അവസാനം സോണിയയും രാഹുലും പ്രിയങ്കയും മാത്രമേ കോൺഗ്രസിൽ ബാക്കിയുണ്ടാകൂ: ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി
ഗുലാംനബി ആസാദിന്റെ രാജിയോട് പ്രതികരിക്കുകയായിരുന്നു കേശവ് പ്രസാദ് മൗര്യ
ലഖ്നൗ: ഗുലാം നബി ആസാദിന്റെ രാജിക്ക് പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. ഗുലാംനബി ആസാദിന്റെ രാജിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'കോൺഗ്രസിൽ നിന്ന് എല്ലാവരും സ്വതന്ത്രരാകുകയാണ്. ഗുലാം നബിയും അവരിലൊരാളാണ്. കുറച്ച് നാളുകൾക്ക് ശേഷം രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും മാത്രമേ പാർട്ടിയിലുണ്ടാകൂ എന്നാണ് ഞാൻ കരുതുന്നതെന്നും അദ്ദേഹം എ.എന്‍.ഐയോട് പറഞ്ഞു.
കഴിഞ്ഞദിവസമാണ് കോൺഗ്രസ് പാർട്ടിയുടെ തകർച്ചക്ക് രാഹുൽ ഗാന്ധിയുടെ പക്വതക്കുറവാണെന്നടക്കമുള്ള വിമർശനങ്ങളുന്നയിച്ച് മുതിർന്ന നേതാവ് ഗുലാനബി ആസാദ് രാജിവെച്ചത്. സോണിയാഗാന്ധി പേരിനുമാത്രമുള്ള അധ്യക്ഷയാണെന്നും കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് രാഹുൽഗാന്ധിയും അദ്ദേഹത്തിന്റെ അനുയായികളുമാണെന്നും അദ്ദേഹത്തിന്റെ രാജിക്കത്തിൽ പറയുന്നു. കോൺഗ്രസ് ഇനിയൊരിക്കലും തിരിച്ചുവരാൻ കഴിയാത്ത അവസ്ഥയിലെത്തിയെന്നും അദ്ദേഹം വിമർശനം ഉന്നയിച്ചിട്ടുണ്ട്.
അഞ്ചുപേജടങ്ങുന്ന രാജിക്കത്താണ് ഗുലാംനബി ആസാദ് സോണിയാഗന്ധിക്ക് സമർപ്പിച്ചത്. ജമ്മു കശ്മീരിലെ സംഘടനാ പദവിയിൽ നിന്ന് ആസാദ് രാജിവെച്ച് ദിവസങ്ങൾക്ക് ശേഷമാണ് നീണ്ടകാലത്തെ പാർട്ടിയുമായുള്ള ബന്ധം അവസാനിപ്പിച്ചത്. ഇതിന് പിന്നാലെ ആറ് കോൺഗ്രസ് എം.എൽ.എമാരും രാജിവെച്ചിരുന്നു.