ഓപ്പറേഷൻ കാവേരി: സുഡാനിൽ നിന്നുള്ള 16 ഇന്ത്യക്കാർ ലഖ്‌നൗവിലേക്ക്
ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങൾ പൗരന്മാരെ ഒഴിപ്പിക്കുന്ന സാഹചര്യത്തിൽ സുഡാനിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുകയാണ്
ഡൽഹി: ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് തുടരുകയാണ്. രക്ഷാദൗത്യമായ ഓപ്പറേഷൻ കാവേരിയിലൂടെ 16 ഇന്ത്യക്കാർ അടങ്ങുന്ന സംഘം സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്ന് ലഖ്‌നൗവിലേക്ക് പുറപ്പെട്ടു. എംഇഎയുടെ ഔദ്യോഗിക വക്താവ് അരിന്ദം ബാഗ്ചി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഇതിന് മുൻപ് 14 ഇന്ത്യക്കാരുമായുള്ള മറ്റൊരു വിമാനം ജിദ്ദയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ടതായും ബാഗ്ചി അറിയിച്ചു. ഇതിനിടെ, സുഡാനിൽ കുടുങ്ങിപ്പോയ 135 ഇന്ത്യക്കാരുടെ 22-ാമത്തെ ബാച്ച്, IAF C-130J വിമാനത്തിൽ സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് പുറപ്പെട്ടു. ബുധനാഴ്ച 62 ഇന്ത്യൻ പൗരന്മാർ ന്യൂഡൽഹിയിൽ എത്തിയിരുന്നു. നേരത്തെ ഇന്ത്യൻ നാവിക സേനയുടെ ഐഎൻഎസ് തേജ 288 പേരെയും ഐഎൻഎസ് സുമേദ 300 പേരെയും സുഡാനിൽനിന്നു രക്ഷപ്പെടുത്തിയിരുന്നു. ഓപ്പേറഷൻ കാവേരിയിലൂടെ 3000 പേരെ രക്ഷിക്കാനാണു കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച വരെ 2,400 ഇന്ത്യക്കാരെ സുഡാനിൽനിന്ന് രക്ഷപ്പെടുത്തിയതായി കേന്ദ്രം അറിയിച്ചു.
ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങൾ പൗരന്മാരെ ഒഴിപ്പിക്കുന്ന സാഹചര്യത്തിൽ സുഡാനിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുകയാണ്. യുദ്ധം ചെയ്യുന്ന രണ്ട് വിഭാഗങ്ങളായ സുഡാനീസ് ആംഡ് ഫോഴ്‌സും (എസ്‌എഎഫ്) അർദ്ധസൈനിക റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും (ആർഎസ്‌എഫ്) ഏഴ് ദിവസത്തെ വെടിനിർത്തലിനാണ് സമ്മതിച്ചിച്ചിരിക്കുന്നത്. മെയ് 4 മുതൽ 11 വരെയാണ് വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്.