കുട്ടികൾ ഭയന്ന് സ്‌കൂളിലെത്തുന്നില്ല; മൃതദേഹങ്ങൾ സൂക്ഷിച്ച ബാലസോറിലെ സ്‌കൂൾ കെട്ടിടം പൊളിക്കും

അപകടം നടന്ന ഉടനെ രക്ഷാപ്രവർത്തകർ കിട്ടിയ മൃതദേഹങ്ങളെല്ലാം ആദ്യം സൂക്ഷിച്ചത് ബഹനാഗ നോഡൽ ഹൈസ്‌കൂളിലായിരുന്നു

Update: 2023-06-09 05:38 GMT
Editor : Lissy P | By : Web Desk
Advertising

ഭുവനേശ്വർ: ജൂൺ രണ്ടിന് രാജ്യത്തെ നടക്കിയ ബാലസോർ ട്രെയിൻദുരന്തത്തിൽ 288 യാത്രക്കാരായിരുന്നു കൊല്ലപ്പെട്ടത്. ഒഡീഷയിലെ ബാലസോറിലെ ബഹാനാഗയിൽ മൂന്ന് ട്രെയിനുകളാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ തൊട്ടടുത്ത ബഹനാഗ നോഡൽ സ്‌കൂളിലായിരുന്നു സൂക്ഷിച്ചിരുന്നത്. സർക്കാർ സ്‌കൂളിലെ ക്ലാസ് മുറികളായിരുന്നു താൽക്കാലിക മോർച്ചറികളാക്കിയത്. ഈ സ്‌കൂൾ കെട്ടിടം പൊളിക്കാനൊരുങ്ങുന്നു. സ്‌കൂളിലേക്ക് പോകില്ലെന്ന് പറഞ്ഞ് രക്ഷിതാക്കളും വിദ്യാർഥികളും ചില അധ്യാപകരും രംഗത്തെത്തിയതോടെയാണ് തീരുമാനം. 65 വർഷം പഴക്കമുള്ളതാണ് സ്‌കൂൾ കെട്ടിടം

വേനലവധി കഴിഞ്ഞ് ജൂൺ 16 നാണ് സ്‌കൂൾ തുറക്കുന്നത്. അപകടം നടന്ന സ്ഥലത്ത് നിന്ന് 500 മീറ്റർ ദൂരം മാത്രമാണ് ബഹനാഗ നോഡൽ ഹൈസ്‌കൂളുള്ളത്. അപകടം നടന്ന ഉടനെ രക്ഷാപ്രവർത്തകർ കിട്ടിയ മൃതദേഹങ്ങളെല്ലാം ആദ്യം സൂക്ഷിച്ചതും ഈ സ്‌കൂളിലായിരുന്നു. പിന്നീടാണ് ബാലസോറിലെയും ഭുവനേശ്വറിലെയും ആശുപത്രികളിലെ മോർച്ചറികളിലേക്ക് മാറ്റിയത്. ആറ് ക്ലാസ് മുറികളിലും ഹാളുകളിലുമായിരുന്നു മൃതദേഹങ്ങൾ കിടത്തിയിരുന്നത്. എന്നാൽ എല്ലാ മൃതദേഹങ്ങളും ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെ സ്‌കൂളും ക്ലാസ് മുറികളും പലതവണ വൃത്തിയാക്കിയിരുന്നു. എന്നാൽ അന്നത്തെ നടുക്കുന്ന ദൃശ്യങ്ങൾ നാട്ടുകാരായ വിദ്യാർഥികളുടെയും അധ്യാപകരുടെയും മനസിൽ നിന്ന് മാഞ്ഞിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. ചിലരാകട്ടെ അന്ധവിശ്വാസത്തിന്റെ പുറത്താണ് സ്‌കൂളിലേക്ക് പോകാൻ മടിക്കുന്നത്.

സ്‌കൂൾ തുറക്കുമ്പോൾ എല്ലാവരും എത്തണമെന്ന് സ്‌കൂൾ കമ്മിറ്റിയും ജില്ലാ ഭരണകൂടവും അഭ്യർഥിച്ചു. ഭയവും അന്ധവിശ്വാസവും പ്രചരിപ്പിക്കരുതെന്ന് ബാലസോർ കലക്ടർ ദത്താത്രയ ഭൗസാഹേബ് ഷിൻഡെ അഭ്യർഥിച്ചു. യുവ മനസ്സുകളിൽ ശാസ്ത്രീയ മനോഭാവം വളർത്തിയെടുക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സംഭവിച്ചതിന്റെ യാഥാർത്ഥ്യം അംഗീകരിച്ച് മുന്നോട്ട് പോകണമെന്നും വിദ്യാർഥികൾക്കും അധ്യാപകർക്കും വിദഗ്ധ കൗൺസിലിംഗ് നൽകുമെന്നും സ്‌കൂൾ ആൻഡ് മാസ് എജ്യുക്കേഷൻ സെക്രട്ടറി എസ് അശ്വതി പറഞ്ഞു. കുട്ടികളിലുണ്ടാക്കിയ ആഘാതം വളരെകൂടുതലാണ്, അതിനാലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്ന ക്ലാസ് മുറികൾ പൊളിച്ച് പുതിയവ നിർമ്മിക്കാൻ ഞങ്ങൾ സർക്കാരിനോട് അഭ്യർത്ഥിച്ചതെന്ന് പ്രധാനാധ്യാപിക പ്രമീള സ്വയിൻ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News