'ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്' ബിൽ പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്
ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം എല്ലാ സംസ്ഥാനങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പും നടത്താനാണ് പുതിയ നിയമത്തിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്.
ന്യൂഡൽഹി: 'ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്' ബിൽ സെപ്റ്റംബർ 18 മുതൽ 22 വരെ നടക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പും സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തുന്നതാണ് ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. മുമ്പ് പല തവണ മോദി സർക്കാർ ഈ ആശയം മുന്നോട്ടുവെച്ചിരുന്നു. നിയമ കമ്മീഷൻ ഇത് സംബന്ധിച്ച് പഠനം നടത്തുകയും ചെയ്തിരുന്നു.
നിലവിൽ ലോക്‌സഭയായാലും സംസ്ഥാന നിയമസഭകളായാലും അതതിന്റെ കാലാവധി കഴിയുമ്പോഴാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇത് മാറ്റി രാജ്യത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം എല്ലാ സംസ്ഥാനങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പും നടത്താനാണ് പുതിയ നിയമത്തിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്.
പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് പ്രത്യേക സമ്മേളനം ചേരുന്ന കാര്യം അറിയിച്ചത്. സമ്മേളനത്തിൽ എന്താണ് അജണ്ടയെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല. ഇതിന് പിന്നാലെയാണ് 'ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ് ബിൽ' ആണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
പ്രതിപക്ഷം നേരത്തെ ഇതിനെതിരെ വലിയ വിമർശനം ഉന്നയിച്ചിരുന്നു. ജനാധിപത്യം അട്ടിമറിക്കാനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ബി.ജെ.പിക്ക് സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളിൽ നേട്ടമുണ്ടാക്കാനാണ് പരിഷ്‌കാരത്തിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നതെന്നും വിമർശനമുണ്ട്. മാത്രമല്ല, ഇടക്കിടെ തെരഞ്ഞെടുപ്പുകൾ ഉണ്ടാവുമ്പോൾ കേന്ദ്രത്തിന് പല തീരുമാനങ്ങളിലും പിൻമാറേണ്ടി വരികയോ ലഘൂകരിക്കുകയോ ചെയ്യേണ്ടിവരാറുണ്ട്. അഞ്ചു വർഷം കേന്ദ്രത്തിലും സംസ്ഥാനത്തും തെരഞ്ഞെടുപ്പില്ലാതിരുന്നാൽ കേന്ദ്രം എല്ലാ തരത്തിലും സ്വന്തം താൽപര്യങ്ങൾ നടപ്പാക്കുമെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.