ഓട്ടോറിക്ഷ ഡ്രൈവർ പാതിവഴിയിൽ ഇറക്കിവിട്ടു; ഭാര്യയുടെ മൃതദേഹം തോളിലേറ്റി നടന്ന് യുവാവ്
അസുഖബാധിതയായ ഭാര്യയുടെ ചികിത്സക്കാണ് അയൽ സംസ്ഥാനമായ ആന്ധ്രാപ്രദേശിലെ ആശുപത്രിയിലെത്തിയത്


നബരംഗ്പൂർ: ഓട്ടോറിക്ഷ ഡ്രൈവർ ഇറക്കിവിട്ടതിനെ തുടർന്ന് ഭാര്യയുടെ മൃതദേഹം കിലോമീറ്ററോളം ചുമന്ന് യുവാവ്. ഒഡീഷയിലെ കോരാപുട്ട് ജില്ലയിൽ നിന്നുള്ള 35 കാരനായ സാമുലു പാംഗിയാണ് ഭാര്യയായ ഐഡെ ഗുരുവിന്റെ (30) മൃതദേഹവുമായി കിലോമീറ്ററുകൾ നടന്നത്.
അസുഖബാധിതയായ ഭാര്യയുടെ ചികിത്സക്കാണ് അയൽ സംസ്ഥാനമായ ആന്ധ്രാപ്രദേശിലെ ആശുപത്രിയിലെത്തിയത്. മരുന്നുകളോട് പ്രതികരിക്കാതായതോടെ യുവതിയെ വീട്ടിലേക്ക് കൊണ്ടുപോകാൻ വിശാഖപട്ടണം ജില്ലയിലെ സാംഗിവലസയിലെ ആശുപത്രി അധികൃതർ പറഞ്ഞു. തുടർന്ന് ഓട്ടോറിക്ഷ വിളിച്ച് നാട്ടിലേക്ക് പോകുന്നതിനിടെ ഭാര്യ മരിക്കുകയും ചെയ്തു. വിജയനഗരത്തിന് സമീപം ഗുരു പാതിവഴിയിൽ ഭാര്യ മരിച്ചതെന്ന് പാംഗി പറയുന്നു.
എന്നാൽ ഇനി യാത്ര തുടരാനാകില്ലെന്ന് ഡ്രൈവർ തീർത്തുപറയുകയുംഇവരെ ചെല്ലൂർ റിങ് റോഡിൽ ഇറക്കി വിടുകയും ചെയ്തു.മറ്റൊരു വഴിയും കാണാത്ത സാമുലു ഭാര്യയുടെ മൃതദേഹം തോളിലേറ്റി 80 കിലോമീറ്റർ അകലെയുള്ള വീട്ടിലേക്ക് നടക്കാൻ തുടങ്ങി. മൃതദേഹം ചുമന്ന് വരുന്ന സാമുലു പാംഗിയെ കണ്ട ആന്ധ്ര പൊലീസുകാർ കാര്യം അന്വേഷിച്ചു. ഇയാളുടെ അവസ്ഥ മനസിലാക്കിയ പൊലീസുകാർ വീട്ടിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് ഏർപ്പെടുത്തുകയായിരുന്നു.
സാമുലു എന്താണ് പറയുന്നതെന്ന് ആദ്യം ആന്ധ്രാപ്രദേശ് പൊലീസുകാർക്ക് മനസിലായില്ല. ഒഡീഷ്യ ഭാഷയല്ലാതെ സാമുലുവിന് അറിയില്ലായിരുന്നു. ഒടുവിൽ അവരുടെ ഭാഷ മനസ്സിലാക്കുന്ന ഒരാളെ പൊലീസ് പിന്നീട് കണ്ടെത്തി. അയാളിൽ നിന്നാണ് കാര്യങ്ങൾ മനസിലാക്കിയതെന്ന് റൂറൽ സർക്കിൾ ഇൻസ്പെക്ടർ ടി വി തിരുപതി റാവുവും ഗന്ത്യഡ സബ് ഇൻസ്പെക്ടർ കിരൺ കുമാറും പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു. പൊലീസിന്റെ സഹായത്തിന് സാമുലു നന്ദി പറഞ്ഞു. സമയോചിതമായി ഇടപെട്ട പൊലീസിനെ നാട്ടുകാരും അഭിനന്ദിച്ചു.
2016-ൽ ആംബുലൻസ് നിഷേധിച്ചതിനെ തുടർന്ന് ഭാര്യയുടെ മൃതദേഹം തോളിൽ ചുമന്ന് 12 കിലോമീറ്ററോളം നടന്നസംഭവവും അന്താരാഷ്ട്ര തലക്കെട്ടുകളിൽ ഇടം നേടുകയും ഒഡീഷ സർക്കാരിന് നാണക്കേടുണ്ടാക്കുകയും ചെയ്തിരുന്നു.