ഒഡിഷ ട്രെയിൻ അപകടം; ചർച്ചയായി ലാൽ ബഹ്ദൂർ ശാസ്ത്രിയുടെ രാജി

1956 ൽ നടന്ന ട്രെയിൻ അപകടത്തിന്‍റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് അന്നത്തെ റെയിൽവെ മന്ത്രിയായ ലാൽ ബഹ്ദൂർ ശാസ്ത്രി രാജി വെച്ചിരുന്നു.

Update: 2023-06-03 15:47 GMT
Advertising

ഡൽഹി: ഒഡിഷയിലെ ട്രെയിൻ അപകടത്തിന് പിന്നാലെ മദ്രാസ് ട്രെയിൻ അപകടത്തിന്‍റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെച്ച ലാൽ ബഹദൂർ ശാസ്ത്രിയെക്കുറിച്ചുള്ള ചർച്ചകള്‍ വ്യാപകമാവുകയാണ്. 1956 ൽ നടന്ന ട്രെയിൻ അപകടത്തിന്‍റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് അന്നത്തെ റെയിൽവെ മന്ത്രിയായ ലാൽ ബഹ്ദൂർ ശാസ്ത്രി രാജി വെച്ചിരുന്നു. ലാൽ ബഹ്ദൂർ ശാസ്ത്രിയെ പോലെ 1999 നടന്ന അപകടത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് നിതീഷ് കുമാറും രാജിവെച്ചിരുന്നു.

1956 സെപ്തംബറിൽ മെഹ്ബൂബ് നഗർ ട്രെയിൻ അപകടത്തിൽ 112 പേർ മരിച്ചപ്പോള്‍ അന്നത്തെ റെയിൽവെ മന്ത്രിയായ ലാൽ ബഹ്ദൂർ ശാസ്ത്രി പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിന് സ്വമേധയാ രാജി സമർപ്പിച്ചു. എന്നാൽ പ്രധാനമന്ത്രി രാജി സ്വീകരിച്ചില്ല.

മൂന്ന് മാസത്തിന് ശേഷം നവംമ്പർ 23 ന് തമിഴ്നാട്ടിലെ അരിയാളൂരിൽ നടന്ന ട്രെയിൻ അപകടത്തിൽ 114 പേർ കൂടി മരണപ്പെട്ടതോടെ ലാൽ ബഹ്ദൂർ ശാസ്ത്രി തന്‍റെ രാജിയിൽ ഉറച്ച് നിന്നു. ആ തീരുമാനത്തിന് മുന്നിൽ വഴങ്ങേണ്ടി വന്ന നെഹ്റു രാജി സ്വീകരിച്ചതിന് ശേഷം പാർലമെന്‍റിൽ പറഞ്ഞത് ഇങ്ങനെയാണ് 'അപകടത്തിൽ ശാസ്ത്രിക്ക് ഒരു പങ്കുമില്ല, രാജി വക്കേണ്ട കാര്യവുമില്ല. എന്നാൽ ഭരണഘടനാപരമായ മര്യാദക്ക് ഉദാഹരണവും അടിത്തറയും സൃഷ്ടിക്കുന്നതിനായി ശാസ്ത്രിയുടെ രാജി സ്വീകരിക്കുന്നു'.

43 വർഷങ്ങള്‍ക്ക് ശേഷം സമാനമായ മറ്റൊരു രാജി കൂടി ഉണ്ടായി. 1999 ആഗസ്റ്റിൽ 290 പേരുടെ ജീവൻ കവർന്ന അസമിലെ ഗൈസൽ ട്രെയിൻ അപകടത്തിന്‍റെ ഉത്തരവാദിത്തം എറ്റെടുത്ത് റെയിൽവെ മന്ത്രി ആയിരുന്ന ഇന്നത്തെ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വാജ്പേയ് മന്ത്രി സഭയിൽ നിന്ന് രാജിവെച്ചതാണ്. 

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News