിമാ, വ്യവസായ രംഗങ്ങളിലുള്ള പ്രമുഖർ അകപ്പെട്ട 'ഹണിട്രാപ്പ്' കേസിൽ യുവതിയെക്കുറിച്ച് പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. ഒഡിഷയുടെ പട്ടിണികേന്ദ്രമെന്ന് ഒരുകാലത്ത് അറിയപ്പെട്ടിരുന്ന കലഹന്ദിയിലെ ഒരു ദരിദ്രകുടുംബത്തിൽനിന്ന് കൊട്ടാരസമാനമായ ജീവിതത്തിലേക്കുള്ള അർച്ചന നാഗിന്റെ വളർച്ച വളരെ പെട്ടെന്നായിരുന്നു. പ്രമുഖരെ വലയിലാക്കി കോടികളാണ് യുവതിയും ഭർത്താവ് ജഗബന്ധുവും തട്ടിയതെന്നാണ് പൊലീസ് പറയുന്നത്. നാലു വർഷത്തിനിടെ ദമ്പതികൾ 30 കോടിയുടെ സ്വത്തുക്കൾ സ്വന്തമാക്കിയെന്നാണ് പൊലീസ് റിപ്പോർട്ട്.

സൗഹൃദം, വിവാഹം, തട്ടിപ്പ്

കലഹന്ദിയിലെ ലഞ്ചിഗഢിൽ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച അർച്ചന നാട്ടിൽ പ്രാഥമിക, കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷമാണ് 2015ൽ ഒഡിഷ തലസ്ഥാനമായ ഭുവനേശ്വറിലെത്തുന്നത്. നിയമത്തിൽ ബിരുദ പഠനത്തിനായായിരുന്നു ഇവിടെയെത്തിയത്. ഇതിനിടെ ഒരു സുരക്ഷാ കമ്പനിയിൽ ജോലിക്കു കയറി. അവിടെ അധികകാലം നിന്നില്ല.

പിന്നീട് ബാരാമുണ്ടയിൽ സ്വന്തമായൊരു ബ്യൂട്ടി പാർലർ തുടങ്ങി. ഇതിന്റെ ഭാഗമായി സെക്‌സ് റാക്കറ്റിനും തുടക്കമിട്ടിരുന്നതായി പൊലീസ് പറയുന്നു. പെട്ടെന്ന് സമ്പന്നയാകണമെന്ന ആഗ്രഹമായിരുന്നു ഇത്തരമൊരു നീക്കത്തിനു പിന്നിലെന്നാണ് പൊലീസിന്റെ വിശദീകരണം. ഈ സമയത്താണ് ജഗബന്ധുവിനെ പരിചയപ്പെടുന്നത്.

ബാലാസോറിൽ ഒരു പലചരക്ക് കട നടത്തുകയായിരുന്നു ജഗബന്ധു. പിന്നീട് ഭുവനേശ്വറിൽ സുഹൃത്തിനൊപ്പം യൂസ്ഡ് കാർ വിൽപന ആരംഭിച്ചു. ഇതിനിടയിലാണ് അർച്ചനയെ പരിചയപ്പെടുന്നത്. ഇരുവരും തമ്മിലുള്ള സൗഹൃദം ശക്തമായി. 2018ൽ വിവാഹിതരാകുകയും ചെയ്തു. വിവാഹശേഷം ഇരുവരും ഒന്നിച്ചായി സെക്‌സ് റാക്കറ്റും ഹണിട്രാപ്പ് അടക്കമുള്ള സാമ്പത്തിക തട്ടിപ്പും.

'മന്ത്രിമാരടക്കം 25 രാഷ്ട്രീയ നേതാക്കൾ വലയിൽ'

രാഷ്ട്രീയ, സാമ്പത്തിക, സിനിമാരംഗങ്ങളിലുള്ള പ്രമുഖരുമായി ജഗബന്ധു സൗഹൃദത്തിലാകും. ഒരു പാർട്ടിയിൽ അംഗമാണെന്നു പറഞ്ഞാണ് ആദ്യം സ്വയം പരിചയപ്പെടുത്തുക. സൗഹൃദത്തിലായ ശേഷമാണ് ഇവരെ ഹണിട്രാപ്പിലൂടെ വലയിലാക്കുക. ഇവരുടെ രഹസ്യചിത്രങ്ങളും വിഡിയോകളും പകർത്തും. ഇതു കാണിച്ച് ബ്ലാക്ക്‌മെയിൽ ചെയ്ത് കോടികൾ തട്ടുന്നതാണ് രീതി.

ഒഡിയ ചലച്ചിത്ര നിർമാതാവ് അക്ഷയ് പരിജയെ ഇത്തരത്തിൽ വലയിലാക്കിയതോടെയാണ് സംഭവം പുറത്തെത്തിയത്. ഹണിട്രാപ്പിലൂടെ പരിജയുടെ രഹസ്യചിത്രങ്ങളും വിഡിയോയും പകർത്തിയ അർച്ചനയും ജഗബന്ധുവും മൂന്നു കോടിയാണ് ആവശ്യപ്പെട്ടത്. എന്നാൽ, പണം നൽകാൻ അദ്ദേഹം തയാറായില്ല.

ഇതോടെയാണ് പെൺകുട്ടിക്കൊപ്പമുള്ള പരിജയുടെ നഗ്നവിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. എന്നാൽ, അദ്ദേഹം നയപള്ളി പൊലീസിൽ അർച്ചനയ്ക്കും ജഗബന്ധുവിനും എതിരെ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘത്തിന്റെ സെക്‌സ് റാക്കറ്റിനെക്കുറിച്ചും ഹണിട്രാപ്പ് തട്ടിപ്പുകളെക്കുറിച്ചുമുള്ള വിവരങ്ങൾ പുറത്തായത്.

18 എം.എൽ.എമാരും മന്ത്രിമാരും അടക്കം 25 രാഷ്ട്രീയ നേതാക്കളെ ദമ്പതികൾ ഇത്തരത്തിൽ വലയിലാക്കിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. നിരവധി വ്യവസായികളും സിനിമാ പ്രവർത്തകരും ഇതിൽ അകപ്പെട്ടിട്ടുണ്ട്. പ്രതികൾക്ക് ഒഡിഷ ഭരണകക്ഷിയായ ബിജു ജനതാദളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.

Summary: Odisha honey-trap scandal: The rags-to-riches journey of Archana Nag

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News