കാമുകിയെ കാണാൻ കാൽനടയായി മുംബൈയിലേക്ക്, പാക്കിസ്ഥാൻ യുവാവ് അറസ്റ്റിൽ
രാജസ്ഥാൻ അതിർത്തിയിൽ വെച്ചാണ് 20കാരൻ പൊലീസിന്റെ പിടിയിലായത്
പ്രണയത്തിന് വേണ്ടി എന്ത് സാഹസത്തിനു മുതിരാനും ആളുകള്‍ മടിക്കാറില്ല. അത്തരം സാഹസങ്ങള്‍ ചിലപ്പോള്‍ ലക്ഷ്യം കാണാതെ പരാജയപ്പെടാറുണ്ട്. ലോക്ഡൗൺ സമയത്ത് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകിയെ കാണാൻ കാൽനടയായി മുബൈയിലേക്ക് പോകുകയായിരുന്ന പാക്കിസ്ഥാൻ യുവാവ് അത്തരത്തിലൊരു സാഹസത്തിന് മുതിർന്നെങ്കിലും രാജസ്ഥാൻ അതിർത്തിയിൽ വെച്ച് പൊലീസ് പിടിയിലായി. അതിർത്തിയിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള പാകിസ്ഥാൻ പഞ്ചാബിലെ ബഹവൽപൂർ ജില്ലയിലാണ് മുഹമ്മദ് അമീർ എന്ന 20 കാരൻ താമസിക്കുന്നത്. മുംബൈയിലെ കാണ്ടിവ്ലിയിൽ നിന്നുള്ള 20 കാരിയായ പെൺകുട്ടിയെ കാണാനാണ് 1,300 കിലോമീറ്ററോളം കാൽനടയായി യാത്ര ചെയ്യാൻ അമീർ തീരുമാനിച്ചത്. കാമുകിയെ കാണാൻ പുറപ്പെട്ടതാണെന്നെ യുവാവിന്റെ വാദം രാജസ്ഥാൻ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
കാമുകിയെ കല്യാണം കഴിക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായി അമീർ ഇന്ത്യൻ വിസക്ക് അപേക്ഷിച്ചിരുന്നു. എന്നാൽ അപേക്ഷ നിരസിക്കുകയായിരുന്നു. വിസ നിഷേധിച്ചതിനെ തുടർന്നാണ് പെൺകുട്ടിയെ കാണാൻ അതിർത്തി കടക്കാൻ പദ്ധതിയിട്ടത്. എങ്ങനെ മുംബൈയിൽ എത്തുമെന്ന് നിശ്ചയമില്ലാതിരുന്നതിനാലാണ് നടക്കാൻ തീരുമാനിച്ചതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.
ഇയാളുടെ അവകാശവാദം സ്ഥിരീകരിക്കാനും പെൺകുട്ടിയെ കണ്ടെത്താനും പ്രത്യേക പൊലീസ് സംഘത്തെ മുംബൈയിലേക്ക് അയച്ചിരുന്നു. അവർ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പറയുന്നതെല്ലാം സത്യമാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. സ്‌കൂൾ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച അമീർ ഒരു ദരിദ്ര കുടുംബത്തിൽ നിന്നുള്ളയാളാണെന്നും ഡിസംബർ മൂന്നിന് രാത്രി മാതാപിതാക്കളറിയാതെയാണ് ഗ്രാമം വിട്ടെന്നും പൊലീസ് പറഞ്ഞു. നിയമലംഘനത്തിനും മറ്റ് കുറ്റങ്ങൾക്കും യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്. ഇയാൾ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണെന്നാണ് ലഭിക്കുന്ന വിവരം.