ഏക്നാഥ് ഷിന്‍ഡേയെ മുഖ്യന്ത്രിയാക്കിയത് ഹൃദയഭാരത്തോടെ: ബി.ജെ.പി മഹാരാഷ്ട്ര അധ്യക്ഷന്‍
ബി.ജെ.പി സംസ്ഥാന നിര്‍വാഹക സമിതി യോഗത്തിലാണ് ചന്ദ്രകാന്ത് പാട്ടീല്‍ ഇക്കാര്യം പറഞ്ഞത്
മുംബൈ: കനത്ത ദുഃഖത്തോടെയാണ് ശിവസേന വിമതന്‍ ഏക്നാഥ് ഷിന്‍ഡെയെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാക്കിയതെന്ന് സംസ്ഥാനത്തെ ബി.ജെ.പി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍. ദേവേന്ദ്ര ഫട്നാവിസിനു പകരം ഷിന്‍ഡേയെ മുഖ്യമന്ത്രിയാക്കിയതിനെ കുറിച്ച് ബി.ജെ.പി സംസ്ഥാന നിര്‍വാഹക സമിതി യോഗത്തിലാണ് ചന്ദ്രകാന്ത് പാട്ടീല്‍ ഇങ്ങനെ പറഞ്ഞത്.
മഹാരാഷ്ട്ര നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി ബി.ജെ.പിയാണ്. 40 ശിവസേന എം.എല്‍.എമാരെ അടര്‍ത്തിയെടുത്താണ് ഷിന്‍ഡേ, ഉദ്ധവ് സര്‍ക്കാരിനെ താഴയിറക്കിയത്. ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫട്നാവിസ് മുഖ്യമന്ത്രിയാകുമെന്നാണ് ആദ്യ ഘട്ടത്തില്‍ പുറത്തുവന്ന വാര്‍ത്ത. അപ്രതീക്ഷിതമായാണ് ഏക്നാഥ് ഷിന്‍ഡേയെ മുഖ്യമന്ത്രിയാക്കിയത്. മുൻ മുഖ്യമന്ത്രി കൂടിയായ ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ബി.ജെ.പി അധ്യക്ഷൻ ജെ പി നദ്ദ അറിയിക്കുകയായിരുന്നു.
"സ്ഥിരതയുള്ള ഒരു സര്‍ക്കാര്‍ വേണമെന്നുള്ളതുകൊണ്ടും എതിരാളികള്‍ക്ക് കൃത്യമായ സന്ദേശം നല്‍കണമെന്നുള്ളതു കൊണ്ടുമാണ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കാമെന്ന തീരുമാനത്തിലെത്തിയത്. കേന്ദ്ര നേതൃത്വവും ദേവേന്ദ്രജിയും ഏക്നാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കാൻ ഹൃദയഭാരത്തോടെയാണ് തീരുമാനിച്ചത്. ഞങ്ങൾക്ക് അതൃപ്തിയുണ്ടായെങ്കിലും തീരുമാനം അംഗീകരിക്കാൻ തീരുമാനിച്ചു"- ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞു.
അതേസമയം പാട്ടീലിന്‍റെ അഭിപ്രായത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ഇത് പാർട്ടിയുടെയോ പാട്ടീലിന്റെയോ സ്വന്തം നിലപാടല്ലെന്നും സാധാരണ പ്രവർത്തകരുടെ വികാരമാണ് അദ്ദേഹം പ്രകടിപ്പിച്ചതെന്നും ബി.ജെ.പി സംസ്ഥാന നേതാവ് ആശിഷ് ഷെലാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അതേസമയം മഹാരാഷ്ട്രയിലെ ബി.ജെ.പി അധ്യക്ഷന്‍ തന്നെ ഇത്തരത്തില്‍ പ്രസ്താവന നടത്തിയതില്‍ നിന്നും ബി.ജെ.പിക്ക് ഷിന്‍ഡേ വിഭാഗത്തോടുള്ള അതൃപ്തിയാണ് പുറത്തുവന്നതെന്ന് ആരോപണമുണ്ട്.
'ഞങ്ങള്‍ക്കെല്ലാം ദു:ഖമുണ്ടായിരുന്നു. എന്നാല്‍ തീരുമാനത്തെ അംഗീകരിച്ച് മുന്നോട്ടുപോകുക മാത്രമാണ് വഴി. ഈ യാത്രയെ മുന്നോട്ട് കൊണ്ടുപോകേണ്ടത് അനിവാര്യമാണ്' എന്നും ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു.
മഹാരാഷ്ട്രയില്‍ ഷിന്‍ഡെ സര്‍ക്കാര്‍ ആറ് മാസത്തിലധികം നിലനില്‍ക്കില്ലെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ പറഞ്ഞിട്ടുണ്ട്. ഇടക്കാല തെരഞ്ഞെടുപ്പിന് മഹാരാഷ്ട്ര തയ്യാറാവണമെന്നും ശരദ് പവാര്‍ പറഞ്ഞു. എന്നാല്‍ തങ്ങളാണ് യഥാര്‍ഥ ശിവസേനയെന്നും സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്നും ഏക്നാി ഷിന്‍ഡെ അവകാശപ്പെട്ടു.