കോൺഗ്രസ് ഇല്ലാത്ത പ്രതിപക്ഷ മുന്നണി നടപ്പുള്ള കാര്യമല്ല: എം.കെ സ്റ്റാലിൻ
"പ്രതിപക്ഷ ഐക്യം തകർക്കാൻ ബി.ജെ.പി ഏതറ്റം വരെയും പോകും. ജനങ്ങൾ ഇതെല്ലാം നിശ്ശബ്ദരായി കാണുന്നുണ്ട്."
ബി.ജെ.പിയെ അധികാരത്തിൽ നിന്നു പുറത്താക്കാനുള്ള പ്രതിപക്ഷ മുന്നണിയിൽ കോൺഗ്രസ് ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ തലവനുമായ എം.കെ സ്റ്റാലിൻ. ബി.ജെ.പിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഒരൊറ്റ മുന്നണിയായി നിലനിൽക്കണമെന്നും അതിൽ കോൺഗ്രസ് ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണെന്നും 'ദി ഹിന്ദു' വിന് നൽകിയ അഭിമുഖത്തിൽ സ്റ്റാലിൻ പറഞ്ഞു.
'അഖിലേന്ത്യാ തലത്തിൽ ബി.ജെ.പി വിരുദ്ധ മുന്നണി കെട്ടിപ്പടുക്കാൻ ഡി.എം.കെയ്ക്ക് താൽപ്പര്യമുണ്ട്. പല പാർട്ടികളിലെയും അഖിലേന്ത്യാ നേതാക്കളും സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും വന്ന് എന്നെ കാണുന്നുണ്ട്. ബി.ജെ.പിക്കെതിരെ ഒരൊറ്റ മുന്നണി വേണമെന്ന് ഞാൻ വാശി പിടിക്കുന്നു. അതേസമയം, കോൺഗ്രസിനെ ഉൾപ്പെടുത്താതെ ഒരു മൂന്നാം മുന്നണി എന്ന നിർദേശം ഞാൻ പൂർണമായും നിരസിക്കുകയാണുണ്ടായത്. കോൺഗ്രസ് അടങ്ങുന്ന ഒരു ടീമിന് മാത്രമേ ബി.ജെ.പിയെ പരാജയപ്പെടുത്താൻ കഴിയൂ എന്നതാണ് എന്റെ നിലപാട്. അത് രഹസ്യമല്ല, പല പൊതു പ്ലാറ്റ്‌ഫോമുകളിലും ഞാൻ പറഞ്ഞിട്ടുണ്ട്.'
ഗവർണറെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും ഉപയോഗിച്ച് കേന്ദ്രസർക്കാർ തന്റെ സർക്കാറിനെ വേട്ടയാടുകയാണെന്നും പ്രതിപക്ഷ ഐക്യത്തിനായി നടത്തുന്ന ശ്രമങ്ങളിൽ നിന്ന് തന്നെ പിന്തിരിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നും സ്റ്റാലിൻ ആരോപിച്ചു.
'പട്‌നയിലെ പ്രതിപക്ഷ യോഗത്തിൽ, വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ എങ്ങനെ വേണം പ്രതിപക്ഷ കക്ഷികൾ നേരിടാൻ എന്ന കാര്യത്തിൽ എന്റെ നിലപാട് ഞാൻ വ്യക്തമാക്കിയിരുന്നു. മൂന്ന് മാർഗങ്ങളാണ് ഞാൻ മുന്നോട്ടുവച്ചത്. അക്കാര്യം ഞാൻ പത്രസമ്മേളനത്തിൽ വ്യക്തമായി പറയുകയും ചെയ്തു. അതെല്ലാം ബി.ജെ.പിയെ വല്ലാതെ പ്രകോപിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഡി.എം.കെ മന്ത്രിമാരെ അവർ ലക്ഷ്യംവെക്കുന്നത്.'
'അതുകൊണ്ടൊന്നും ഞങ്ങൾ ഞങ്ങളുടെ രാഷ്ട്രീയ നിലപാട് മാറ്റാൻ പോകുന്നില്ല. ബി.ജെ.പിയുടെ ക്രൂരമായ ആക്രമണത്തിന് ശേഷമാണ് ഞങ്ങളുടെ നിലപാടുകളിലെ വേഗത വർദ്ധിച്ചതെന്ന് ഞാൻ കരുതുന്നു. പ്രതിപക്ഷ പാർട്ടികളുടെ ഐക്യം തകർക്കാൻ ബി.ജെ.പി ഏത് തരത്തിലുള്ള തന്ത്രങ്ങളും പ്രയോഗിക്കും. അതിന്റെ ഒരു ഭാഗമാണ് മഹാരാഷ്ട്രയിൽ കാണുന്നത്. ബി.ജെ.പിയുടെ എല്ലാ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങളും ജനങ്ങൾ നിശബ്ദമായി വീക്ഷിക്കുകയാണ്. ജനങ്ങളുടെ നിശ്ശബ്ദത എല്ലാ ഫാസിസ്റ്റുകളെയും ഭയപ്പെടുത്തിയിട്ടുണ്ട്. ജനങ്ങൾ വോട്ടിലൂടെ പ്രതികരിക്കും. അതുകൊണ്ട് പ്രതിപക്ഷ പാർട്ടികളുടെ ഐക്യം തകർക്കാൻ ബി.ജെ.പി നടത്തുന്ന ശ്രമങ്ങളൊന്നും ഫലിക്കാൻ പോകുന്നില്ല.' - സ്റ്റാലിൻ പറഞ്ഞു.