'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' ഉടന്‍?; രാംനാഥ് കോവിന്ദ് കമ്മിറ്റി റിപ്പോർട്ടിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പ്രായോ​ഗികമാവില്ലെന്ന് കോൺ​ഗ്രസ്, എതിർപ്പുമായി പ്രതിപക്ഷം

Update: 2024-09-18 10:27 GMT
Advertising

ഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. രാംനാഥ് കോവിന്ദ് കമ്മിറ്റി നൽകിയ റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ചു. നിയമസഭാ ലോക്സഭാ തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്തുന്നതുമായി ബന്ധപ്പെട്ട് പഠനത്തിനാണ് രാംനാഥ് കോവിന്ദ് കമ്മറ്റി പ്രാധാന്യം നൽകിയത്. ബിൽ ശൈത്യകാല പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം.

രാജ്യത്താകമാനം ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കുമെന്ന് ബിജെപി നേരത്തെ വ്യക്തമാക്കിയിരുന്നു. ഓ​ഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിഷയം പരാമർശിച്ചതും ശ്രദ്ധേയമായിരുന്നു. ഇടയ്ക്കിടെയുള്ള തെരഞ്ഞെടുപ്പുകൾ രാജ്യത്തിന്റെ പുരോഗതിക്ക് തടസ്സങ്ങൾ സൃഷ്ടിക്കുന്നുവെന്നും ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പിന് വേണ്ടി ജനങ്ങൾ മുന്നോട്ട് വരണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി ഈ വർഷം മാർച്ച് 15ന് രാഷ്ട്രപതി ദ്രൗപതി മുർമുവിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. രാജ്യത്തെ തെരഞ്ഞെടുപ്പുകൾ ഒരേസമയം നടത്തുന്നത് ചെലവ് ചുരുക്കാനും വികസനം പ്രോത്സാഹിപ്പിക്കാനും സഹായിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

സംസ്ഥാന തെരഞ്ഞെടുപ്പ് അധികാരികളുമായി കൂടിയാലോചിച്ച് ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു പൊതു വോട്ടർ പട്ടികയും വോട്ടർ ഐഡി കാർഡുകളും തയ്യാറാക്കാനും സമിതി ശിപാർശ ചെയ്തു. 18 ഭരണഘടനാ ഭേദഗതികളും സമിതി ശിപാർശ ചെയ്തിട്ടുണ്ട്. അവയിൽ മിക്കതിനും സംസ്ഥാന നിയമസഭകളുടെ അംഗീകാരം ആവശ്യമില്ല എന്നതാണ് പ്രധാനം. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്.

എന്നാൽ പ്രതിപക്ഷം ഇതിനോട് എന്തുനിലപാട് സ്വീകരിക്കുമെന്നതാണ് ചർച്ചയാകുന്നത്. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം പ്രായോ​ഗികമാവില്ല എന്നാണ് കോൺ​ഗ്രസിന്റെ നിലപാട്. ഇപ്പോൾ ഉള്ള പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് കേന്ദ്ര സർക്കാറിന്റെ നീക്കമെന്നും ഇത് നടപ്പാക്കാൻ പോകുന്നില്ലെന്നും കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ പറഞ്ഞു.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിൽ ഇൻഡ്യാ മുന്നണി നേരത്തെ എതിർപ്പ് അറിയിച്ചതാണെന്നും ധൃതി പിടിച്ചെടുക്കേണ്ട തീരുമാനമല്ല ഇതെന്നും കോൺ​ഗ്രസ് നേതാവ് കെ.സി വേണു​ഗോപാൽ പറഞ്ഞു. എത്ര സംസ്ഥാനങ്ങളിലെ സർക്കാരുകളെ പിരിച്ച് വിടും?. ഒരു രാഷ്ട്രീയ പാർട്ടികളോടും ആലോചിക്കാതെ സമിതി റിപ്പോർട്ട് പരിഗണിച്ച് മുന്നോട്ടു പോകുന്നത് എങ്ങിനെ? അദ്ദേഹം ചോദിച്ചു.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കാൻ പറ്റാത്ത പദ്ധതിയെന്നാണ് തൃണമൂൽ കോൺ​ഗ്ര‌സിന്റെ അഭിപ്രായം. നാലു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഒരുമിച്ച് നടപ്പാക്കാൻ കഴിയാത്തവരാണ് ഇതിനെപ്പറ്റി സംസാരിക്കുന്നതെന്നും പുതിയതായി രൂപീകരിച്ച സർക്കാരുകളെ അസ്ഥിരപ്പെടുത്താനാണ് കേന്ദ്രസർക്കാർ നീക്കമെന്നും ‍ടിഎംസി ആരോപിച്ചു.

അതേസമയം കേവല ഭൂരിപക്ഷമില്ലാത്ത ബിജെപിക്ക് സഖ്യകക്ഷികളുടെ അഭിപ്രായം കൂടി പരി​ഗണിച്ചതിനു ശേഷമേ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാൻ സാധിക്കൂ. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തെ ഭൂരിഭാഗം രാഷ്ട്രീയ പാർട്ടികളും അനുകൂലിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. വിവിധ പാർട്ടികളുടെ നിർദേശങ്ങൾ മനസ്സിലാക്കിയാണ് കമ്മറ്റി റിപ്പോർട്ട് സമർപ്പിച്ചതെന്നും ജനാധിപത്യത്തെയും രാജ്യത്തെയും ബാധിച്ചേക്കാവുന്ന പ്രശ്നങ്ങളെപ്പറ്റി കമ്മറ്റി പഠിച്ചിട്ടുണ്ടെന്നും അശ്വനി വൈഷ്ണവ് പറഞ്ഞു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ പുരോഗതിക്കും കേന്ദ്ര-സംസ്ഥാന സൗഹൃദം വർധിപ്പിക്കുന്നതിനും കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

Full View
Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News