ഓൺലൈൻ ഗെയിം കളിച്ചതിനെ എതിർത്തു; മാതാപിതാക്കളെയും സഹോദരിയെയും യുവാവ് തലക്കടിച്ച് കൊലപ്പെടുത്തി
ഒളിവിൽ പോയ പ്രതി സൂര്യകാന്ത് സേഥിയെ പൊലീസ് അറസ്റ്റ് ചെയ്തു


ഭുവനേശ്വർ: ഓൺലൈൻ ഗെയിം കളിച്ചത് എതിർത്തതിനെ തുടർന്ന് മാതാപിതാക്കളെയും സഹോദരിയെയും യുവാവ് തലക്കടിച്ച് കൊലപ്പെടുത്തി. പ്രശാന്ത് സേഥി (65), ഭാര്യ കനകലത സേഥി (62), മകൾ റോസലിൻ സേഥി (25) എന്നിവരാണ് കൊല്ലപ്പെട്ടത്. ഒളിവിൽ പോയ പ്രതി സൂര്യകാന്ത് സേഥിയെ (21) പൊലീസ് അറസ്റ്റ് ചെയ്തു.
ഒഡീഷയിലെ ജഗത്സിങ്പൂർ ജില്ലയിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. സൂര്യകാന്തിന് ഓൺലൈൻ ഗെയിം അഡിക്ഷൻ ഉണ്ടായിരുന്നു. അതിൽനിന്ന് പിന്തിരിപ്പിക്കാൻ കുടുംബം നിരന്തരം ശ്രമിച്ചതിന്‍റെ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
രാവിലെ രക്തത്തിൽ കുളിച്ചു കിടക്കുന്ന മൃതദേഹങ്ങൾ കണ്ട അയൽക്കാർ പൊലീസിനെ അറിയിക്കുകയായിരുന്നു. ഒളിവിൽ പോയ പ്രതിയെ മണിക്കൂറുകൾക്ക് ശേഷം ഒരു ഹൈസ്കൂളിന് സമീപത്തുനിന്ന് പിടികൂടുകയായിരുന്നു.
മൂർച്ഛയുള്ള വസ്തുക്കളോ, കല്ലോ ഉപയോഗിച്ചാവാം തലക്കടിച്ച് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമക നിഗമനം. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. യുവാവിന് മാനസിക പ്രശ്‌നങ്ങളുണ്ടോ എന്ന് പരിശോധിക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു.