ഒഡീഷ ട്രെയിന്‍ ദുരന്തം: റെയിൽവേ ജീവനക്കാരുടെ മൊബൈൽ ഫോണുകൾ സി.ബി.ഐ പിടിച്ചെടുത്തു
കോറമണ്ഡൽ എക്സ്പ്രസിന്റെ ലോക്കോ പൈലറ്റിനെ ഉടൻ ചോദ്യം ചെയ്യും
ന്യൂഡല്‍ഹി: ഒഡീഷ ട്രെയിന്‍ ദുരന്തവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ആറ് റെയിൽവേ ജീവനക്കാരുടെ മൊബൈൽ ഫോണുകൾ സി.ബി.ഐ പിടിച്ചെടുത്തു. മുൻ സ്റ്റേഷൻ മാസ്റ്റർ ഉൾപ്പെടെ ആറുപേരെ ചോദ്യം ചെയ്തു.കോറമണ്ഡൽ എക്സ്പ്രസിന്റെ ലോക്കോ പൈലറ്റിനെ ഉടൻ ചോദ്യം ചെയ്യുമെന്നും സിബിഐ വൃത്തങ്ങൾ അറിയിച്ചു.
ട്രെയിൻ ദുരന്തത്തിൽ സിബിഐ കൂടുതൽപ്പേരുടെ മൊഴിയെടുക്കും. അട്ടിമറി സാധ്യത ഉൾപ്പെടെ സംശയിക്കുന്നതിനാൽ സാങ്കേതിക പരിശോധനകളും നടത്തും. ഇൻറർലോക്കിങ് സിഗ്‌നൽ സംവിധാനത്തിലുണ്ടായ തകരാറ് മാത്രമാണോ അപകടകാരണമായാതെന്ന് പരിശോധിക്കും. വളരെ വേഗം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് ലക്ഷ്യം.റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെയും സിബിഐ കേസ് എടുക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
അതേസമയം, ദുരന്തത്തിൽ മരിച്ച 80 പേരുടെ മൃതദേഹങ്ങൾ കൂടി ഇനി തിരിച്ചറിയാനുണ്ടെന്ന് സർക്കാർ അറിയിച്ചു.അപകടത്തിൽ പരിക്കേറ്റ 200 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ പലരുടെയും നില ഗുരുതരമാണ്. അപകടം നടന്ന് ആറാം ദിവസത്തിലും ബന്ധുക്കളെ തേടി നിരവധി പേരാണ് ആശുപത്രികളിൽ എത്തുന്നത്. മൃതദേഹങ്ങൾ തിരിച്ചറിയാൻ വേണ്ടി ഡിഎൻഎ പരിശോധന നടക്കുന്നുണ്ട്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായം എത്രയും വേഗം നൽകണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു.