'താങ്കളുടെ കരുതലിന് നന്ദി; മോദിക്ക് കൂടി ഇക്കാര്യം പറഞ്ഞുകൊടുക്കണം'; ഗഡ്കരിക്ക് കോൺഗ്രസിന്റെ മറുപടി

ശനിയാഴ്ച പൂനെയിൽ മറാത്തി പത്രമായ ലോക്മതിന്റെ മാധ്യമപുരസ്‌കാര ചടങ്ങിന്റെ ഭാഗമായി നടന്ന ചോദ്യോത്തര പരിപാടിയിൽ സംസാരിക്കവെയാണ് ഗഡ്കരി കോൺഗ്രസ് നിലനിൽക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രസ്താവന നടത്തിയത്.

Update: 2022-03-28 12:06 GMT
Advertising

മുംബൈ: കോൺഗ്രസ് ശക്തിപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ പ്രസ്താവനക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് സച്ചിൻ സാവന്ത്. പ്രതിപക്ഷത്തെ തകർക്കാൻ ശ്രമിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കൂടി ഗഡ്കരി ഇക്കാര്യം പറഞ്ഞു കൊടുക്കണമെന്നായിരുന്നു മഹാരാഷ്ട്രയിലെ കോൺഗ്രസ് ജനറൽ സെക്രട്ടറി സച്ചിൻ സാവന്തിന്റെ പ്രതികരണം. ദേശീയ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് തങ്ങൾക്ക് ഭരണമില്ലാത്ത സംസ്ഥാനങ്ങളിൽ സർക്കാരുകളെ അപമാനിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

''ഗഡ്കരിജി കാണിച്ച ആശങ്കകളെ ഞങ്ങൾ അഭിനന്ദിക്കുന്നു. പക്ഷെ കേന്ദ്ര അന്വേഷണ ഏജൻസികളുടെ ചുമതല ഏറ്റെടുത്ത് പ്രതിപക്ഷ പാർട്ടികളെയും ജനാധിപത്യത്തെയും ഇല്ലാതാക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളെക്കുറിച്ചും അദ്ദേഹം തന്റെ നേതാവ് മോദിജിയോട് സംസാരിക്കണം''-സാവന്ത് പറഞ്ഞു.

സുപ്രിംകോടതി പോലും നിസ്സഹായരായതായി തോന്നുന്നു. നിങ്ങൾ അന്വേഷണ ഏജൻസികളെ ബിജെപി ഇതര പാർട്ടികളുടെ സർക്കാരുകളെ വേട്ടയാടാൻ ഉപയോഗിക്കുകയാണ്. കഴിഞ്ഞ എട്ട് വർഷമായി ഇത്തരത്തിലുള്ള രാഷ്ട്രീയമാണ് രാജ്യത്ത് നടക്കുന്നത്-അദ്ദേഹം കൂട്ടിച്ചേർത്തു.

ശനിയാഴ്ച പൂനെയിൽ മറാത്തി പത്രമായ ലോക്മതിന്റെ മാധ്യമപുരസ്‌കാര ചടങ്ങിന്റെ ഭാഗമായി നടന്ന ചോദ്യോത്തര പരിപാടിയിൽ സംസാരിക്കവെയാണ് ഗഡ്കരി കോൺഗ്രസ് നിലനിൽക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രസ്താവന നടത്തിയത്. കോൺഗ്രസ് ശക്തിപ്പെടേണ്ടത് ജനാധിപത്യത്തിന്റെ ആവശ്യമാണെന്ന് ഗഡ്കരി പറഞ്ഞു. നിരന്തര തോൽവികൾ കൊണ്ട് തകർന്ന കോൺഗ്രസ് കൂടുതൽ ശക്തിപ്പെടേണ്ടത് തന്റെ ആത്മാർഥമായ ആഗ്രഹമാണെന്നും ഗഡ്കരി പറഞ്ഞു. കോൺഗ്രസ് ദുർബലമായാൽ പ്രാദേശിക കക്ഷികൾ പ്രതിപക്ഷസ്ഥാനം ഏറ്റെടുക്കുമെന്നും അത് നല്ല സൂചനയല്ലെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് കൂടുതൽ ശക്തമാകണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു: നിതിൻ ഗഡ്കരി

മുംബൈ: കോൺഗ്രസ് ശക്തിപ്പെടേണ്ടത് ജനാധിപത്യത്തിന്റെ ആവശ്യമാണെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. നിരന്തര തോൽവികൾ കൊണ്ട് തകർന്ന കോൺഗ്രസ് കൂടുതൽ ശക്തിപ്പെടേണ്ടത് തന്റെ ആത്മാർത്ഥമായ ആഗ്രഹമാണെന്നും ഗഡ്കരി പറഞ്ഞു. കോൺഗ്രസ് ദുർബലമായാൽ പ്രാദേശികകക്ഷികൾ പ്രതിപക്ഷസ്ഥാനം ഏറ്റെടുക്കുമെന്നും അത് നല്ല സൂചനയല്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

ജനാധിപത്യം രണ്ട് ചക്രത്തിലാണ് മുന്നോട്ടുപോകുന്നത്. ഒന്ന് ഭരണകക്ഷിയും മറ്റൊന്ന് പ്രതിപക്ഷവും. ശക്തമായ പ്രതിപക്ഷം ജനാധിപത്യത്തിന് ആവശ്യമാണ്. അതുകൊണ്ടുതന്നെ കോൺഗ്രസ് ശക്തിപ്പെടണമെന്നത് എന്റെ ആത്മാർത്ഥമായ ആഗ്രഹമാണ്. കോൺഗ്രസ് ദുർബലമായാൽ ആ സ്ഥാനം പ്രാദേശികകക്ഷികൾ കൈയടക്കും. അത് ജനാധിപത്യത്തിന് നല്ലതല്ല. അതുകൊണ്ടുതന്നെ പ്രതിപക്ഷം ശക്തമാകണം-ഗഡ്കരി പറഞ്ഞു.

മറാത്തി പത്രമായ ലോക്മതിന്റെ മാധ്യമപുരസ്‌കാര ചടങ്ങിന്റെ ഭാഗമായി നടന്ന ചോദ്യോത്തര പരിപാടിയിൽ സംസാരിക്കവെയാണ് നിതിൻ ഗഡ്കരിയുടെ അഭിപ്രായപ്രകടനം. ''ജവഹർലാൽ നെഹ്‌റു ഒരു ഉദാഹരണമാണ്. അടൽബിഹാരി വാജ്‌പെയ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തോറ്റപ്പോഴും നെഹ്‌റു അദ്ദേഹത്തെ ആദരിച്ചു. അതിനാൽ ജനാധിപത്യത്തിൽ പ്രതിപക്ഷത്തിന്റെ പങ്ക് വളരെ പ്രധാനമാണ്. തെരഞ്ഞെടുപ്പ് പരാജയങ്ങളിൽ ഹൃദയം തകരാതെ പാർട്ടിക്കൊപ്പം തന്നെ നിൽക്കാൻ കോൺഗ്രസ് നേതാക്കൾ തയാറാകണം.'' ഗഡ്കരി ആവശ്യപ്പെട്ടു.

കോൺഗ്രസ് പ്രത്യയശാസ്ത്രം പിന്തുടരുന്നവർ പാർട്ടിയിൽ തന്നെ നിന്ന് തങ്ങളുടെ ബോധ്യത്തിൽ ഉറച്ചുനിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരാജയത്തിൽ നിരാശരാകാതെ പ്രവർത്തനം തുടരണം. ഇപ്പോൾ തോൽവിയാണെങ്കിൽ ഒരിക്കൽ ജയവുമുണ്ടാകും. പാർലമെന്റിലെ രണ്ട് സീറ്റിൽനിന്നാണ് പാർട്ടി പ്രവർത്തകരുടെ അധ്വാനം കൊണ്ട് ബി.ജെ.പിക്കൊരു പ്രധാനമന്ത്രിയുണ്ടായതെന്നും നിതിൻ ഗഡ്കരി ചൂണ്ടിക്കാട്ടി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News