'ബീഫ് കഴിക്കുന്നവർ പാർലമെന്റിൽ ശിവന്റെ ചിത്രം ഉയർത്തിക്കാട്ടുന്നു, വെച്ചുപൊറുപ്പിക്കാനാവില്ല'; രാഹുലിനെതിരെ രാജസ്ഥാൻ ബി.ജെ.പി അധ്യക്ഷൻ
ഹിന്ദുക്കളെ ആരെങ്കിലും തീവ്രവാദികളായി മുദ്രകുത്തുകയും അക്രമകാരികളെന്ന് വിളിക്കുകയും രാമക്ഷേത്രത്തെ എതിർക്കുകയും ചെയ്താൽ നമ്മൾ മിണ്ടാതിരിക്കുമോയെന്നും സി.പി ജോഷി
ജയ്പൂർ: പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കെതിരെ പരോക്ഷ വിമർശനവുമായി രാജസ്ഥാൻ ബിജെപി അധ്യക്ഷൻ സി പി ജോഷി. ഗോമാംസം കഴിക്കുന്നവർ പാർലമെന്റിൽ ശിവന്റെ ചിത്രം ഉയർത്തിക്കാട്ടുകയാണെന്ന് പേര് പരാമർശിക്കാതെ സി.പി ജോഷി പറഞ്ഞു.ബുധനാഴ്ച ദൗസയിൽ നടന്ന പാർട്ടി യോഗത്തിലാണ് ജോഷി ഇക്കാര്യം പറഞ്ഞത്. അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു.
''ഇന്ത്യ-ചൈന പോരാട്ടത്തിൽ, രാജ്യാന്തര അതിർത്തിയിൽ സംഘർഷം നിലനിൽക്കുന്നു, രാഹുൽ ഗാന്ധി ചൈനീസ് അംബാസഡറോടൊപ്പം ഇരിക്കുന്നു... ബീഫ് കഴിക്കുന്ന ഒരാൾ മഹാദേവന്റെ ചിത്രം പാർലമെന്റിൽ കൊണ്ടുവരുന്നു. ഇത് വെച്ചുപൊറുപ്പിക്കാനാവില്ല,' ജോഷി പറഞ്ഞു.
'ഹിന്ദുക്കളെ ആരെങ്കിലും തീവ്രവാദികളായി മുദ്രകുത്തുകയും അക്രമകാരികളെന്ന് വിളിക്കുകയും രാമക്ഷേത്രത്തെ എതിർക്കുകയും ചെയ്താൽ നമ്മൾ മിണ്ടാതിരിക്കുമോ? പ്രസിഡന്റ് ദ്രൗപതി മുർമുവിനെ അവരുടെ നിറത്തിന്റെ പേരിൽ പരിഹസിക്കുന്നവർ നമ്മൾ നിശബ്ദരായി തുടർന്നാൽ വിജയിക്കും, ''അദ്ദേഹം പറഞ്ഞു.
ജൂലൈ 1 നായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗത്തിന് മേലുള്ള നന്ദിപ്രമേയ ചർച്ചയ്ക്കിടെ ഗാന്ധിജി, ഹിന്ദുമതം, ഇസ്ലാം, സിഖ്, ക്രിസ്തുമതം, ബുദ്ധമതം, ജൈനമതം എന്നിവയെ പരാമർശിക്കുന്ന ശിവൻ, ഗുരുനാനാക്ക്, യേശുക്രിസ്തു എന്നിവരുടെ ചിത്രങ്ങൾ ഉയർത്തിക്കാട്ടിയത്. നേരിടുന്ന ഒന്നിനെയും ഭയക്കരുത് എന്നാണ് ശിവന്റെ ചിത്രം നൽകുന്ന സന്ദേശമെന്നും രാഹുൽ പറഞ്ഞു. ശിവന്റെ അഭയമുദ്രയമാണ് കോൺഗ്രസിന്റെ ചിഹ്നമെന്നും രാഹുൽ അന്ന് പറഞ്ഞിരുന്നു. ഇത് ഏറെ വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. രാഹുൽ ഗാന്ധിയെ സഭയിൽ വെച്ച് തല്ലുമെന്ന് പറഞ്ഞ കർണാടകയിലെ ബി.ജെ.പി എം.എൽ.എ വൈ ഭരത് ഷെട്ടിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.