പഞ്ചാബ് മുഖ്യമന്ത്രിയുടെ റാലിക്കിടെ പ്രതിഷേധം; അധ്യാപകരെ വലിച്ചിഴച്ചും വായില്‍ തുണി തിരുകിക്കയറ്റിയും പൊലീസ്
ബുധനാഴ്ച സംഗൂരില്‍ നടന്ന റാലിക്കിടെയാണ് തൊഴില്‍രഹിതരായ അധ്യാപകര്‍ പ്രതിഷേധിച്ചത്
പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയുടെ റാലിക്കിടെ അധ്യാപകരുടെ പ്രതിഷേധം. ബുധനാഴ്ച സംഗൂരില്‍ നടന്ന റാലിക്കിടെയാണ് തൊഴില്‍രഹിതരായ അധ്യാപകര്‍ പ്രതിഷേധിച്ചത്. റാലിയില്‍ തടിച്ചുകൂടിയ അധ്യാപകരെ വളരെ ക്രൂരമായിട്ടാണ് പൊലീസ് നേരിട്ടത്. സ്ത്രീകളും പുരുഷന്‍മാരുമടങ്ങുന്ന കൂട്ടത്തെ വലിച്ചിഴക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു.
യുപിയില്‍ സ്ത്രീകളുടെ അവകാശത്തിനു വേണ്ടി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി നടത്തുന്ന 'ഞാനൊരു പെണ്‍കുട്ടിയാണ്, എനിക്ക് പോരാടാന്‍ കഴിയും' എന്ന പ്രചരണത്തിനിടെയാണ് സ്വന്തം പാര്‍ട്ടിയില്‍ നിന്നും പ്രിയങ്കക്ക് വെല്ലുവിളി നേരിട്ടത്. ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചു മുന്നേറുന്ന അധ്യാപക സംഘത്തെ പൊലീസ് തടയുന്നതിന്‍റെ അസ്വസ്ഥത ജനിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മുഖ്യമന്ത്രിയെയും പഞ്ചാബ് സർക്കാരിനെയുമെതിരെയുള്ള മുദ്രാവാക്യങ്ങൾ മുഴങ്ങിയപ്പോൾ പ്രതിഷേധക്കാരുടെ വായില്‍ പൊലീസ് തുണി തിരുകിക്കയറ്റുകയാണ് ചെയ്തത്.
കോൺഗ്രസ് സർക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുന്നതിനിടയിൽ ഒരു പൊലീസുകാരന്‍ പ്രതിഷേധക്കാരിയുടെ വസ്ത്രം വലിച്ചുപിടിക്കുന്നുമുണ്ട്. പിന്നീട് ഇവരെ പൊലീസ് വാഹനത്തിലേക്ക് വലിച്ചിഴക്കുകയും അവിടെയും മുദ്രാനവാക്യം തുടര്‍ന്നപ്പോള്‍ വനിത പൊലീസ് ഉദ്യോഗസ്ഥ വാഹനത്തിന്‍റെ ഷട്ടര്‍ ഇടുകയും ചെയ്തു. റാലിയിൽ പ്രതിഷേധിച്ച പുരുഷന്മാരെ മുഖ്യമന്ത്രിയുടെ അനുയായികൾ മർദ്ദിച്ചു. മുദ്രാവാക്യം വിളിക്കാതിരിക്കാന്‍ ഒരു പ്രതിഷേധക്കാരന്‍റെ വായ പൊത്തിപ്പിടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മറ്റുചിലർ പ്രതിഷേധക്കാരെ വായ്മൂടിക്കെട്ടി ട്രക്കിൽ കയറ്റാൻ പൊലീസിനെ സഹായിച്ചു.
നിലത്തുവീണ പ്രതിഷേധക്കാരന്‍റെ നെഞ്ചില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ മുട്ടുകാല്‍ കൊണ്ട് അമര്‍ത്തിപ്പിടിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഈ സമയം മുഖ്യമന്ത്രി ചരണ്‍ജിത് പ്രസംഗത്തിനായി വേദിയില്‍ തയ്യാറായി നില്‍ക്കുന്നതും കാണാം. അധ്യാപകര്‍ക്കെതിരായെ പൊലീസ് നടപടിയെ ബി.ജെ.പി വിമര്‍ശിച്ചു. സമൂഹമാധ്യമങ്ങളില്‍ പ്രിയങ്ക ഗാന്ധിക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
ചന്നിയെ പ്രതിഷേധക്കാരിൽ നിന്ന് രക്ഷിക്കാനുള്ള പഞ്ചാബ് പൊലീസിന്‍റെ ശ്രമങ്ങൾ വിമർശനത്തിന് വിധേയമാകുന്നത് ഇതാദ്യമല്ല. മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളിൽ പ്രതിഷേധക്കാരുടെ ശബ്ദം അടിച്ചമർത്താൻ ഉച്ചഭാഷിണിയിൽ സ്തുതിഗീതങ്ങളും ഭക്തിഗാനങ്ങളും കേള്‍പ്പിക്കാന്‍ പഞ്ചാബ് പൊലീസ് ഈ മാസം ആദ്യം വിചിത്രമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. വിമര്‍ശനങ്ങളെ തുടര്‍ന്ന് പിന്നീട് ഈ ഉത്തരവ് പിന്‍വലിച്ചിരുന്നു.